25
Jan 2022
Tuesday

മിന്നൽ മുരളി രണ്ടാം ഭാഗം: നിർണായക വെളിപ്പെടുത്തലുമായി നിർമാതാവ് സോഫിയ പോൾ

minnal murali sequel sophia

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗത്തെപ്പറ്റി നിർണായക വെളിപ്പെടുത്തലുമായി നിർമാതാവ് സോഫിയ പോൾ. രണ്ടാം ഭാഗം ഇറക്കണമെന്നാണ് ആഗ്രഹമെന്നും ഇപ്പോൾ അതേപ്പറ്റി ആലോചിക്കുന്നില്ലെന്നും സോഫിയ പോൾ പറഞ്ഞു. രണ്ടാം ഭാഗം വരികയാണെങ്കിൽ ത്രീഡിയിൽ ചിത്രീകരിക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു. (minnal murali sequel sophia)

“എന്താണ് മുന്നിലുള്ളതെന്ന് പറയാൻ ഇത് അല്പം നേരത്തെയാണ്. പക്ഷേ, രണ്ടാം ഭാഗം ഇറക്കണമെന്ന് ആഗ്രഹമുണ്ട്. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ, ബേസിൽ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. പറഞ്ഞതുപോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്. പ്രേക്ഷകർ ഞങ്ങൾക്ക് നൽകിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തിൽ എത്തിക്കാനുള്ള ലൈസൻസാണ്. മിന്നൽ മുരളി ത്രിമാന രൂപത്തിൽ ചിത്രീകരിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്.”- സോഫിയ പോൾ പറഞ്ഞു.

Read Also : ‘മിന്നൽ മുരളി’യ്ക്ക് ആശംസകളുമായി അവഞ്ചേഴ്സ് സംഗീത സംവിധായകൻ

സൂപ്പർ ഹീറോ സിനിമയായി നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. മിന്നലടിച്ച് ഒരു തയ്യൽക്കാരന് അമാനുഷിക ശക്തി ലഭിക്കുന്നതും അതേ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നൽ മുരളി’ പ്രഖ്യാപന സമയം മുതൽ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായി. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിൻറെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൻറെ വി എഫ് എക്‌സ് സൂപ്പർവൈസർ ആൻഡ്രൂ ഡിക്രൂസ് ആണ്.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് അന്താണി ജോസഫ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Story Highlights : minnal murali sequel soon sophia paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top