Advertisement

‘നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അത് നന്നായി ചെയ്തുകൊടുക്കും’; ജാഫര്‍ ഇടുക്കി

January 1, 2022
Google News 1 minute Read
jaffer idukki

അരുണ്യ.സി.ജി/ ജാഫര്‍ ഇടുക്കി

പുതിയ നിരവധി നല്ല സിനിമകളുടെ ഭാഗമായി ജാഫര്‍ ഇടുക്കിയെത്തുന്നുണ്ട്. കഥാപാത്രങ്ങളുടെ കാര്യത്തില്‍ സെലക്ടീവ് ആകുന്നുണ്ടോ?

സെലക്ടീവ് എന്ന് പറയാനാകില്ല. സിനിമയിലേക്കെത്തിയ ആദ്യ കാലത്ത് ചെറിയ ചെറിയ റോളുകളായിരുന്നു കിട്ടിയത്. ഇപ്പോള്‍ മുഴുനീള കഥാപാത്രങ്ങളിലേക്ക് ആളുകള്‍ വിളിക്കുമ്പോള്‍ അത് ചെയ്യുന്നു എന്നേയുള്ളൂ. ഒരു സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ അത് എന്റെ റോളിനനുസരിച്ചാണ്. ചെറിയ വേഷങ്ങളാണ് കിട്ടുന്നതെങ്കില്‍ എന്റെ ഭാഗം മാത്രമേ കേള്‍ക്കൂ. നമ്മളെ തെരഞ്ഞെടുത്ത് ചെയ്ത ചില സിനിമകള്‍ വരാറുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ കഥ മുഴുവന്‍ കേട്ടിട്ടാണ് തെരഞ്ഞെടുക്കുക.

ഡയലോഗ് പറയുമ്പോള്‍ സ്വന്തം നിലയില്‍ പൊടിക്കൈകള്‍ ചേര്‍ക്കാറുണ്ടോ?സംവിധായകര്‍ പറയുന്ന എലമെന്റ്സ് മാത്രമാണോ?

ഒരു നടനെന്ന നിലയില്‍, ഞാന്‍ മാത്രമല്ല, അഭിനയിക്കുന്നത് ആരായാലും സ്‌ക്രിപ്റ്റ് ബേസ്ഡ് മാത്രമല്ലാതെ കയ്യില്‍ നിന്ന് ചില പൊടിക്കൈകളൊക്കെ ഇടാറുണ്ട്. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ വലിയ വലിയ സംവിധായകരൊക്കെ അളന്നുമുറിച്ച്, ഇതുമതി എന്ന് പറയുന്നവരുമുണ്ട്. ഇപ്പോള്‍ സിനിമയില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകുന്നുണ്ട്.

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നോ?

ചുരുളിയിലെ ഭാഷാപ്രയോഗം അങ്ങനെയാണ്. അതൊരു നാടിന്റെ പ്രത്യേകതയാണ്. എന്നെ പക്ഷേ നേരിട്ട് ആരും വിളിച്ച് വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം. പക്ഷേ ഒരു ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നൊരു കോള്‍ എനിക്ക് വന്നു. ആദ്യമായാണ് ഒരു സിനിമാ നടനെ ഫോണ്‍ ചെയ്യുന്നത് എന്നാണദ്ദേഹം ആദ്യം പറഞ്ഞത്. സിനിമ കണ്ടു, നന്നായിട്ടുണ്ടെന്നൊക്കെ പറഞ്ഞു. അമൃത ഹോസ്പിറ്റലില് നിന്നും ഒരിക്കല്‍ ഇതുപോലൊരു കോള്‍ വന്നു. അല്ലാതെ സിനിമയെ കുറ്റപ്പെടുത്തി എന്നോരാടും സംസാരിച്ചിട്ടില്ല.

ചുരുളി സിനിമയെ കുറിച്ച് അടിസ്ഥാനമായി പറയുന്ന കാര്യങ്ങളാണ്, ഇത് പ്രായപൂര്‍ത്തിയായവര്‍ക്ക് കാണാനുള്ള സിനിമയാണ്. ഇത് ആ നാട്ടിലെ രീതിയാണ്, അവിടുത്തെ ഭാഷാപ്രയോഗം ഇങ്ങനെയാണ് എന്നൊക്കെ. പിന്നെ അതില്‍ വിമര്‍ശനമുയരേണ്ട ആവശ്യമില്ലല്ലോ.

പൊതുവേ നമ്മള്‍ സിനിമകളിലൊക്കെ കാണുന്ന രീതിയില്‍ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ആ ചിത്രം. പണ്ട് ഒരു സിനിമയില്‍ യക്ഷിയെ കാണിക്കണമെങ്കില്‍ ഒരു വെള്ളസാരിയും ഉടുത്ത്, മുടിയും അഴിച്ചിട്ടാല്‍ മതി. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൂട്ടത്തില്‍ കുറച്ച് കാണും. അതാണ് നമ്മള്‍ കണ്ടിട്ടുള്ള യക്ഷി. ഇന്ന് സിനിമ കുറേ മാറി. ചുരുളിയില്‍ അവതരിപ്പിച്ചിരിക്കുന്ന മാറാല, ചിലന്തി വല തുടങ്ങി ഓരോ കൊച്ചുകാര്യങ്ങളും സൂക്ഷ്മമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മതപരമായും രാഷ്ട്രീയമായും പല വിഷയങ്ങളും ആ സിനിമയിലുണ്ട്. സിനിമ കണ്ട് ഇന്നതൊക്കെ മനസിലാക്കണമെന്ന് നമുക്കൊരാളോട് പറയാനാകില്ല. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ട്.

ജാഫര്‍ ഇടുക്കി ഇന്നൊരു മികച്ച നടനായി മാറിക്കഴിഞ്ഞു. കയ്യില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളും. ഒരു പുരസ്‌കാരം പ്രതീക്ഷിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?

കൂട്ടുകാരൊക്കെ ചിലപ്പോഴൊക്കെ പറയും, ഇക്കാ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എന്നൊക്കെ. പക്ഷേ അവാര്‍ഡ് അല്ലല്ലോ വലുത്. നമ്മളൊരു ജോലിയല്ലേ ചെയ്യുന്നത്. നല്ല കൂലിപ്പണി ചെയ്യുന്ന ഒരാളാണെങ്കില്‍ അവര്‍ക്ക് അവാര്‍ഡ് കൊടുക്കുമോ ? ഇല്ല. സിനിമ കലാപരമായ ഒരു കൂട്ടായ്മയാണ്. അവിടെ പുരസ്‌കാരം കിട്ടുന്നതൊക്കെ ദൈവനിശ്ചയവും ജൂറിയുടെ തെരഞ്ഞെടുപ്പും പോലെയാണ്. ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അര്‍ഹതയുണ്ടെങ്കില്‍ അതാര്‍ക്കാണെങ്കിലും കിട്ടും. ഇപ്പോ എനിക്ക് വേണ്ടത് ജോലിയാണ്. അത് ചെയ്ത് കിട്ടുന്ന ചില്ലറ വീട്ടില്‍ കൊണ്ടുകൊടുക്കണം. കുടുംബത്തെ നോക്കണം. അവാര്‍ഡ് കിട്ടിയാല്‍ സന്തോഷത്തോടെ സ്വീകരിക്കും. നന്ദിയും പറയും.

പഴയ സംവിധായകര്‍ ജാഫര്‍ ഇടുക്കിയുടെ കഴിവുകളെ തിരിച്ചറിയാതെ പോയെന്ന് കരുതുന്നുണ്ടോ?

കലാഭവന്‍ ഷാജോണ്‍ എന്ന നടന്‍ പൊലീസ് ആയി അഭിനയിച്ച സിനിമയാണ് ദൃശ്യം. അത് വലിയ ഹിറ്റാവുകയും നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് കിട്ടുകയും ചെയ്തിട്ടുണ്ട്. ആ നടന്‍ സ്വയം വളര്‍ന്നതാണ്. അല്ലെങ്കില്‍ ഒരിക്കല്‍ പൊലീസുകാരന്‍ ചെയ്‌തെന്ന് കരുതി എന്നും ഏതെങ്കിലും പൊലീസുകാരന്റെ വേഷം ചെയ്യാനാകും വിളിക്കുക. ഒരാള്‍ക്ക് ഒരു മാറ്റം വരുന്നത് അയാള്‍ മാറിച്ചിന്തിക്കുന്നത് കൊണ്ടാണ്. അല്ലാത്തപക്ഷം നമ്മളെക്കാള്‍ നന്നായി ചെയ്യുന്ന മറ്റൊരാളെ ആയിരിക്കും അത് ഏല്‍പ്പിക്കുക.


ഞാന്‍ കോമഡി കഥാപാത്രങ്ങളില്‍ നിന്നും സീരിയസായ റോളുകളിലേക്ക് എത്തിയതാണ്. ഹിറ്റായ സിനിമകളുടെ ഭാഗമായതും അങ്ങനെയാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അത് നന്നായി ചെയ്തുകൊടുക്കും. നല്ല റോള്‍ കിട്ടണമെന്ന് തന്നെയാണ് ആഗ്രഹം. അല്ലാതെ എനിക്ക് ചെറിയ റോള്‍ മതിയെന്ന് പറഞ്ഞ് നടക്കില്ല. എല്ലാവര്‍ക്കും വലുതാകണ്ടേ? എല്ലാവരും നന്നാകണം. എല്ലാവരും ഉയര്‍ച്ചയിലേക്കെത്തണം.

Read Also : ‘ഷിബു അപ്രതീക്ഷിതമായി വന്ന അതിഥി’; ഗുരു സോമസുന്ദരത്തിന് പറയാനുള്ളത്

സിനിമാ മേഖലയില്‍ നിന്ന് മോശമായ അനുഭവം?

ഒരാളില്‍ നിന്നുപോലും സിനിമയില്‍ നിന്ന് എനിക്ക് മോശമായതോ വിഷമിപ്പിക്കുന്നതോ ആയ അനുഭവമുണ്ടായിട്ടില്ല. ഞാന്‍ ഒരിക്കല്‍ ഒരാളോട് സംസാരിച്ചാല്‍ പിന്നെ അവരെന്നെ മറക്കില്ല. എല്ലാവര്‍ക്കും എന്നെ ഇഷ്ടപെടും. അങ്ങനെ വരുത്തുകയും ഇല്ലെന്നാണ് എന്റെ വിശ്വാസം.

മലയാള സിനിമാ രംഗത്തെ വളര്‍ച്ചയെക്കുറിച്ച്? മാറ്റങ്ങളെക്കുറിച്ച്?

ഇന്നത്തെ പല സംവിധായകരും അവരുടേതായ ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ചില വിമര്‍ശനങ്ങളും അപ്പോള്‍ വരും. പക്ഷേ പഴയതില്‍ നിന്നുകൊണ്ട് തന്നെ ഒന്നും ചെയ്യാന്‍ നമുക്ക് പറ്റില്ല, കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരും. ഇന്നത്തെ പിള്ളേരുടെ കയ്യില്‍ ഒരുപാട് എലമെന്റ്‌സ് ഉണ്ട്. പഴമയെ സൂചിപ്പിക്കുന്ന ചില ഘടകങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നേ പറയാനുള്ളൂ. ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. പണ്ടൊക്കെ സിനിമയില്‍ ഒരു നല്ല കഥാപാത്രത്തെ ഒരു നടന്‍ അവതരിപ്പിച്ചാല്‍ മിക്കവാറും അടുത്ത സിനിമയിലും അയാളായിരിക്കും നായകന്‍. ഇന്നങ്ങനെയല്ല. ഒരാള്‍ക്ക് സബ്‌സ്റ്റിറ്റിയൂട്ട് ആയി വരാന്‍ ഒരുപാട് ആളുകളുണ്ട്.

Story Highlights : jaffer idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here