Advertisement

മിന്നൽ ബോയ് വസിഷ്ഠ് ; ‘ആളുകൾ തിരിച്ചറിയണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു’

December 31, 2021
Google News 1 minute Read

പൂജ എസ് പിള്ള / വസിഷ്ഠ് ഉമേഷ്

വസിഷ്ഠിന്റെ സിനിമയിലേക്കുള്ള വരവു പാട്ടുംപാടിയായിരുന്നു. ലവ് ആക്ഷൻ ഡ്രാമയിലെ ‘കുടുക്ക് പൊട്ടിയ കുപ്പായ’മെന്ന ഹിറ്റ് പാട്ടിലാണ് വസിഷ്ഠിനെ ആദ്യമായി പ്രേക്ഷകർ കാണുന്നത്. എന്നാൽ ഇപ്പോൾ മിന്നൽ മുരളിയിലെ ലിറ്റിൽ സ്റ്റാറാണ് വസിഷ്ഠ് ഉമേഷ്. കഥയിലെ സൂപ്പർ ഹീറോയെ കരുത്തനാക്കുന്നത് വസിഷ്ഠ് അഭിനയിച്ച ജോസ്മോൻ എന്ന കഥാപാത്രമാണ്. പത്തുവയസുകാരൻ കൊച്ചുമിടുക്കന്റെ വിശേഷങ്ങൾ അറിയാം.

ലവ് ആക്ഷൻ ഡ്രാമയിൽ നിന്ന് മിന്നൽ മുരളിയിലേക്ക്

സ്‌കൂൾ തലങ്ങളിലൊക്കെ നാടകങ്ങളിൽ പങ്കെടുക്കുമായിരുന്നു. അപ്പോഴാണ് എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ ലവ് ആക്ഷൻ ഡ്രാമയിലെ ഓഡീഷനിൽ പങ്കെടുത്തു. അജു വർഗീസ് അഭിനയിച്ച കഥാപാത്രത്തിന്റെ ബാല്യകാലം പാട്ടിലൂടെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അത് കണ്ടിട്ടാണ് ബേസില്‍ മാമ മിന്നൽ മുരളിയിലേക്ക് എന്നെ വിളിച്ചത്.

തിരക്കിലാണോ ?

മിന്നൽ മുരളിയിറങ്ങിയതിന് ശേഷം ഒരുപാട് ഇന്റർവ്യൂകൾ ചെയ്തു. വീടിനടുത്തുള്ള പരിപാടികളിൽ മുഖ്യ അതിഥിയായി ക്ഷണിച്ചു. അതിലും ഏറ്റവും വലിയ സന്തോഷം പുറത്തിറങ്ങി കഴിഞ്ഞാൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ്. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അത്. മിന്നൽ മുരളി ഇറങ്ങിയതിന് ശേഷമാണ് ആ ആഗ്രഹം സാധ്യമായത്.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി എന്ന് എനിക്ക് അറിയാമായിരുന്നു. ഇങ്ങനെ ഒരു അവസരം ലഭിക്കുക എന്നത് ചില്ലറ കാര്യമല്ലല്ലോ. വളരെ അധികം സന്തോഷമായി. ഇത്രയും മിച്ചക റോൾ തന്നതിന് ബേസിൽ മാമയോട് നന്ദിയുണ്ട്. സിനിമ കണ്ടിട്ട് കൂട്ടുകാരും,ബന്ധുക്കളും, അധ്യാപകരും വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അവരുടെ നല്ല പ്രതികരണങ്ങൾ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. പണ്ട് സൂപ്പർ ഹീറോ ചിത്രങ്ങൾ കാണുമായിരുന്നു. അയൺ മാനായിരുന്നു എന്റെ ഫേവറേറ്റ്,ഇപ്പോൾ മിന്നൽ മുരളിയാണ്.

യുവിയോടൊപ്പം

ഗ്രേറ്റ് കാലി മുതൽ യുവ് രാജ് സിംഗ് വരെ മിന്നൽ മുരളിയുടെ പ്രൊമോഷന്റെ ഭാഗമായി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്ററാണ് യുവ് രാജ് സിംഗ്. അദ്ദേഹത്തെ കാണുന്നതായിരുന്നു എനിക്ക് ഏറ്റവും ഏക്സൈറ്റ്മെന്റ് ഉണ്ടായിരുന്നത്. എന്നോടപ്പമുള്ള ചിത്രം യുവി മാമ സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റയിൽ പങ്കുവെച്ചത് എനിക്ക് ഭയങ്കര സന്തോഷമുണ്ടാക്കി.

പഠനം- വായന മെയിൻ ഹോബി

ഷൊർണൂർ എയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഞാൻ. നാടകം, സിനിമ ഇങ്ങനെയുള്ള മേഖലകളിൽ എത്തിപ്പെട്ടപ്പോൾ സ്കൂൾ ദിനങ്ങൾ കുറച്ചൊക്കെ നഷ്ടമായിരുന്നു. പക്ഷെ അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ നഷ്ടമായതൊക്കെ പഠിക്കുന്നുണ്ട്. ആദ്യം പഠനം പിന്നീടാണ് മറ്റെന്തും എന്നാണ് അച്ഛനും അമ്മയും എപ്പോഴും പറയാറുള്ളത്. വായനയാണ് എന്റെ മെയിൽ ഹോബി. പുസ്തകം വായിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കവിത ചൊല്ലാറുണ്ട്. മലയാളം ധാരാളം വായിക്കാറുണ്ട് ഒപ്പം ശാസ്‌ത്ര പുസ്തകങ്ങളും. സ്വിമ്മിങ് ചെയ്യാറുണ്ട്. ഒപ്പം അഭിനയവും.

നാട്, കുടുംബം

ഷൊർണ്ണൂരാണ് നാട്. അച്ഛൻ വാണിയംകുളം ടിആർകെ സ്കൂൾ അധ്യാപകൻ പി. ഉമേഷും അമ്മ അധ്യാപികയായ സി. ജ്യോതിയും. അഭിനയത്തിരക്കുകൾക്കു കൂട്ടായി അവർ എന്നോടൊപ്പമുണ്ട്.

Story Highlights : interview with vasisht umesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here