Advertisement

വിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം, തെരെഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ച് ഗോവ

January 7, 2022
Google News 1 minute Read

ഗോവൻ ജനത വിധിയെഴുതാൻ ഇനി രണ്ടുമാസത്തിൽ താഴെ മാത്രമേ സമയം ഉള്ളുവെന്നതിനാൽ തെരെഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു കഴിഞ്ഞു. രാഷ്ട്രീയപാർട്ടികൾ ഘട്ടം ഘട്ടമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടർമാർക്ക് മുന്നിൽ വച്ചു തുടങ്ങി. ഇത്തവണ കോൺഗ്രസ്‌ നൽകുന്ന വാഗ്ദാനങ്ങളിൽ ഒന്ന് കാലുമാറ്റക്കാരെ പാർട്ടിക്ക് വേണ്ട എന്നാണ്.

കൂറുമാറുന്ന പതിവ് എന്നെന്നേക്കുമായി അവസാനിപ്പിക്കും. കർണാടകയിലും മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലുമെല്ലാം കണ്ടത് സമീപകാലത്തെ ഉദാഹരണങ്ങൾ. എംഎൽഎമാരുടെ കൊഴിഞ്ഞു പോക്കിൽ വലിയ ക്ഷീണവും തിരിച്ചടിയുമേറ്റ പാർട്ടിയാണ് ഗോവയിലെ കോൺഗ്രസ്‌. തിരിച്ചടി തുടരുന്നതിനിടെ ഗോവ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വം കഴിഞ്ഞ ദിവസം ഒരു സുപ്രധാന തീരുമാനം കൈകൊണ്ടു. കൂറുമാറി വരുന്ന ഒരാളെയും പാർട്ടിയ്ക്ക് വേണ്ട.

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

വോട്ടർമാർ ഒരു പാർട്ടി ചിഹ്നത്തിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, അധികാരത്തിനുവേണ്ടി മാത്രം അവർ പാർട്ടി മാറുന്നത് ശരിയല്ലെന്നും അതു വോട്ടർമാരോടുള്ള വഞ്ചനയാണെന്നും കോൺഗ്രസ്‌ നേതൃത്വം പറയുന്നു. അതുകൊണ്ടാണ് ധീരമായ ഈ തീരുമാനം കൈകൊണ്ടതെന്നാണ് പാർട്ടി വിശദീകരണം.

1991 ൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ പിന്തുണയോടെ പ്രോഗ്രസ്സീവ് ഡെമോക്രറ്റിക് ഫ്രണ്ട് ആയിരുന്നു ഗോവ ഭരിച്ചിരുന്നത്. ലൂയിസ് പ്രോട്ടോ ബാർബോസ ആയിരുന്നു മുഖ്യമന്ത്രി. അന്നു സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസ്‌ കൂട്ടുപിടിച്ചത് രവി നായിക്കിനെ. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എംഎൽഎയായിരുന്നു അപ്പോൾ നായിക്. ആറു എംഎൽഎമാരെയും കൂടെ കൂട്ടി നായിക് എത്തിയപ്പോൾ പാർട്ടി അംഗത്വം മാത്രമല്ല മുഖ്യമന്ത്രി സ്ഥാനവും നൽകി കോൺഗ്രസ്‌. ഇപ്പോൾ കൂറുമാറി എത്തുന്നവരെ സ്വീക്കരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ഈ നിലപാടുമായി കോൺഗ്രസിന് എത്രകാലം മുന്നോട്ടുപോകുമെന്ന് കാത്തിരുന്നു കാണാം.

സർക്കാരുകൾ വീണ ചരിത്രം

അംഗങ്ങളുടെ കൂറുമാറ്റം കൊണ്ട് സർക്കാരുകൾ വീണ ചരിത്രം ഗോവയ്ക്ക് ഉണ്ട്. 1999ൽ 21 സീറ്റുകളുമായി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ ലൂസിഞ്ഞോ ഫലേരിയോയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സർക്കാർ ഭരണത്തിലിരുന്നത് അഞ്ചു മാസത്തിൽ താഴെ മാത്രം. മുഖ്യമന്ത്രി മോഹമുണ്ടായിരുന്ന ഫ്രാൻസിസ്കോ സാർദീനയുടെ നേതൃത്വത്തിൽ പത്തു എംഎൽഎമാർ പാർട്ടി പിളർത്തുകയും ബിജെപി പിന്തുണയോടെ സർക്കാർ ഉണ്ടാക്കുകയും ചെയ്തു.

എന്നാൽ ഈ സർക്കാരിനും ആയുസ് പതിനൊന്നു മാസം മാത്രമായിരുന്നു. കോൺഗ്രസ്‌ നേതാവും അന്നത്തെ പ്രതിപക്ഷ നേതാവുമായ രവി നായിക് പത്തു എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നത്തോടെ 2000 ഒക്ടോബറിൽ മനോഹർ പരീഖറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വന്നു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയ രവി നായിക് ഈമാസം ആദ്യം ബിജെപിയിലേക്ക് മടങ്ങി.

കോൺഗ്രസിന്റെ നഷ്ടം

2017 ൽ 40 അംഗ നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ 17 സീറ്റുമായി കോൺഗ്രസ്‌ ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷെ സർക്കാർ ഉണ്ടാക്കിയത് 13 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന ബിജെപി. പിന്നാലെ അംഗങ്ങൾ കൂറുമാറി തുടങ്ങി. ചിലർ ബിജെപിയായപ്പോൾ ചിലർ തൃണമൂലിൽ ചേർന്നു.ഇപ്പോൾ രണ്ടു എംഎൽഎമാർ മാത്രമാണ് കോൺഗ്രസിന് ഉള്ളത്. മുൻമുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണെയും ദിഗംബർ കാമത്തും

ബിജെപി എംഎൽഎ കോൺഗ്രസിൽ

കൂറുമാറ്റം ഇല്ലാതാക്കുമെന്ന് കോൺഗ്രസ്‌ പറയുമ്പോഴും ഏറ്റവും ഒടുവിൽ ഒരു എംഎൽഎ മറുകണ്ടം ചാടിയത് കോൺഗ്രസ്സിലേക്കാണ്. വാസ്കോ മണ്ഡലത്തിലെ എംഎൽഎയും ബിജെപി നേതാവുമായ കാർലോസ് അൽമെയ്ഡയാണ് കോൺഗ്രസ്‌ പാളയത്തിൽ എത്തിയത്. മനോഹർ പരീഖറിന്റെ കാലത്തെ ബിജെപി അല്ല ഇപ്പോഴത്തെതെന്നാണ് രാജിക്ക് കാരണമായി കാർലോസ് അൽമെയ്ഡ പറയുന്നത്. അൽമെയ്ഡ കോൺഗ്രസിൽ ചേർന്നത് മറ്റു കൂറുമാറ്റങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

Read Also : പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം, കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി തയാറായില്ല, സർക്കാരിനെതിരെ വീണ്ടും ​ഗവർണർ

പദ്ധതികൾ വാഗ്ദാനം നൽകി രാഷ്ട്രീയ പാർട്ടികൾ

സ്ത്രീക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്ത് രണ്ടുമാസം മുൻപേ ഗോവയിൽ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. എല്ലാ സ്ത്രീകൾക്കും പ്രതിമാസം 5000 നൽകാനുള്ള പദ്ധതിയുമായി തൃണമൂൽ കോൺഗ്രസാണ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയത്. സ്ത്രീകൾക്കായി ഗൃഹലക്ഷ്മി സ്കീം ആണ് തൃണമൂല്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഇത് തങ്ങൾ നേരത്തെ നടപ്പാക്കിയതാണെന്ന് ബിജെപി പറഞ്ഞു. 2016 ൽ ബിജെപി സർക്കാ‍ർ കൊണ്ടുവന്ന ഗൃഹ ആധാർ പദ്ധതിയാണ് ചൂണ്ടിക്കാണിക്കുന്നത്. അവിടെ സ്ത്രീകൾക്ക് നൽകിയിരുന്നത് 1500 രൂപയാണ്.

പക്ഷെ കുടുംബത്തിന്‍റെ ആകെ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടരുതെന്നും 15 വർഷമായി ഗോവയിൽ താമസിക്കുന്നവരാവണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളൊന്നും ഗൃഹലക്ഷ്മി പദ്ധിതില്‍ ഉണ്ടാകില്ലെന്നാണ് തൃണമൂൽ വാഗ്ദാനം. കണക്ക് പ്രകാരം മൂന്നരലക്ഷം വീടുകളിൽ സഹായമെത്തും. ബജറ്റിന്‍റെ എട്ട് ശതമാനത്തോളം പദ്ധതിക്കായി വകയിരുത്തും. മാസങ്ങൾക്ക് മുൻപാണ് അധികാരത്തിലെത്തിയാൽ സ‍ർക്കാർ നിലവിൽ നൽകുന്ന 1500 രൂപ 2500 ആക്കുമെന്ന് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചത്.

Story Highlights :goa-elections-2022-outlook-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here