23
Jan 2022
Sunday

‘ഞാൻ താടിയും മീശയുമെടുത്ത് അഭിനയിച്ചാൽ സിനിമ ഹിറ്റാവില്ലെന്ന അന്ധവിശ്വാസമുണ്ടായിരുന്നു’; ഹരിശ്രീ അശോകൻ പറയുന്നു

harisree ashokan exclusive interview

ഹരിശ്രീ അശോകൻ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് പഞ്ചാബി ഹൗസിലെ രമണനെ ഓർമ്മ വരും. നമ്മുടെയൊക്കെ മനസ്സിൽ അത്ര ആഴത്തിൽ പതിഞ്ഞ കഥാപാത്രമാണ് അത്. എന്നാൽ, രമണനപ്പുറം സ്വഭാവ റോളുകളൊക്കെ ചെയ്ത് ഞെട്ടിച്ച വ്യത്യസ്തതയുള്ള ഒരു നടനാണ് ഹരിശ്രീ അശോകൻ. 35 വർഷത്തോളമായി സിനിമാരംഗത്ത് നിറഞ്ഞുനിൽക്കുന്ന അശോകൻ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിൻ്റെ ത്രില്ലിലാണ്. കുറച്ച് സിനിമാക്കഥകളും ഇത്തിരി താടിക്കഥയുമൊക്കെ തുറന്നു പറയുകയാണ് ഹരിശ്രീ അശോകൻ. (harisree ashokan exclusive interview)

പഞ്ചാബി ഹൗസ് പോലെ കോമഡി സിനിമകൾ ഇപ്പോൾ വളരെ കുറവാണ്

അങ്ങനെ ഒരു സിനിമ മുൻപ് വന്നതല്ലേ? പിന്നെ എന്തിനാ വീണ്ടും വരുന്നത്? കാലഘട്ടം മാറിയതുകൊണ്ടാവാം അങ്ങനെയുള്ള സിനിമകൾ സംഭവിക്കാതിരുന്നത്. അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ലായിരിക്കും. ത്രൂഔട്ട് കോമഡി സിനിമയായി ഈ അടുത്തകാലത്ത് വന്നത് ജാൻ.എ.മൻ ആയിരിക്കും. എൻ്റെ മകൻ അഭിനയിച്ച സിനിമയായതുകൊണ്ട് പറയുന്നതല്ല.

No photo description available.

ആഘോഷങ്ങൾ

ആഘോഷങ്ങൾ അധികവും സെറ്റിലാണ്. വീട്ടിൽ ഉണ്ടാവാറില്ല. ഇപ്പോഴും പയ്യന്നൂർ സെറ്റിലാണ്. മകൻ മാവേലിക്കരയിൽ ഒരു സെറ്റിലാണ്. ഞങ്ങൾ രണ്ട് പേരും രണ്ട് സ്ഥലത്താണ്. വീട്ടിൽ ഭാര്യയും മകൻ്റെ ഭാര്യയും കുട്ടിയും മാത്രമേയുള്ളൂ. വീട്ടിൽ ഉള്ള സമയത്ത് ആഘോഷങ്ങൾ ഉണ്ടാവാറുണ്ട്.

കോമഡി റോളുകളിൽ നിന്ന് ക്യാരക്ടർ റോളുകളിലേക്ക്

ബാവൂട്ടിയുടെ നാമത്തിൽ എന്നൊരു സിനിമ ചെയ്തിരുന്നു. കടൽ കടന്ന് ഒരു മാത്തുക്കുട്ടി ചെയ്തു. രണ്ടും സീരിയസ് റോളുകളാണ്. ആകാശം എന്ന സിനിമയിൽ നായകനായിരുന്നു. അതൊക്കെ ഓടിയിരുന്നെങ്കിൽ ഈ ഇൻ്റർവ്യൂ നിങ്ങൾ അന്ന് നടത്തിയേനെ. ഇതിപ്പോ മിന്നൽ മുരളിയിലെ ക്യാരക്ടർ നന്നായിരുന്നു എന്ന് പറഞ്ഞ് ഒരുപാട് പേർ വിളിച്ചു. മകൻ്റെ രണ്ട് സിനിമ ഇറങ്ങി, മധുരവും അജഗജാന്തരവും. എൻ്റെ ഒരു സിനിമ ഇറങ്ങി. എല്ലാം നല്ല അഭിപ്രായം നേടുന്നു. അതിൽ സന്തോഷമുണ്ട്.

Read Also : ക്രിസ്മസിന് ഫുഡാണ് മെയിൻ; മമിത ബൈജു പറയുന്നു

ബാവൂട്ടിയുടെ നാമത്തിലെ അലവിയിലേക്ക് എത്തിയത്

എന്നെ കൺട്രോളറാണ് വിളിച്ചത്. ഇങ്ങനെയൊരു വേഷമുണ്ട്. രഞ്ജിത്താണ് എഴുത്തും നിർമാണവും. ജിഎസ് വിജയനാണ് സംവിധാനം. ഇന്ന് വരെ ചെയ്യാത്ത ഒരു വേഷമാണ് താങ്കൾക്കുള്ളത് എന്ന് പറഞ്ഞു. അപ്പോ എനിക്ക് ഭയങ്കര ആകാംക്ഷയായി. ഇന്ന് വരെ ചെയ്യാത്ത വേഷം എന്തായിരിക്കും. പിന്നെ ഞാനത് ജിഎസ് വിജയേട്ടനെ വിളിച്ച് ചോദിച്ചു. വിജയേട്ടനും പറഞ്ഞു, ഇന്ന് വരെ ചെയ്യാത്ത ഒരു വേഷമാണെന്ന്. ഞാൻ വിചാരിച്ചു, ഇവരെന്താ ഇങ്ങനെ പറയുന്നത്. ഞാൻ എന്നിട്ട് രഞ്ജിയേട്ടനെ വിളിച്ചു. എന്നെ അശോക് എന്നാണ് അദ്ദേഹം വിളിക്കുക. രഞ്ജിയേട്ടനും ഈ പറഞ്ഞത് ആവർത്തിച്ചു. ഇതൊക്കെ കേട്ട് എനിക്ക് ടെൻഷനുമുണ്ട്, ആകാംക്ഷയുമുണ്ട്. ഇത് കഴിഞ്ഞ് ഞാൻ കോഴിക്കോട് ലൊക്കേഷനിൽ വന്നു. കാവ്യയുടെ വീടായി ചിത്രീകരിക്കുന്ന ലൊക്കേഷനിൽ വന്നപ്പോൾ ഒരു മരത്തിൻ്റെ ചുവട്ടിൽ രഞ്ജിയേട്ടൻ ഇരിപ്പുണ്ട്. ഞാനവിടെച്ചെന്ന് ഒരു സലാമൊക്കെ കൊടുത്ത് അവിടെ ഇരുന്നു. ഞാൻ ചോദിച്ചു, “ചേട്ടാ, ഇന്ന് വരെ ചെയ്യാത്ത വേഷമല്ലേ? ഒന്ന് പറഞ്ഞൂടേ?” അപ്പോൾ രഞ്ജിയേട്ടൻ ഈ ക്യാരക്ടർ എന്നോട് പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട് കഥ മുഴുവൻ മനസ്സിൽ കേറുന്ന തരത്തിൽ രഞ്ജിയേട്ടൻ പറഞ്ഞു. അടുത്ത എൻ്റെ ചോദ്യം, “ഇത് എനിക്ക് ചെയ്യാൻ പറ്റോ?” രഞ്ജിയേട്ടൻ്റെ മറുപടി, “ഇത് നിനക്കേ ചെയ്യാൻ പറ്റൂ.” അത് രഞ്ജിയേട്ടൻ്റെ ഒരു കണ്ടെത്തലാണ്. അത് കഴിഞ്ഞപ്പോ എന്നോട് ചോദിച്ചു, “മീശ വടിക്കാമോ”ന്ന്. ‘മീശ വടിക്കുകയോ താടി വടിക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാ’മെന്ന് ഞാൻ. അങ്ങനെയാണെങ്കിൽ മീശവടിച്ച് കോസ്റ്റ്യൂമൊക്കെ ഇട്ട് വരാൻ പറഞ്ഞു. ഇതൊക്കെ കഴിഞ്ഞ് വരുമ്പോൾ മമ്മുക്ക അവിടെയുണ്ട്. മമ്മുക്കയ്ക്ക് പെട്ടെന്ന് എന്നെ മനസ്സിലായില്ല. ഒരു സെക്കൻഡിനു ശേഷം ‘അലവി വന്നല്ലോ, കലക്കിയല്ലോ’ എന്നൊക്കെ പറഞ്ഞു. ഞാൻ അടുത്തിരുന്നു. മമ്മുക്ക പറഞ്ഞു, “നല്ല വേഷമാണ്.” പോസ്റ്ററിൽ കണ്ടപ്പോഴും പലരും എന്നെ വിളിച്ചു. പഞ്ചാബി ഹൗസിലെ രമണൻ്റെ സ്രഷ്ടാവ് റാഫി-മെക്കാർട്ടിനാണ്. അതിലേക്ക് എന്നെ അവർ കാസ്റ്റ് ചെയ്യുകയായിരുന്നു. അതുപോലെ തന്നെയാവും എന്നെക്കൊണ്ട് അലവി ചെയ്യിക്കാമെന്ന് രഞ്ജിയേട്ടവും വിജയേട്ടനും തീരുമാനിച്ചതും.

No photo description available.

താടിയും ഹരിശ്രീ അശോകനും തമ്മിൽ?

എനിക്ക് താടിയെടുക്കാൻ താത്പര്യമുണ്ടായിരുന്നു. ഞാൻ താടിവച്ചിട്ട് അതെടുക്കാനുള്ള സമയം കിട്ടിയില്ല. ഒരു സിനിമയിൽ നിന്ന് അടുത്ത സിനിമയിലേക്കുള്ള പാച്ചിലായിരുന്നു. ആ സമയത്ത് താടി എടുക്കാൻ പറ്റിയില്ല. പിന്നീട് പല സിനിമകളിലും താടി എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ, ‘വേണ്ട, താടിയുള്ള അശോകനെയാണ് എല്ലാവർക്കും ഇഷ്ടം’ എന്നായിരുന്നു ലഭിച്ച മറുപടികൾ. അതുകഴിഞ്ഞ് ഞാൻ വിഎം വിനുവേട്ടൻ്റെ ഒരു സിനിമയിൽ അഭിനയിച്ചു. ജയറാം ഹീറോ ആയുള്ള സിനിമയിൽ. സൂര്യൻ എന്നായിരുന്നു സിനിമയുടെ പേര്. അതിൽ ഡാൻസ് മാസ്റ്റർ ആയിരുന്നു. അതിനു വേണ്ടി ഞാൻ താടിയും മീശയും എടുത്തു. ആ സിനിമകളൊക്കെ വിചാരിച്ചത്ര ഹിറ്റാകാത്തതുകൊണ്ട് പലരും വിചാരിച്ചുകാണും, താടിയും മീശയും എടുത്ത് ചെയ്താൽ ശരിയാവില്ലെന്ന്. അന്ധവിശ്വാസത്തിൻ്റെ കലവറയാണല്ലോ സിനിമ. ആ സെറ്റിൽ തന്നെ ഒരിടത്ത് ഷൂട്ട് ചെയ്യുമ്പോൾ ആള് കൂടി. ‘അശോകേട്ടനുണ്ടല്ലോ’ എന്ന് അവർ ചോദിച്ചപ്പോൾ ‘മേക്കപ്പ് ചെയ്യുകയാണ്. ഇപ്പോ വിളിക്കാം’ എന്ന് ആരോ പറഞ്ഞു. മേക്കപ്പൊക്കെ കഴിഞ്ഞ് വന്നപ്പോൾ അവർക്ക് എന്നെ മനസ്സിലായില്ല. എന്നിട്ട് അവരുടെ അടുത്തുചെന്ന് ഞാൻ അശോകനാണ് എന്ന് പറഞ്ഞപ്പോൾ, താടിയുള്ള അശോകനെയാണ് ഇഷ്ടമെന്ന് അവർ പറഞ്ഞു. ഇപ്പോ ഞാൻ ചെയ്യുന്ന പടം, ശിവകുമാർ എന്ന ഡയറക്ടറുടെ സിനിമയാണ്. ‘അന്ത്രു ദ മാൻ’ എന്നാണ് പടത്തിൻ്റെ പേര്. അതിൽ ഞാൻ നായകനാണ്. വ്യത്യസ്തമായ ഒരു കഥയും കഥാപാത്രവുമാണ്. ഇതിൽ കുറ്റിത്താടിയാണ്. ഇതിനിടെ ഒരു ഡയറക്ടർ വിളിച്ചു. തെയ്യം കെട്ടുന്ന കഥാപാത്രമാണ്. താടിയും മീശയും എടുക്കണമെന്ന് പറഞ്ഞു. പക്ഷേ, എനിക്ക് ഉടനെ വേറൊരു പടമുണ്ട്. ഇപ്പോ താടിയെടുത്താൽ ഉടനെ വളരാനുള്ള സാധ്യത കുറവാണ് എന്ന് ഞാൻ പറഞ്ഞു. ആ സിനിമ അങ്ങനെ വിടേണ്ടിവന്നു. മമ്മുക്ക എന്നോട് ഇടക്കിടെ പറയാറുണ്ട്, ‘നീ താടിയെടുക്കാതെ രക്ഷപ്പെടില്ല’ എന്ന്. എടുക്കാനുള്ള ഒരു വേഷം വരുമ്പോൾ അങ്ങനെ ചെയ്യാമെന്ന് ഞാനും പറയും. മമ്മുക്കയ്ക്കൊക്കെ നമ്മളെ നന്നായി അറിയാം. താടിവച്ചിട്ടാണ് അനിയത്തിപ്രാവിലെ കോളജ് കുമാരൻ മുതൽ അഭിനയിച്ചത്. ഒറ്റ അപ്പിയറൻസിലാണ് ഇതൊക്കെ ഞാൻ ചെയ്തത്. താടിവച്ച് ഇത്രയധികം വേഷങ്ങൾ ചെയ്തതിന് ഒരാൾ ഗിന്നസ് ബുക്കിൽ എൻ്റെ പേര് അയച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് കിട്ടിയില്ല. താടി വരുമ്പോൾ മുഖത്ത് എക്സ്പ്രഷൻ കൊടുക്കാൻ സ്ഥലം കുറവാണ്. അത് വച്ചിട്ടും നമ്മൾ ഇത്രനാളും പിടിച്ചുനിന്നില്ലേ.

മകൻ്റെ വളർച്ച

വളരെ സന്തോഷമുണ്ട്. വളരെ ശ്രദ്ധയോടെ അവൻ അഭിനയവും സിനിമയും മുന്നോട്ട് കൊണ്ടുപോകുന്നു. പഠനം കഴിഞ്ഞപ്പോ അവനെ പുറത്തേക്ക് വിടാനുള്ള ഒരു പദ്ധതിയുണ്ടായിരുന്നു. ഇംഗ്ലണ്ടിലേക്ക് പഠിക്കാൻ വിടാനായിരുന്നു പ്ലാൻ. അതിൻ്റെ കാര്യങ്ങളെല്ലാം ശരിയായിക്കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, പോകുന്നില്ലെന്ന്. എനിക്ക് നിങ്ങളെയൊന്നും വിട്ട് നിൽക്കാൻ വയ്യ. എനിക്ക് നിങ്ങളെ എപ്പഴും കണ്ടില്ലെങ്കിൽ വിഷമമാകും എന്നൊക്കെ അവൻ പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോ ഞങ്ങൾക്കും വിഷമമായി. ശരി, എന്നാൽ പോകണ്ടന്ന് പറഞ്ഞു. അത് കഴിഞ്ഞ് അവൻ പറഞ്ഞ ഒരു കാര്യമുണ്ട്. എന്നെ പഠിക്കാൻ വിടാനായി മാറ്റിവച്ച കാശ് തന്നാൽ, ഞാൻ എന്തെങ്കിലും ഒരു ബിസിനസ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ അതുവച്ച് അർജുൻ ഒരു കാർ സർവീസ് സെൻ്റർ തുടങ്ങി. പിന്നെ പൊറോട്ട, പത്തിരി, ചപ്പാത്തി ഒക്കെ ഉണ്ടാക്കുന്ന ഒരു കമ്പനിയും തുടങ്ങി. ഞാൻ അവനെ അവിടെ വിട്ടിരുന്നെങ്കിൽ അവൻ വേറെ ഒരാളായേനെ. അവൻ്റെ മനസ്സിൽ അവിചാരിതമായി ഒരു സിനിമ വന്നു. അത് ചെയ്തു, ഏറ്റില്ല. വീണ്ടും ബിസിനസിൽ ശ്രദ്ധിച്ചു. പിന്നീടാണ് പറവയിലേക്ക് വരുന്നത്. അത് തുടങ്ങി അവന് നല്ല സിനിമകൾ കിട്ടുന്നുണ്ട്. പറവയിൽ അവൻ 8 മാസം വളർത്തിയ താടിയാണ്. എൻ്റെ മോനായിട്ടാണ് അവൻ ജനിച്ചതും വളർന്നതും സിനിമയിലെത്തിയതും.

അടുത്ത സിനിമകൾ

‘അന്ത്രു ദ മാൻ ആണ്’ ഇപ്പോ നടക്കുന്നത്. ഞാനാണ് നായകൻ. ഷാൻ സംവിധാനം ചെയ്ത അനുരാധ ക്രൈം നമ്പർ 59/2019 എന്ന സിനിമയിൽ നല്ലൊരു വേഷമുണ്ട്. ഷെയിൻ്റെ ‘കുർബാനി’ എന്ന സിനിമയിൽ ഷെയിൻ്റെ അച്ഛൻ റോളാണ്. ‘കേശു ഈ വീടിൻ്റെ നാഥനി’ലുണ്ട്. ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമയിൽ ചെറിയൊരു വേഷമുണ്ട്. പിന്നെ നാലഞ്ച് സിനിമകൾ കൂടി കമ്മിറ്റായിട്ടുണ്ട്. രണ്ട് സിനിമകളിൽ നായകനാണ്. സംവിധാനം ചെയ്യാനുള്ള സിനിമയുടെ തിരക്കഥയെഴുത്ത് നടക്കുകയാണ്.

ഹരിശ്രീ അശോകൻ/ ബാസിത്ത് ബിൻ ബുഷ്റ

Story Highlights : harisree ashokan exclusive interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top