‘ശരാശരിക്കാരായി ഒതുങ്ങിപ്പോകുമെന്ന് ഭയക്കുന്നവരെ ഇത് പ്രചോദിപ്പിക്കും’; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അധ്യാപികയ്ക്ക് എഴുതിയ കത്ത്…
സംയുക്താ സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തില്‍ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഇന്നുച്ചയോടെ മരണത്തിന് കീഴടങ്ങി. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വരുണ്‍ സിംഗിനെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് താന്‍ പഠിച്ച സ്‌കൂളിലെ പ്രധാനധ്യാപികയ്ക്ക് അയച്ച കത്ത് ഇപ്പോള്‍ വൈറലാകുകയാണ്. ഹൃദയം തൊടുന്ന ആ കത്ത് 2021 സെപ്തംബര്‍ 15നാണ് വരുണ്‍ സിങ് അയച്ചത്. ഹരിയാനയിലെ ചാന്ദിമന്ദിറിലെ ആര്‍മി പബ്ലിക് സ്‌കൂളിലെ അധ്യാപികയ്ക്കായിരുന്നു ആ കത്ത്.
കത്തിലെ വരികളിങ്ങനെ;
പ്രിയപ്പെട്ട മാഡം,
ഞാന്‍ സ്‌കൂളിലെ 2000 ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. അഭിമാനത്തോടെയും വിനയത്തോടെയുമാണ് ഞാനിതെഴുതുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 15ന് ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് ഞാന്‍ ശൗര്യചക്ര പുരസ്‌കാരം സ്വീകരിച്ചു. ഈ അഭിമാനകരമായ പുരസ്‌കാരം നേടാനായതിന്റെ കടപ്പാട് സ്‌കൂളിലും എന്‍ഡിഎയിലും എയര്‍ഫോഴ്‌സിലും എന്നോട് സഹകരിച്ചവരോടാണ്.
ജീവിതത്തിലെ ചില അനുഭവങ്ങള്‍ ഇവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കടുത്ത മത്സരത്തിന്റെ ഈ കാലത്ത് ശരാശരിക്കാരായി ഒതുങ്ങിപ്പോകുമെന്ന് ഭയക്കുന്നവരെ അത് പ്രചോദിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒന്നാം ക്ലാസുമുതല്‍ 12 വരെ ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. 12ല്‍ ക്ലാസ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടതുമാത്രമാണ് അപവാദം. സ്‌പോര്‍ടിസിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശരാശരിക്കാരന്‍ തന്നെയായിരുന്നു.
എന്‍ഡിഎയില്‍ ഓഫിസര്‍ കേഡറ്റ് ആയാണ് ഞാന്‍ പഠിച്ചിറങ്ങിയത്. അവിടെയും ശോഭിച്ചില്ല. എന്നാല്‍ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ വിമാനങ്ങളോടുള്ള കമ്പം എനിക്ക് ഗുണം ചെയ്തു. അപ്പോഴും ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ശരാശരിക്കാരന്‍ മാത്രമാണെന്ന ചിന്തയാണ് ആത്മവിശ്വാസം ഇല്ലാതാക്കിയത്. മുന്നിലെത്താന്‍ പരിശ്രമിക്കുന്നതില്‍ കാര്യമില്ലെന്നും ഒന്നിലും മികവ് തെളിയിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനില്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ആയി നിയമനം കിട്ടിയപ്പോള്‍ മനസും ശരീരവും അര്‍പ്പിച്ചാല്‍ ജോലിയില്‍ തിളങ്ങാന്‍ കഴിയുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
ശരാശരിക്കാരന്‍ എന്നത് കുറവായി കാണരുത്. സ്‌കൂളില്‍ എല്ലാവരും മികച്ചവരാകുകയോ 90 ശതമാനം മാര്‍ക്ക് നേടുന്നവരോ ആകില്ല. അങ്ങനെയാകുന്നത് നല്ലതാണ്. അങ്ങനെയല്ല എന്നതുകൊണ്ട് എക്കാലവും നിങ്ങള്‍ ശരാശരിക്കാരാകാന്‍ വിധിക്കപ്പെട്ടവരാണെന്ന് ചിന്തിക്കരുത്. ലക്ഷ്യം എന്താണെന്ന് ചിന്തിക്കുക. അത് കലയോ സംഗീതമോ ഗ്രാഫിക് ഡിസൈനിങോ സാഹിത്യമോ അങ്ങനെ എന്തുമാകട്ടെ, അതിനായി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുക. കൂടുതല്‍ നന്നായി ചെയ്യാമായിരുന്നു എന്ന ചിന്തയോടെ രാത്രി ഉറങ്ങാന്‍ ഇടവരുത്തരുത്.
Read Also : കൂനൂർ ഹെലികോപ്റ്റർ അപകടം ; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി
സമ്മര്‍ദങ്ങളും വെല്ലുവിളികളും അനിശ്ചിതത്വവും നേരിടുന്നവരാണല്ലോ എല്ലാവരും. അവരില്‍ ഒരാളെയെങ്കിലും പ്രചോദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ കത്തിന്റെ ലക്ഷ്യം നിറവേറ്റപ്പെട്ടതായി ഞാന്‍ കരുതും.
ഹൃദയം നിറഞ്ഞ നന്ദിയോടെ
വരുണ്‍ സിംഗ്….
Story Highlights : captain varun singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here