Advertisement

‘പി.ടിയെ കേരളം യാത്രയാക്കിയത് രാജാവിനെ പോലെ’; ഓര്‍മകളില്‍ ഉമ

December 24, 2021
Google News 1 minute Read
pt thomas

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഓര്‍മകളില്‍ ഭാര്യ ഉമ. പി.ടി തോമസിനെ കേരള ജനത യാത്രയാക്കിയത് രാജാവിനെ പോലെയാണ്. ഒരു നേതാവിനെ പോലും ഇത്രയധികം അംഗീകാരത്തോടെ പറഞ്ഞുവിട്ടത് തന്റെ ഓര്‍മയിലില്ലെന്ന് ഉമ നിറകണ്ണുകളോടെ പ്രതികരിച്ചു.

ഉമയുടെ വാക്കുകള്‍;
സത്യത്തില്‍ പി.ടിയെ സാധാരണക്കാര്‍ അവരുടെ നെഞ്ചിലാണ് ഏറ്റെടുത്തിരിക്കുന്നത്. കേരളം പി.ടിയെ യാത്രയാക്കിയത് രാജാവിനെ പോലെയാണ്. ഒരാളെപ്പോലും ഇത്ര അംഗീകാരത്തോടുകൂടി പറഞ്ഞുവിട്ടത് എന്റെ ഓര്‍മയിലില്ല.

ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ഥ മതത്തില്‍പ്പെട്ടവരായതുകൊണ്ട് തന്നെ പല വിവാദങ്ങളുണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് ഒരു സംശയം പോലുമില്ലാതെ എല്ലാം കൃത്യമായി നടന്നു. നവംബര്‍ 22ന് പി.ടിയെ കാണാന്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ടിജോ കാപ്പന്‍ ചേട്ടന്‍ ഹോസ്പിറ്റലില്‍ എത്തിയിരുന്നു. അന്ന് അവര്‍ രണ്ടും മാത്രമായി കുറേ സംസാരിച്ചു. അദ്ദേഹത്തിന്റെ അടുത്ത് പി.ടി തന്റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി പറയുകയും എഴുതിക്കൊടുത്തു. ഉമയെ കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്തോ രാഷ്ട്രീയ വിഷയമാണെന്നാണ് ഞങ്ങള്‍ കരുതിയത്. ആ ആഗ്രഹം പോലെ എല്ലാം നടന്നു.

പി.ടി ദൈവവിശ്വാസിയല്ല എന്ന് ഞാന്‍ പറയില്ല. ഞങ്ങള്‍ രണ്ടുപേരും മാത്രമായി പ്രാര്‍ത്ഥിച്ചത് ഒന്നും നടക്കാതിരുന്നിട്ടില്ല. ഇതൊഴികെ…പി.ടിയെ തോല്‍പ്പിക്കാന്‍ അസുഖത്തിന് മാത്രമാണ് കഴിഞ്ഞത്. മറ്റൊരിടത്തും തോറ്റിട്ടില്ല. കേരള ജനത പി.ടിയെ നെഞ്ചിലാണ് ഏറ്റിയത്. എനിക്കാ ജനങ്ങളെ മറക്കാന്‍ സാധിക്കുന്നില്ല.

ഇടുക്കിയുടെ സൂര്യനാണ് പി.ടിയെന്ന് ഇന്നലെ കേട്ടപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്. ബോര്‍ഡറില്‍ മൃതദേഹവുമായി മൂന്നുമണിയോടെ എത്തിയപ്പോള്‍, ആ മഞ്ഞില്‍ തലപ്പാവും കെട്ടിക്കൊണ്ട് ആളുകള്‍ നില്‍ക്കുന്നത് കണ്ടു. പി.ടിക്ക് മാത്രമുള്ള അംഗീകാരമാണത്. ഉമ്മന്‍ചാണ്ടി സര്‍, രമേശ് ചെന്നിത്തല, ഡോ.എസ്എസ് ലാല്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി.ഡി സതീശന്‍, വേണു രാജാമണി, എകെ ആന്റണി തുടങ്ങിയ എല്ലാവരോടും നന്ദി പറയാതെ വയ്യ. മരണവാര്‍ത്ത അറിഞ്ഞ ശേഷം ആദ്യം എ.കെ ആന്റണി ചേട്ടനാണ് വിളിച്ചത്. അദ്ദേഹം കരയുകയായിരുന്നു…’

വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇന്നലെ പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. മൃതദേഹം എറണാകുളത്തെത്തിച്ചപ്പോളും രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങള്‍ ഒഴുകിയെത്തി. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്. അര്‍ബുദ ബാധിതനായിരുന്നു. 70ാം വയസിലാണ് അന്ത്യം.

Read Also : പ്രിയനേതാവിന് വിട; പിടി തോമസിന്റെ സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

പി.ടി തോമസ് എംഎല്‍എയുടെ ചിതാഭസ്മം നാല് സ്ഥലങ്ങളിലായി നിമഞ്ജനം ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. ഉപ്പുതോട്ടില്‍ പി.ടിയുടെ അമ്മയുടെ കല്ലറയ്ക്ക് പുറമേ ഗംഗയിലും തിരുനെല്ലിയിലും പെരിയാറിലും ചിതാഭസ്മം നിമഞ്ജനം ചെയ്യും.

Story Highlights : pt thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here