‘ബ്ലാക്‌മെയില്‍ ചെയ്‌തെങ്കില്‍ ദിലീപ് എന്തുകൊണ്ട് പരാതിപ്പെട്ടില്ല?’; ചോദ്യവുമായി ബാലചന്ദ്രകുമാര്‍

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലത്തില്‍ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ജാമ്യം ലഭിക്കാന്‍ ഇടപെട്ടെന്ന് പറയുന്ന നെയ്യാറ്റിന്‍കര ബിഷപ്പിന് പണം നല്‍കാന്‍ ആവശ്യപ്പെട്ട് ദിലീപിനെ സമീപിച്ചെന്ന ആരോപണത്തെ ബാലചന്ദ്രകുമാര്‍ പൂര്‍ണമായും തള്ളി. ഇതെല്ലാം ദിലീപ് നിവൃത്തിയില്ലാതെ വന്നപ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനായി ഉണ്ടാക്കിയ ന്യായമാണെന്ന് ബാലചന്ദ്രകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
സിനിമ പൂര്‍ത്തിയാക്കുന്നതിനായി ദിലീപുമായി താന്‍ മുന്‍കൈയ്യെടുത്ത് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. സിനിമ വേണ്ടെന്ന് വെച്ചത് താനാണ്. സംവിധായകന്‍ റാഫിയോടുള്‍പ്പെടെ ഇക്കാര്യം പറഞ്ഞിരുന്നു. ദിലീപുമായി പിണങ്ങരുതെന്ന് പറയാന്‍ സമീപിച്ചത് ദിലീപ് പറഞ്ഞുവിട്ട ഒരു സഹസംവിധായകനാണ്. സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്നും ഇതില്‍ നിന്നും താന്‍ പിന്മാറുകയാണെന്നും ഈ സഹസംവിധായകനോട് പറഞ്ഞെന്നും ബാലചന്ദ്രകുമാര്‍ അറിയിച്ചു.
Read Also : നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടാനുള്ള സര്‍ക്കാരിന്റെ ആവശ്യം ദുരുദ്ദേശപരമെന്ന് ദിലീപ് സുപ്രിംകോടതിയില്‍
താന്‍ ബ്ലാക്‌മെയില്‍ ചെയ്യുകയാണെങ്കില്‍ ദിലീപിന് അന്ന് തന്നെ പൊലീസിനെ സമീപിച്ചുകൂടായിരുന്നോ എന്നാണ് ബാലചന്ദ്രകുമാര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. സെലിബ്രിറ്റി കൂടിയായ ഒരാള്‍ എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ല? ദിലീപിന് ഭയമുണ്ട് എന്നതാണ് വിഷയം. ബി സന്ധ്യയെ താന്‍ പലവട്ടം അങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും സന്ധ്യ തന്നെ സ്വാധീനിച്ചു എന്ന ആരോപണം കെട്ടിചമച്ചതാണെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
വിചാരണ കോടതിയെ മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വിചാരണ നീട്ടി നല്‍കാന്‍ അനുമതി നല്‍കരുതെന്നും മറുപടി സത്യവാങ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ‘ന്യായമായ വിചാരണയെ തടസ്സപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. 202 സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു. 533 രേഖകള്‍ ഹാജരാക്കപ്പെട്ടു. 142 തൊണ്ടിമുതല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കോടതി പരിശോധിച്ചു. കേസില്‍ അവസാനത്തെ സാക്ഷി ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ വിചാരണ 29-12-21ല്‍ നിശ്ചയിച്ചിരുന്നതാണ്. ഈ സാക്ഷിയുടെ ക്രോസ് വിസ്താരം കൂടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ കേസിലെ വിചാരണാ നടപടികള്‍ പൂര്‍ത്തിയാകുകയാണ്. അതിനിടയിലാണ് പുതിയ തെളിവുകളും മറ്റും ചൂണ്ടിക്കാട്ടി വിചാരണ നീട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി അത് നിരസിക്കുകയാണുണ്ടായത്. ഇതുവഴി ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത് തനിക്കാണ്. താന്‍ പ്രതിയെന്ന നിലയില്‍ ജയിലില്‍ കഴിയേണ്ടിവന്നെന്നും അനന്തമായി വിചാരണ നീളുന്നത് കൊണ്ട് തന്റെ എല്ലാ വ്യക്തിപരമായ ഗുണങ്ങളും നഷ്ടപ്പെടുന്നു എന്നും ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞു.
Story Highlights : Balachandra Kumar against Dileep