കർഫ്യൂ ലംഘിച്ചെന്ന് ആരോപണം; മത്സ്യത്തൊഴിലാളിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

കർഫ്യൂ ലംഘിച്ചെന്നാരോപിച്ച് മത്സ്യത്തൊഴിലാളിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. ഡിസംബർ 31നാണ് പുന്നപ്ര സ്വദേശി അമൽ ബാബുവിന് മർദ്ദനമേറ്റത്. പരുക്കേറ്റ അമൽ ബാബുവിനെ ഭീഷണിപ്പെടുത്തി പൊലീസ് മൊഴി മാറ്റിച്ചു എന്നും പരാതിയിലുണ്ട്. അമൽ ബാബു തന്നെയാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. (police brutality alappuzha punnapra)
“31ആം തിയതി രാത്രി പെങ്ങളെ ആക്കാൻ പോയതാണ്. അവിടെ പൊലീസ് നിൽക്കുന്നത് കണ്ടു. തിരിച്ചുവരുമ്പോഴും പൊലീസ് അവിടെയുണ്ട്. ഇവരൊക്കെ കൂടി വട്ടം നിന്നിട്ട് എന്നെ അടിച്ചു. അവിടെ നിന്ന് കുറച്ച് മാറി വണ്ടിയിൽ നിന്ന് വീണു. അപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന അനിയൻ ഓടി. അപ്പോൾ ബൈക്കിൽ വന്ന രണ്ട് പൊലീസുകാർ എന്നെ അടിച്ചു. എൻ്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. എന്നിട്ട് ജീപ്പിൽ പൊലീസുകാർ വന്നു. എസ്ഐ എന്നെ അടിച്ചു. ഒരുപാട് ഇടിച്ചു.”- അമൽ ബാബു പറഞ്ഞു.
Read Also : പൊലീസിന്റെ ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മാത്രമൊരു വകുപ്പ്; ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് കെ.സുധാകരന്‍
ലാത്തികൊണ്ട് അടിയേറ്റതിൻ്റെ പാടുകൾ അമലിൻ്റെ ശരീരത്തിലുണ്ട്. യുവാവിന് ഇപ്പോൾ നടക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല. മർദ്ദനത്തിനു ശേഷം ഒരു പെറ്റിക്കേസ് മാത്രമെടുത്ത് പിറ്റേന്ന് രാവിലെയാണ് പറഞ്ഞുവിടുന്നത്. ഇങ്ങനെ ഒരു സംഭവം നടന്നതായി അറിവില്ലെന്നാണ് സിഐ പറയുന്നത്. ആദ്യം അമലിനെ മർദ്ദിച്ചപ്പോൾ അമൽ പൊലീസിനെ ചീത്തവിളിച്ചെന്നും പിന്നീടാണ് ക്രൂരമായി മർദ്ദിച്ചതെന്നും ചില സൂചനകളുണ്ട്.
സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ ‘തങ്ങൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ പ്രത്യാഘാതമുണ്ടാവുമെ’ന്ന് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ബൈക്കിൽ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് അമൽ മൊഴിനൽകിയത്. അമലിൻ്റെ കൈവശം ഐഫോൺ 12 ഉണ്ടായിരുന്നു. ഫോൺ എസ്ഐ വാങ്ങി നിലത്തെറിഞ്ഞ് തകർത്തു എന്ന് അമൽ പറയുന്നു. സിം കാർഡും ഫോണും തിരികെ നൽകിയില്ല. ഗുരുതരമായി പരുക്കേറ്റ അമലിനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയുമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു. ആദ്യം പൊലീസിനെ ഭയന്ന് പരാതി നൽകിയില്ലെന്നും പിന്നീട് പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും അമലിൻ്റെ പിതാവ് ബാബു വ്യക്തമാക്കി.
Story Highlights : police brutality alappuzha punnapra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here