കുനൂരിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ സംസ്കാരം ഇന്ന് നടന്നേക്കും
കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്കാരം ഇന്ന് നടന്നേക്കും. ഡൽഹിയിൽ നിന്ന് മൃതദേഹം വിട്ടു കിട്ടുന്നത് വെെകിയാൽ സംസ്കാരം ഞായറാഴ്ച നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ സുലൂരിൽ ഇന്ന് രാവിലെ പ്രദീപിന്റെ മൃതദേഹം എത്തുമെന്നാണ് ഏറ്റവും ഒടുവിൽ കുടുംബത്തിന് ലഭിച്ച വിവരം. ഡൽഹിയിൽ നിന്ന് സുലൂരിൽ എത്തിച്ച ശേഷം റോഡ് മാർഗം പ്രദീപിന്റെ ജന്മനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് കാെണ്ട് വരും. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിലും തുടർന്ന് വീട്ടിലും പാെതു ദർശനത്തിന് വെയ്ക്കും. പിന്നീട് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. (jwo pradeep cremation today)
ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. രണ്ടാഴ്ച മുൻപായിരുന്നു അച്ഛന് സുഖമില്ലാത്തതിനാൽ ഫ്ളൈറ്റ് ഗണ്ണറായ എ. പ്രദീപ് അവധിക്ക് ജന്മനാട്ടിൽ എത്തിയത്. അപകട വിവരം അറിഞ്ഞ ഉടനെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്‌റേറ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.
Read Also : ഹെലികോപ്റ്റർ അപകടം; സംയുക്തസേനയുടെ പരിശോധനകൾ ഇന്നും തുടരും
അതേസമയം ഹെലികോപ്റ്റർ അപടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ 17 ഗൺ സല്യൂട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശസേനാ തവന്മാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാനെത്തി.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചു. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരും കൊല്ലപ്പെട്ടു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Story Highlights : jwo pradeep cremation today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here