മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും തോറ്റു; ഇത് ഹസ്‌നൂറാം അംബേദ്ക്കരി മത്സരിക്കുന്ന 94 മത്തെ തെരഞ്ഞെടുപ്പ്

തോൽവികൾക്ക് മുന്നിൽ പതറാത്ത ധീര പോരാളി എന്നൊക്കെ നമ്മൾ ഒത്തിരി കേട്ടിട്ടുണ്ട്. എന്നാൽ ആ വിശേഷണത്തിന് കൃത്യമായി ചേരുന്ന ഒരു പേരാണ് ഹസ്‌നൂറാം അംബേദ്ക്കരി. 75 വയസ്സുള്ള ഇദ്ദേഹത്തിന്റെ 94 മത് തെരഞ്ഞെടുപ്പ് മത്സരമാണ് വരാൻ പോകുന്നത്. 1984 മുതൽ തുടർച്ചയായി ഹസ്‌നൂറാം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ട്. ലോക്‌സഭാ ,നിയമസഭാ, MLC , ജില്ലാ പഞ്ചായത്ത് , മേയർ, വാർഡ് കൗൺസിലർ എന്നുതുടങ്ങി അദ്ദേഹം ഒരു തെരഞ്ഞെടുപ്പും വിടാറില്ല എന്നതാണ് വാസ്തവം. ഇത്തവണത്തെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മത്സരാർത്ഥിയാണ് ഹസ്‌നൂറാം അംബേദ്ക്കരി. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ പോലും വിജയിച്ചിട്ടില്ല എന്നുള്ളതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. എങ്കിലും തളരാതെ 100 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് റിക്കാർഡ് സ്ഥാപിക്കുകയാണ് ഹസ്‌നൂറാമിന്റെ ലക്ഷ്യം.
1984 -85 ൽ ആഗ്ര തഹസീൽദാർ ഓഫീസിലെ ക്ലർക്ക് ജോലി രാജിവച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ആഗ്ര, ഫിറോസാബാദ്, ഫത്തേഹ്പുർ സിക്രി എന്നീ മണ്ഡലങ്ങളിൽ നിന്ന് ലോക്സഭയിലേക്കും, ഖേരാഗഡ്, ദയാൽബാഗ്, ഫത്തേഹ്പുർ എന്നിവിടങ്ങളിൽ നിന്ന് നിയമസഭയിലേക്കും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ എല്ലാം സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടാണ് ഹസ്‌നൂറാം കളത്തിൽ ഇറങ്ങുന്നത്. പരിഹാസങ്ങളും പിന്തിരിപ്പും പലതവണ ഉണ്ടായിട്ടും ഹസ്‌നൂറാം തന്റെ യജ്ഞത്തിൽ നിന്നും പിന്നോട്ട് പോയില്ല. സ്വന്തം ഭാര്യ പോലും വോട്ട് നൽകാറില്ല എന്ന ആക്ഷേപത്തിന് ഹസ്‌നൂറാം പറയുന്ന മറുപടി ഇങ്ങനെ, ‘ അതൊ ന്നും തൻ്റെ മത്സരങ്ങളെ ബാധിക്കാറില്ല ‘.
Read Also : യുപിയില്‍ ബിജെപി- അപ്‌നാ ദള്‍- നിഷാദ് പാര്‍ട്ടി സഖ്യം; 403 സീറ്റുകളില്‍ മത്സരിക്കും
1988 ൽ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും അദ്ദേഹം നാമനിർദ്ദേശം നൽകിയിരുന്നെങ്കിലും അത് തള്ളിപ്പോയി. മത്സരിച്ച 93 തെരഞ്ഞെടുപ്പുകളിലും തോറ്റുവെന്ന് മാത്രമല്ല കെട്ടിവച്ചതുകപോലും ഒന്നിലും തിരിച്ചുകിട്ടിയിട്ടില്ല. 75 കാരനായ ഹസ്‌നൂറാം അംബേദ്ക്കരി ഇത്തവണ 94 മത്തെ തവണ മത്സരിക്കുന്നത് ഉത്തർപ്രദേശിലെ ഖേരാഗഡ് നിയമസഭാ സീറ്റിൽ നിന്നാണ്. വെള്ളം ,വൈദ്യുതി, വീട്ടുകരം എന്നിവ സൗജന്യമാക്കുക എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് മത്സരങ്ങളിലും വരാനിരിക്കുന്നതിലും ഹസ്‌നൂറാം അംബേദ്ക്കരിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
Story Highlights : Hasnuram Ambedkari to contest his 94th election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here