പെഗസിസ് ഫോൺ ചോർത്തൽ; ചാര സോഫ്റ്റ്‌വെയർ ബാധിച്ചുവെന്ന് സംശയിക്കുന്നവർക്ക് വിവരങ്ങൾ കൈമാറാൻ അവസരം

പെഗസിസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ചാര സോഫ്റ്റ്‌വെയർ ബാധിച്ചുവെന്ന് സംശയിക്കുന്നവർക്ക് വിവരങ്ങൾ കൈമാറാൻ അവസരം നൽകി. ജനുവരി ഏഴിന് ഉച്ചയ്ക്ക് മുൻപ് പൊതുജനങ്ങൾക്ക് സമിതിയെ സമീപിക്കാം. ഇതുസംബന്ധിച്ച പൊതു നോട്ടീസ്, സാങ്കേതിക വിദഗ്ധ സമിതി പുറത്തിറക്കി. പെഗസിസ് ബാധയുണ്ടെന്ന് സംശയമുള്ളവർ മൊബൈൽ ഫോൺ തുടങ്ങിയവ സമിതിക്ക് കൈമാറണം. പരിശോധനക്ക് ശേഷം ഇവ തിരികെ നൽകുമെന്നും സമിതി വ്യക്തമാക്കി. (pegasus probe supreme court)
റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി ആർ വി രവീന്ദ്രൻ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് പെഗസിസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ സുപ്രിംകോടതി നിയോഗിച്ചത്. സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസികിലെ പ്രൊ.ഡോ നവീൻകുമാർ ചൗധരി(ഗുജറാത്തിലെ ഗാന്ധി നഗർ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റിയിലെ ഡീൻ), ഡോ.പി പ്രഭാകരൻ (പ്രൊഫസർ, അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം), ഡോ.അശ്വിൻ അനിൽ ഗുമസ്‌തെ (അസോസിയേറ്റ് പ്രൊഫസർ, ഐഐടി മുംബൈ) എന്നിവരടങ്ങിയതാണ് സമിതി.
കോടതി പലതവണ ആവശ്യപ്പെട്ടിട്ടും രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി മറുപടി നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. സമിതി അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം. എട്ടാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. വിഷയത്തിൽ കോടതിക്ക് മൂകസാക്ഷിയായിരിക്കാൻ കഴിയില്ലെന്നും നിലപാടറിയിക്കാൻ കേന്ദ്രസർക്കാരിന് ആവശ്യത്തിലധികം സമയം അനുവദിച്ചിരുന്നതാണെന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തിന് സ്വന്തം നിലയിൽ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ചാരസോഫ്റ്റ് വെയർ ഉപയോഗിച്ചോ എന്നതിൽ കേന്ദ്രസർക്കാർ സുപ്രിംകോടതിക്ക് മറുപടി നൽകിയിരുന്നില്ല. പൊതുതാത്പര്യവും രാജ്യസുരക്ഷയും മുൻനിർത്തി അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ ദി വയറാണ് ആദ്യം പുറത്തുവിട്ടത്. ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിയ്ക്കുകയും സംഭവത്തിൽ സുപ്രിംകോടതി ഇടപെടുകയുമായിരുന്നു. കേന്ദ്രസർക്കാരിൻ്റെ അറിവോടെയാണ് ഫോൺ ചോർത്തൽ നടന്നതെന്ന് ആരോപണമുയർന്നിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചു.
Story Highlights : pegasus probe supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here