Advertisement

ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

January 14, 2022
Google News 2 minutes Read

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

വിധി കേൾക്കാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി.

Read Also :ഫ്രാങ്കോ കേസ്; കനത്ത സുരക്ഷയിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി

2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

Story Highlights : Bishop franco mulakkal acquitted in nun rape case





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here