Advertisement

‘എനിക്ക് മാസ് കഥാപാത്രങ്ങൾ നൽകുകയായിരുന്നില്ല ഉദ്ദേശം, സൂപ്പർ താരങ്ങളോട് ഏറ്റുമുട്ടാനായിരുന്നു ഞാൻ’ : വാണി വിശ്വനാഥ്

December 31, 2021
Google News 3 minutes Read
vani viswanath come back interview

ബിന്ദിയ മുഹമ്മദ്/ വാണി വിശ്വനാഥ്

മലയാള സിനിമയിൽ ആക്ഷൻ ഹീറോകൾ വാഴുന്ന കാലം.. വില്ലന്റെ മൂക്കിടിച്ച് പരത്തുന്ന ഒരു നായികയെ മലയാളിക്ക് പരിചയമില്ലാതിരുന്ന കാലം.. സ്ത്രീകൾ കണ്ണീരൊഴുക്കുന്ന വിക്ടിമൈസ്ഡ് കഥാപാത്രങ്ങൾ മാത്രമായിരുന്ന കാലത്ത് മലയാള സിനിമയുടെ വണ്ട‍‍ർ വുമണായിരുന്നു വാണീ വിശ്വനാഥ്. മിന്നൽ വേ​ഗത്തിൽ ഓടും, ചാടി അടിക്കും, മൂ‍‍ർച്ചയേറിയ സംഭാഷണങ്ങൾ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കും.. വില്ലനെ മാത്രമല്ല പലപ്പോഴും നായകനെപ്പോലും ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു വാണി വിശ്വനാഥിന്റേത്. തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ വാണി തിളങ്ങി. ജനം ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടും വാണി തന്റെ കരിയറിൽ ഒരു ബ്രേക്ക് എടുത്തത് എന്തിനായിരുന്നു.. വ‍ർഷങ്ങൾക്കിപ്പുറം ക്രിമിനൽ ലോയ‍ർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ ട്വന്റിഫോറുമായി മനസ് തുറക്കുകയാണ് വാണി വിശ്വനാഥ്… ( vani viswanath come back interview )

ഫൈറ്റ് സീനിൽ തിളങ്ങിയ വണ്ട‍ർ വുമൺ

ഞാൻ ഒരു നടിയാകുമെന്ന് ജ്യോതിഷിയായ അച്ഛൻ പണ്ട് പ്രവചിച്ചതാണ്. അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹവും. ചെറുപ്പം മുതലേ അഭിനയമോഹമുണ്ട്. ഫൈറ്റ് സീനുകളോട് വല്ലാത്ത ആവേശമായിരുന്നു. ആക്ഷൻ സീനുകൾക്കായി പ്രത്യേക പരിശീലനമൊന്നും ലഭിച്ചിട്ടില്ല. മനസാണ് വലുത്. എനിക്ക് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കുക. സിനിമ പിന്നീട് കാണുമ്പോൾ ഇതൊക്കെ ഞാൻ തന്നെയാണോ ചെയ്തതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.- വാണി വിശ്വനാഥ് പറയുന്നു.

വാണി വിശ്വനാഥിനായി തയ്ച്ച വേഷങ്ങൾ…

ഇൻഡിപെൻഡൻസിലെ ആക്ഷൻ കഥാപാത്രം, മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഭ്രാന്ത് അഭിനയിക്കുന്ന കള്ളി, ഇന്ദ്രീയത്തിലെയും ഈ ഭാ‍​ർഗവീനിലയത്തിലെയും ആരെയും പേടിപ്പെടുത്തുന്ന യക്ഷി, ഹിറ്റ്ലറിലെയും കിം​ഗിലേയും വേഷങ്ങൾ… വൈവിധ്യമാ‍ർന്ന കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ് വാണിയുടെ സിനിമാജീവിതം. ഉസ്താദും ദി ട്രൂത്തുമടക്കം ക‍‍ർക്കശക്കാരിയായ പൊലീസുദ്യോ​ഗസ്ഥയുടെ വേഷം പലതവണ വാണിയെ തേടിയെത്തി.

vani viswanath interview

തന്റെ പൊലീസ് വേഷങ്ങളെക്കുറിച്ച് ഇപ്പോഴും പലരും സംസാരിക്കാറുണ്ട്. പൊലീസ് യൂണിഫോം ഇട്ടാൽ ആദ്യം ഓർമ വരുന്നത് വാണിയെ ആണെന്ന് ചില നടിമാ‍‍‍ർ തന്നെ പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ എന്റെ ശരീരഘടനയായിരിക്കാം അതിന് കാരണം. ഒരു കഥാപാത്രത്തിന്റെ ലുക്ക് ശരിയായാൽ പകുതി വിജയിച്ചു എന്നാണ് അ‍ർത്ഥം. വാണി വിശ്വനാഥ് വ്യക്തമാക്കി.

സൂപ്പർതാരങ്ങളോടുള്ള ഏറ്റുമുട്ടൽ

പല സിനിമകളിലും സൂപ്പർ തരങ്ങളോട് ഏറ്റുമുട്ടുന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് വാണി വിശ്വനാഥിന് ലഭിച്ചത്. തനിക്ക് കരുത്തുറ്റ ഒരു കഥാപാത്രം നൽകുക എന്നതായിരുന്നില്ല സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ ഉദ്ദേശം. മറിച്ച് സൂപ്പർ താരങ്ങളോട് ഏറ്റുമുട്ടാനായി അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നുവെന്ന് വാണി വിശ്വനാഥ് പറയുന്നു.

‘അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കുന്ന കഥാപാത്രമായിരുന്നു അത്. അവർക്ക് മുന്നിൽ തോൽക്കുമെന്ന് തോന്നുമെങ്കിലും പ്രേക്ഷക‍ർ ആ കഥാപാത്രങ്ങളെ സ്നേഹിച്ചു. മറ്റ് നായികമാർ ഏറ്റുമുട്ടി തളരുമ്പോൾ തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ അതിന് വിപരീതമായി നിന്നുവെന്ന് വാണി വിശ്വനാഥ് ഓ‍ർക്കുന്നു.

Read Also : സിനിമയിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞ് നിന്നതാണ്; അതിന് കാരണമുണ്ട്: മനസ് തുറന്ന് ബാബു ആന്റണി

മലയാള സിനിമയിലെ നായികമാർ ഫൈറ്റേഴ്സല്ല, സർവൈവേഴ്സ്

‘പ്രതി പൂവൻ കോഴി, ഹെലൻ, കപ്പേള, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങി സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഇപ്പോൾ മലയാള സിനിമയിൽ വരുന്നുണ്ട്. പക്ഷേ
സ്ത്രീകൾക്ക് പരിമിതികളുള്ള കഥാപാത്രങ്ങളാണ് അത്. അത്തരം കഥാപാത്രങ്ങൾ ഒരിക്കലും എന്നെ വച്ച് ചെയ്യാൻ സാധിക്കില്ല. അങ്ങനൊരു സ്ത്രീയായി എന്നെ പ്രേക്ഷകർക്ക് ചിന്തിക്കാൻ സാധിക്കുമോ ? സ്വന്തം ദുരനുഭവത്തിൽ നിന്ന് രക്ഷപ്പെടുന്ന സർവൈവേഴ്സാണ് ഈ സിനിമകളിൽ കാണിക്കുന്നത്. വേറൊരു പെൺകുട്ടിക്കെതിരെ അതിക്രമം നടക്കുമ്പോൾ അവളെ അതിൽ നിന്ന് രക്ഷിക്കാൻ മറ്റൊരു സ്ത്രീ എത്തുന്നത് പോലുള്ള കഥാപാത്രങ്ങൾ ഉണ്ടാകുന്നില്ല. അത്തരം കഥാപാത്രങ്ങളാണ് വേണ്ടത്. സൂപ്പർ ഹീറോ മാത്രമേ ഇവിടുള്ളു…സൂപ്പർ ഹീറോയിനുകളും വേണം…’

സിനിമയിലും സ്ത്രീ കരുത്തയാവണം

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ സൃഷ്ടിക്കേണ്ടത് തിരക്കഥാകൃത്തുകളുടെ ഉത്തരവാദിത്തമാണെന്ന് വാണി വിശ്വനാഥ് പറയുന്നു. സൂപ്പർ താരങ്ങൾക്ക് വേണ്ടി കഥകളെഴുതാതെ, നല്ല തിരക്കഥയെഴുതിയ ശേഷം കഥയ്ക്ക് അനുയോജ്യരായവരെ വേണം തെരഞ്ഞെടുക്കാൻ. ‘സൂപ്പർ സ്റ്റാറിന് വേണ്ടി കഥയുണ്ടാക്കുകയല്ല, കഥയ്ക്ക് ആര് അനുയോജ്യരാകും എന്ന് ചിന്തിക്കണം. ഈ കഥാപാത്രം ആണിന് കൊടുക്കണോ, പെണ്ണിന് കൊടുക്കണോ എന്ന് ചിന്തിച്ച് തുടങ്ങിയാൽ മാറ്റങ്ങൾ സംഭവിക്കും’- വാണി വിശ്വനാഥ് പറയുന്നു.

ഡബ്ലിയുസിസി പോലുള്ള സംഘടനകൾ ആവശ്യമാണ്..

ഡബ്ലിയുസിസി രൂപീകരിച്ച സമയത്ത് ഞാൻ സിനിമയിൽ സജീവമായിരുന്നില്ല. എന്നോട് അം​ഗത്വത്തെ കുറിച്ച് ആരും സംസാരിച്ചുമില്ല. ഞാൻ സജീവമായിരുന്നുവെങ്കിൽ തീർച്ചയായും അവരെന്നെ ക്ഷണിക്കുമായിരുന്നു. ഏതൊരു കാര്യം തുടങ്ങുമ്പോഴും ആലോചിക്കണം, ചേർന്ന് കഴിഞ്ഞാൽ നൂറ് ശതമാനം നീതി പുലർത്തി നിൽക്കണം. മലയാള സിനിമയിൽ അത്തരം സംഘടനകൾ അത്യാവശ്യമാണ്.


ഇന്ന് എല്ലാത്തിനും ഓരോ പ്രത്യേക ഡേയും, സംഘടനകളും യൂണിയനുകളും ഉണ്ട്. പിന്നെ എന്തുകൊണ്ട് സ്ത്രീകൾക്ക് ഉണ്ടായിക്കൂടാ ? തുടക്കത്തിലെ ആവേശം ഒട്ടും ചോരാതെ തന്നെ മുന്നോട്ട് പോകണമെന്നാണ് അവരോട് പറയാൻ ഉള്ളത്’ – വാണി വിശ്വനാഥ് ചോദിക്കുന്നു. 2002 ന് ശേഷം വളരെ അപൂർവമായി മാത്രമേ സിനിമകൾ ചെയ്തിട്ടുള്ളൂ. അതുകൊണ്ടാണ് സിനിമാ സംഘടനകളിൽ നിന്നെല്ലാം അകന്ന് നിന്നത്. അമ്മയുടെ മീറ്റിം​ഗിലും വരാറുണ്ടായിരുന്നില്ല. എന്നാൽ പുതിയതായി ഒരു ചിത്രം വരാനിരിക്കുന്നത് കാരണം ഇനി സംഘടനയിലും സിനിമാ ലോകത്തും സജീവമാകണമെന്ന് തോന്നി. അതുകൊണ്ടാണ് കഴിഞ്ഞ അമ്മയുടെ മീറ്റിം​ഗിൽ പങ്കെടുത്തത്- വാണി വിശ്വനാഥ് കൂട്ടിച്ചേർത്തു.

വേണ്ടെന്നുവച്ച ഹിറ്റ് ചിത്രങ്ങൾ

തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലെല്ലാം തിരക്കിലായിരുന്നതിനാൽ ചില നല്ല മലയാള സിനമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞില്ല. ഡേറ്റുകൾ തമ്മിൽ ക്ലാഷ് വരുന്നതിനാൽ പല മലയാള സിനിമകളും വേണ്ടെന്നുവെച്ചിട്ടുണ്ട്. അതിലൊന്ന് സുകൃതത്തിലെ ​ഗൗതമിയുടെ വേഷമായിരുന്നു. എന്നാൽ അതിൽ നഷ്ടബോധമില്ല. ചില കഥാപാത്രങ്ങൾ നമ്മളെ മോഹിപ്പിക്കും. മണിച്ചിത്രത്താഴ് കണ്ടപ്പോൾ ശോഭനയുടെ കഥാപാത്രം ചെയ്യണമെന്നല്ല , മറിച്ച് മോഹൻലാലിന്റെ കഥാപാത്രം ചെയ്യാനാണ് എനിക്ക് താത്പര്യം തോന്നിയത് ‘- വാണി വിശ്വനാഥ് പറയുന്നു.

ബോളിവുഡിലെത്തിയത് എങ്ങനെ ?

ചെറുപ്പം മുതലേ മിഥുൻ ചക്രബർത്തിയുടെ വലിയ ഫാനായിരുന്നു ഞാൻ. ആദ്യ രണ്ട് ചിത്രവും മിഥുൻ ചക്രബർത്തിയുടെ ഒപ്പമായിരുന്നു എന്നത് വലിയ ഭാ​ഗ്യമായാണ് കാണുന്നത്. തെലുങ്കിൽ അഭിനയിച്ചിരുന്നപ്പോഴാണ് ഹിന്ദിയിലേക്ക് അവസരം ലഭിക്കുന്നത്. പത്മാലയ സ്റ്റുഡിയോയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മിഥുൻ ചക്രബർത്തി എന്നെ കാണുന്നത്.- വാണി വിശ്വനാഥ് പറഞ്ഞു.

vani viswanath come back interview

ചിത്രം എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കിൽ അഭിനയിക്കാനെത്തിയതായിരുന്നു മിഥുൻ ചക്രബർത്തി. ചിന്ന മരുമകൾ എന്ന സിനിമയുടെ കഥ കേട്ടിരുന്ന മിഥുൻ, ആ ചിത്രത്തിന് വേണ്ടി ഈ ചെറിയ പെൺകുട്ടിയെ ആണോ കാസ്റ്റ് ചെയ്തതെന്ന് അത്ഭുതപ്പെട്ടു . അന്ന് പതിനേഴ് വയസ് മാത്രമുണ്ടായിരുന്ന വാണി വിശ്വനാഥിനെ കണ്ട മിഥുൻ ചക്രബർത്തിക്ക് അത്ഭുതമായിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം മിഥുൻ ചക്രബർത്തിയുടെ തന്നെ നായികയായി വാണി തിളങ്ങി.

മടങ്ങിയെത്തുമ്പോൾ പ്രതീക്ഷിക്കുന്നതെന്ത് ?

എനിക്ക് ചെയ്യാൻ കഴിയാതെ പോയ കുറേ കഥാപാത്രങ്ങളുണ്ട്. ആ​ഗ്രഹങ്ങളൊരുപാട് ഉണ്ടായിരുന്നു. എന്നെ എങ്ങനെയാണ് പ്രേക്ഷകർക്ക് കാണാൻ താത്പര്യമുള്ളത് ,അത്തരം കഥാപാത്രങ്ങൾക്കാണ് കാത്തിരിക്കുന്നത്. ഫൈറ്റ് സീനുകൾ ഒരുപാട് ചെയ്തിട്ടുണ്ട്. പക്ഷേ ഒരു ബ്രഹ്മാണ്ഡ ഫൈറ്റ് സീനൊന്നും ലഭിച്ചിട്ടില്ല. ആ ആ​ഗ്രഹവും, നഷ്ടബോധവും മനസിൽ വച്ചാണ് വീണ്ടും സിനിമയിലേക്ക് തിരികെയെത്തുന്നതെന്ന് വാണി വിശ്വനാഥ് പറയുന്നു. ഡാൻസ് സീനുകളോ, അത്തരം ചിത്രങ്ങളോടോ താത്പര്യമില്ല. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിരവധി നൃത്ത രം​ഗങ്ങൾ ചെയ്തതുകൊണ്ട് ഇനി അത്തരം വേഷങ്ങളോട് താത്പര്യമില്ല- വാണി വിശ്വനാഥ് വ്യക്തമാക്കി.

2002 ൽ വിവാഹം കഴിഞ്ഞതോടെയാണ് വാണി വിശ്വനാഥ് സിനിമ വിടുന്നത്. കുട്ടികളുടെ കാര്യം നോക്കാൻ തന്നെ 24 മണിക്കൂർ തികയുന്നില്ലെന്ന് വാണി വിശ്വനാഥ് പറയുന്നു. മകൾ ആർച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. മകൻ എട്ടാം ക്ലാസിലും. കുട്ടികൾ വലുതായതോടെയാണ് സിനിമയിലേക്ക് തിരിച്ചു വരാമെന്ന തീരുമാനത്തിൽ എത്തിയത്. അങ്ങനെയാണ് ക്രിമിനൽ ലോയർ എന്ന ചിത്രത്തിനോട് യെസ് പറയുന്നത്. ടൈറ്റിൽ റോളാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ക്രിമിനൽ വക്കീലായുള്ള വാണി വിശ്വനാഥിന്റെ തീപ്പൊരി പ്രകടനത്തിനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

Story Highlights : vani viswanath come back interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here