Advertisement

ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാട് ഭരണഘടനാ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്

December 30, 2021
Google News 2 minutes Read
VD satheeshan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവി ഏല്‍പ്പിച്ചത്. നിയമസഭയ്ക്ക് മാത്രമാണ് അദ്ദേഹത്തെ മാറ്റാനുള്ള അധികാരമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

‘സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാവശ്യമായുള്ള ഇടപെടലുകളാണ് ഗവര്‍ണറുടെ പ്രതിഷേധത്തിന് കാരണം. പക്ഷേ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. നിയമസഭ നിയമനിര്‍മാണം നടത്തി ഏല്‍പ്പിച്ച ദൗത്യം അദ്ദേഹത്തിന് ഒഴിയാനാകില്ല.

ഓരോരുത്തരുടെ ഇഷ്ടം പോലെ ഓരോ പദവിയില്‍ നിന്ന് മാറിനില്‍ക്കാനാകില്ല. ഇനി നിയമസഭ കൂടി ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ അദ്ദേഹത്തിന് പദവിയില്‍ നിന്നൊഴിയാന്‍ പറ്റൂ. നിയമസഭ ഭേദഗതി വരുത്തി അദ്ദേഹത്തില്‍ നിന്ന് ചാന്‍സലര്‍ പദവി മാറ്റാത്ത കാലത്തോളം സ്വയം മാറിനില്‍ക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല’. പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Read Also : സിപിഐഎമ്മിന് എന്നോടുള്ള വിശ്വാസം നഷ്ടപ്പെട്ടു’; പ്രതികരണവുമായി എസ് രാജേന്ദ്രൻ

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഹൈക്കോടതി അയച്ച നോട്ടീസ് സര്‍ക്കാരിന് കൈമാറുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സലര്‍ അല്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനം ഇനിയേറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. ഇത് പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.

Story Highlights : VD satheeshan, governor, arif muhammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here