Advertisement

‘ആര്‍എസ്എസിന് സഹായകരമായ പ്രസ്താവന’; രാഹുല്‍ ഗാന്ധിക്കെതിരെ കോടിയേരി

December 27, 2021
Google News 2 minutes Read
kodiyeri balakrishnan

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആര്‍എസ്എസിനെ സഹായിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മൃദുസമീപനം സ്വീകരിച്ചാല്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്താനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

‘മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞത് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നാണ്. കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപിക്ക് വളരാനാകും എന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ആര്‍എസ്എസിന് സഹായകരമായ പ്രസ്താവനയാണ് രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടായത്. വര്‍ഗീയതയെ തോല്‍പ്പിക്കണമെങ്കില്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണം.

മൃദുസമീപനം സ്വീകരിച്ചാല്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്താനാകില്ല. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയുമാണ് ആര്‍എസ്എസ് ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്ന് വിഭാഗവും ഇല്ലാത്ത ഇന്ത്യയാണ് മോഡിയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഏറ്റവുമധികം അക്രമണങ്ങള്‍ക്കിരയായിട്ടുള്ളത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുസ്ലീങ്ങളാണ്. എന്നാല്‍ സമീപകാലത്ത് ക്രൈസ്തവര്‍ക്കുനേരെയും അക്രമങ്ങള്‍ ശക്തിപ്പെടുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു. ഹരിയാനയിലെ അംബാലയില്‍ ക്രിസ്ത്യന്‍പള്ളിക്കകത്ത് കയറി ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. സൈന്യം കാവല്‍നില്‍ക്കുമ്പോഴാണ് ഇത് നടന്നത്. ബംഗളൂരുവിലും ക്രൈസ്തവ ദേവാലയം അടിച്ചുതകര്‍ത്തു. രാജ്യത്ത് വളരുന്ന പുതിയ സ്ഥിതിവിശേഷമാണ് ഇത് കാണിക്കുന്നത്’.

Read Also : ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമത്; സംസ്ഥാന സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ക്ക് ബദലുണ്ട് എന്ന് തെളിയിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. രാജ്യത്ത് ഭരണഘടനാമൂല്യങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ സിപിഐഎം ശക്തിപ്പെടണം. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഒരു കാലത്ത് സിപിഐഎമ്മിനെ ശത്രുക്കളായി കണ്ടവര്‍ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയാണ്. എല്ലാവര്‍ക്കും സ്വീകാര്യമായ പാര്‍ട്ടിയായി സിപിഐഎം മാറിയിരിക്കുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

Story Highlights : kodiyeri balakrishnan, cpim, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here