Advertisement

‘സ്‌കൂൾ കാലഘട്ടത്തിൽ എല്ലാവരും മിടുക്കരാകണമെന്നില്ല’; ക്യാപ്റ്റൻ വരുൺ സിംഗ് എഴുതിയ കത്ത്

December 10, 2021
Google News 2 minutes Read
varun singh letter to school

കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അടുത്തയിടെ താൻ പഠിച്ച സ്‌കൂളിന്റെ പ്രിൻസിപ്പലിന് അയച്ച കത്ത് അത്യന്തം ഹൃദയസ്പർശിയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ കൈയിൽ നിന്ന് ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയതിലുള്ള അഭിമാനം സ്ഫുരിക്കുന്ന കത്താണ് വരുൺ സിംഗ് ഹരിയാണയിലെ ചാന്ദിമന്ദിറിലുള്ള ആർമി പബ്ലിക് സ്‌കൂളിന് അയച്ചത്. ( varun singh letter to school )

സ്‌കൂൾ പഠനകാലത്ത് താൻ എത്രമാത്രം സാധാരണ വിദ്യാർത്ഥിയായിരുന്നുവെന്ന് വരുൺ സിംഗ് പ്രിൻസിപ്പലിന് അയച്ച കത്തിൽ പറയുന്നു. പാഠ്യേതര പ്രവൃത്തികളിലോ കായിക മത്സരങ്ങളിലോ താൻ മിടുക്കനായിരുന്നില്ല. എന്നാൽ ഇന്ന് താൻ ഈ കത്തെഴുതുന്നത് അത്യധികം അഭിമാനത്തോടെയാണ്. തന്റെ നേട്ടങ്ങൾക്ക് പിറകിൽ പഠിച്ച സ്‌കൂളിലെയും എൻഡിഎയിലെയും അധ്യാപകരും വ്യോമസേനയിലെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരുമാണെന്നും വരുൺ സിംഗ് കത്തിൽ പറയുന്നു. പഠിക്കുന്ന കാലത്ത് വിമാനങ്ങളോടും വൈമാനികൻമാരോടും വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടമാണ് തനിക്ക് വ്യോമസേനയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് സഹായകമായത്.

വെറും സാധാരണക്കാരനായി ജീവിക്കാനുള്ള കഴിവെ തനിക്കുള്ളൂവെന്ന തോന്നൽ മാറ്റിയത് കഠിനാദ്ധ്വാനത്തിലൂടെയാണെന്ന് വരുൺ പറയുന്നു. ചെയ്യുന്ന ജോലി ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തതോടെ ആത്മവിശ്വാസമായി. വ്യോമസേനയിലെ പൈലറ്റ് കോഴ്‌സിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അപൂർവം പേരിലൊരാളാകാൻ കഴിഞ്ഞു. പിന്നീട് വിദേശത്ത് പോയി പഠിക്കാൻ അവസരം ലഭിച്ചു. തുടർന്ന് സീനിയർ ഉദ്യോഗസ്ഥർക്ക് മാത്രം അവസരം ലഭിക്കുന്ന തേജസ് എയർക്രാഫ്റ്റ് സ്‌ക്വാഡ്രണിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചു.

2020 ഒക്ടോബർ 20ന് സാങ്കേതിക തകരാറുമൂലം അപകടത്തിലായ തേജസ് യുദ്ധവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ തനിക്കായി. ഇതിനാണ് ധീരതയ്ക്കുള്ള ശൗര്യചക്ര തന്നെ തേടിയെത്തിയതെന്നും വരുൺ സിംഗ് കത്തിൽ പറയുന്നു. ഇത്രയും പറഞ്ഞത് താൻ പഠിച്ച സ്‌കൂളിലെ കുട്ടികൾക്ക് പ്രചോദനമാകുന്നതിനുവേണ്ടിയാണ്. പഠിക്കുന്ന കാലത്ത് ശരാശരി വിദ്യാർത്ഥിയാകുന്നതിൽ തെറ്റില്ല. എന്നാൽ പിന്നീട് പ്രവർത്തിക്കുന്ന മേഖലയിൽ കഠിനാദ്ധ്വാനം ചെയ്താൽ മികച്ച ഫലമുണ്ടാക്കാനാകുമെന്നാണ് തന്റെ ജീവിതം തെളിയിക്കുന്നത്.

Read Also : സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാർലമെൻറിൽ പ്രസ്‌താവന നടത്തും

ഒരിക്കലും പ്രതീക്ഷ കൈവിടരുത്. നിരന്തരം പ്രയത്‌നിക്കുക. നിങ്ങൾക്ക് ഉയരങ്ങളിലെത്താനാകും. ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് തങ്ങൾ പിന്നിലാകുമെന്ന് കരുതുന്ന വിദ്യാർത്ഥികൾക്ക് തന്റെ ജീവിതം പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നതായും വരുൺ സിംഗ് കത്തിൽ പറയുന്നു. ഇക്കാര്യം കുട്ടികളോട് പറയണമെന്ന് പ്രിൻസിപ്പലിനോട് വരുൺ അഭ്യർത്ഥിക്കുന്നു. ജീവിതത്തിലെ നേട്ടങ്ങൾക്കെല്ലാം കാരണം തന്നെ പഠിപ്പിച്ച അധ്യാപകരാണെന്ന വാചകത്തോടെയാണ് വരുൺ സിംഗ് കത്ത് അവസാനിപ്പിക്കുന്നത്.

Story Highlights : varun singh letter to school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here