കുറഞ്ഞ ഓവർ നിരക്ക്; ഇംഗ്ലണ്ടിന്റെ കൂടുതൽ പോയിന്റുകൾ വെട്ടിക്കുറച്ചു

ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനപ്പുറം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളും നഷ്ടമായതിൻ്റെ തിരിച്ചടിയിലാണ് ഇംഗ്ലണ്ട്. ആദ്യം അഞ്ച് പോയിൻ്റുകളാണ് വെട്ടിക്കുറച്ചിരുന്നത്. എന്നാൽ, അഞ്ചല്ല, എട്ട് പോയിൻ്റുകൾ തിരിച്ചെടുത്തു എന്ന് കഴിഞ്ഞ ദിവസം ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. (england wtc points deducted)
നിശ്ചിത സമയത്ത് എത്ര ഓവറുകൾ പിന്നിലാണോ അത്ര പോയിൻ്റുകളാണ് കുറയ്ക്കുക. ഇംഗ്ലണ്ട് 8 ഓവറുകൾ പിന്നിലായിരുന്നു. ഇതോടൊപ്പം മാച്ച് ഫീയുടെ 100 ശതമാനം ഇംഗ്ലണ്ടിന് പിഴയിടുകയും ചെയ്തു. ഗാബയിൽ നടന്ന ആദ്യ ടെസ്റ്റിൽ പരാജയപ്പെടുകയും 8 പോയിൻ്റുകൾ നഷ്ടമാവുകയും ചെയ്തതോടെ ഇംഗ്ലണ്ടിന് ആഷസ് നേടുകയെന്നത് നിലനില്പിൻ്റെ കാര്യമായി. എന്നാൽ, രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിൻ്റെ നില പരുങ്ങലിലാണ്.
Read Also : ലബുഷെയ്ന് സെഞ്ചുറി; ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ; ഇംഗ്ലണ്ട് പൊരുതുന്നു
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടി. 9 വിക്കറ്റ് നഷ്ടത്തിൽ 473 റൺസെടുത്ത ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓസ്ട്രേലിയക്കായി മാർനസ് ലബുഷെയ്ൻ (103) സെഞ്ചുറി നേടി. ഡെവിഡ് വാർണർ (95), സ്റ്റീവ് സ്മിത്ത് (93) എന്നിവർക്ക് സെഞ്ചുറി നഷ്ടമായപ്പോൾ അലക്സ് കാരിയും (51) ഓസ്ട്രേലിയക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജെയിംസ് ആൻഡേഴ്സൺ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഹസീബ് ഹമീദ് (6), റോറി ബേൺസ് (4) എന്നിവരെ വേഗം നഷ്ടമായ ഇംഗ്ലണ്ട് പൊരുതുകയാണ്. 2 വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിപ്പിചത്. ക്യാപ്റ്റൻ ജോ റൂട്ടും (5) ഡേവിഡ് മലാനുമായിരുന്നു (1) ക്രീസിൽ. മൂന്നാം ദിനം ഗംഭീരമായി ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഇതുവരെ 93 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയിട്ടുണ്ട്. മലാൻ (54) ഫിഫ്റ്റിയടിച്ചപ്പോൾ റൂട്ട് 38 റൺസെടുത്ത് ക്രീസിൽ തുടരുകയാണ്. മൂന്നാം ദിനത്തിൽ 70ലധികം ഓവറുകളും രണ്ട് ദിവസവും അവശേഷിക്കെ മത്സരം ആവേശകരമാവുകയാണ്.
Story Highlights : more england wtc points deducted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here