25
Jan 2022
Tuesday

പലനിറങ്ങളിലുള്ള പഴവർഗങ്ങളും ആരോഗ്യവും തമ്മിൽ; റെയിൻബോ ഡയറ്റിനെപ്പറ്റി അറിയാം

rainbow diet colors fruit

പല നിറങ്ങളിലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? (rainbow diet colors fruit)

എന്തിനും ഏതിനും നിരവധി ചോയ്‌സുകൾ ഉള്ള ആധുനിക ലോകത്ത് മനുഷ്യൻ നിരന്തരം നേരിടുന്ന വെല്ലുവിളിയാണ് തിരഞ്ഞെടുപ്പ് എന്നുള്ളത്. ഇതല്ലെങ്കിൽ അത് എന്ന് തീരുമാനിക്കാൻ വേണ്ടുന്ന ഓപ്ഷനുകൾ ഇന്ന് എല്ലാ വിഷയത്തിലുമുണ്ട്. എന്ത് കഴിക്കണം എന്ന് ചിന്തിക്കുമ്പോഴും പലരും തിരഞ്ഞെടുപ്പിൽ വലയാറുണ്ട്. കൊഴുപ്പ് അധികമായുള്ള ഭക്ഷണം ബോധപൂർവം ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോഴും അതിൽ തെറ്റുപറ്റിയെന്ന് വരാം. നമുക്ക് വൈവിധ്യമാർന്ന ഭക്ഷണക്രമം ആവശ്യമാണെന്നുള്ള വസ്തുത ഗവേഷകർ പരക്കെ അംഗീകരിക്കുന്നു. വൈവിധ്യം എങ്ങനെ ഭക്ഷണത്തിൽ കൊണ്ടുവരും? വളരെ ലളിതമായി പറഞ്ഞാൽ അതിനുള്ള ഒരു എളുപ്പവഴിയാണ് മഴവില്ലിന്റെ എല്ലാ നിറങ്ങളും കഴിക്കുക എന്നത്.

ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി നിറമാണോ?

മെഡിറ്ററേനിയൻ ഭക്ഷണക്രമമാണ് ഏറ്റവും ആരോഗ്യകരമെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമായ കൊഴുപ്പുകളുമുള്ള മെഡിറ്ററേനിയൻ ഭക്ഷണക്രമം നിറങ്ങളാൽ സമ്പുഷ്ടമാണ്. ഫ്ലോറൻസ് സർവകലാശാലയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ അസോസിയേറ്റ് പ്രൊഫസർ ഫ്രാൻസെസ്കോ സോഫി പറയുന്നത് ഇങ്ങനെയാണ്, “പരമ്പരാഗത മെഡിറ്ററേനിയൻ ഭക്ഷണം കഴിക്കുകയെന്നാൽ, നിങ്ങൾ വ്യത്യസ്ത പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റുകളും കഴിക്കുന്നു എന്നാണ്”. സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ചെറിയ രാസ സംയുക്തങ്ങളാണ് ഫൈറ്റോ ന്യൂട്രിയന്റുകൾ, ഇത് വലിയ പോഷകങ്ങളെ ദഹിപ്പിക്കാനും നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. എന്നാൽ, വെജിറ്റേറിയൻ ഡയറ്റ് പോലെയുള്ള മറ്റ് പച്ചക്കറി ഭക്ഷണങ്ങളിൽ നിന്ന് നിറങ്ങൾ വ്യത്യസ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്തുകൊണ്ട് മെഡിറ്ററേനിയൻ ഭക്ഷണക്രമം ആരോഗ്യകരമാകുന്നു?

മെഡിറ്ററേനിയൻ ജനത പരമ്പരാഗതമായി ഭക്ഷണം ഫ്രൈ ചെയ്യുന്നതിനുപകരം അവരുടെ പച്ചക്കറികൾ മിതമായി പാകം ചെയ്താണ് കഴിക്കുന്നത്. ഇത് പോഷകങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. നമ്മുടെ തലച്ചോറിനും ഹൃദയത്തിനും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ വിസ്മരിക്കാൻ കഴിയാത്തതാണ്. വ്യത്യസ്ത നിറങ്ങളിലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് എല്ലാ സുപ്രധാന പോഷകങ്ങളും ശരീരത്തിന് ലഭ്യമാക്കും എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കാരണം, സസ്യഭക്ഷണങ്ങളിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ എന്ന് വിളിക്കപ്പെടുന്ന ആയിരക്കണക്കിന് പ്രകൃതിദത്ത സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, കരോട്ടിനോയിഡുകളും ഫ്ലേവനോയ്ഡുകളും ഇതിൽ ഉൾപ്പെടുന്നു. വ്യത്യസ്ത നിറങ്ങളിലുള്ള സസ്യങ്ങൾ വ്യത്യസ്ത ഗുണങ്ങളോടെയാണ് വരുന്നത്. അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട തലച്ചോറിലെ ന്യൂറോടോക്സിസിറ്റി തടയുന്നതിലൂടെ ഫ്ലേവനോയ്ഡുകൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.

20 വർഷത്തിലേറെയായി 50,000 ആളുകളുടെ ഭക്ഷണക്രമത്തിൽ നടത്തിയ പഠനത്തിൽ നിന്നും, ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എപ്പിഡെമിയോളജിയിലെ ഗവേഷകനായ ടിയാൻ-ഷിൻ യേ പറയുന്നു, ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിൽ ബഡിമാന്ദ്യവും ഡിമെൻഷ്യയും ഉണ്ടാവുന്നത് കുറവാണ്.

ബ്ലൂബെറി ഉൾപ്പെടെയുള്ള നീല നിറമുള്ള ഭക്ഷണങ്ങളിൽ പ്ലാന്റ് പിഗ്മെന്റ് ആന്തോസയാനിന്റെ ഉയർന്ന ഘടകങ്ങൾ ഉണ്ട്. ഇത് ഹൃദ്രോഗ സാധ്യതയും ടൈപ്പ് ടു പ്രമേഹവും കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിന് മഞ്ഞ നിറം നൽകുന്ന ഫ്ലേവോൺസ് ഹൃദ്രോഗ സാധ്യത കുറയ്ക്കും.

ചില സസ്യ പിഗ്മെന്റുകൾ ശരീരത്തിന്റെ ചില ഭാഗങ്ങളിലേക്ക് പ്രവേശിക്കുകയും അവിടെ നിലനിൽക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, പലതരം മഞ്ഞ, പച്ച ഭക്ഷണങ്ങളിൽ ല്യൂട്ടിൻ കാണപ്പെടുന്നു, ഇത് കണ്ണിന്റെ പിൻഭാഗത്തുള്ള മാക്കുലയിലേക്ക് സഞ്ചരിക്കുകയും, മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുകയും ചെയുന്നു. പല വർണ്ണത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു ഭക്ഷണം അമിതമായി കഴിഹിക്കുന്നതിന്റെ പ്രതികൂല ഫലങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.

എന്താണ് റെയിൻബോ ഡയറ്റ്?

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ റെയിൻബോ ഡയറ്റ് വളരെ അധികം ഗുണം ചെയ്യും. വൈവിധ്യമാർന്ന നിറങ്ങൾ എന്നാൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നാണ് അർത്ഥമാക്കുന്നത്. വർണ്ണാഭമായ ഭക്ഷണം കഴിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. റെയിൻബോ ഡയറ്റ് പഴങ്ങളിലും പച്ചക്കറികളിലും മാത്രമായി ഒതുങ്ങി നിൽക്കുന്നതുമല്ല. സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ, ധാന്യങ്ങൾ, ചായ എന്നിവ പോലുള്ള മറ്റ് പ്രകൃതിദത്ത ഭക്ഷണങ്ങൾ എന്നിവയും റെയിൻബോ ഡയറ്റിൽ ഉൾപ്പെടും. ഇത് അർബുദ രോഗത്തിനും ഫലപ്രദമാണ്.

എന്നാൽ, കേക്ക്, മധുരപലഹാരങ്ങൾ, പിസ്സ എന്നിവ പോലെയുള്ള ഭക്ഷണങ്ങളിൽ കൃത്രിമ കളറിംഗ് ചേർത്തുണ്ടാക്കുന്നത് റെയിൻബോ ഡയറ്റിൽപ്പെടുന്നില്ല.

ഭക്ഷണത്തിൽ നിന്ന് പോഷകങ്ങളുടെയും ഫൈറ്റോ ന്യൂട്രിയന്റുകളുടെയും ഫലങ്ങൾ ലഭിക്കുന്നതിന് നിറത്തിന് പുറമെ ഭക്ഷണത്തിന്റെ രുചിയ്ക്കും പങ്കുണ്ട്. കയ്പേറിയതും രുചിയുള്ളതുമായ പച്ചക്കറികൾ കഴിക്കുന്നയാൾക്ക് നാരിന്റെ അംശവും അവയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകളുടെ വ്യാപ്തിയും കാരണം രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയുന്നുണ്ടെന്ന് പഠനം കണ്ടെത്തി. നാരുകൾ അടങ്ങിയ പച്ചക്കറികളും കാബേജുകളും ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, മറ്റ് ബയോ ആക്റ്റീവ് ഫൈറ്റോകെമിക്കലുകൾ എന്നിവ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ആരോഗ്യസ്ഥിതി കൈവരിക്കാൻ സഹായിക്കുന്നു.

Story Highlights : rainbow diet various colors fruit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top