‘മോദിയുടെ കോലം കത്തിച്ചു, പാർട്ടി ഓഫീസ് തകർത്തു’; മണിപ്പൂർ ബിജെപിയിൽ പൊട്ടിത്തെറി

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മണിപ്പൂർ ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി പട്ടികയിൽ നിരാശരായ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെയും കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇംഫാലിലെ ബിജെപി ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർട്ടി ഓഫീസുകൾ അടിച്ചുതകർക്കുകയും പലയിടത്തും പ്ലക്കാർഡുകളുമായി പ്രതിഷേധക്കാർ തടിച്ചുകൂടുകയും ചെയ്തു. കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും നിരവധി നേതാക്കൾ രാജിവച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസിൽ നിന്ന് കൂറുമാറിയവരെ ഉൾക്കൊള്ളാൻ തെരഞ്ഞെടുക്കപ്പെടാത്തവരാണ് അസംതൃപ്തരായ നേതാക്കളിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്.

ബിജെപിയിൽ ചേർന്ന 10 മുൻ കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി ടിക്കറ്റ് നൽകിയിരുന്നു. കാങ്‌പോപിയിൽ നിന്ന് നെംച കിപ്‌ജെൻ, ചന്ദേലിൽ നിന്ന് എസ് എസ് ഒലിഷ്, നൗരിയാപഖംഗ്ലക്‌പയിൽ നിന്ന് സൊറൈസം കെബി ദേവി എന്നീ മൂന്ന് വനിതാ സ്ഥാനാർത്ഥികൾക്കും ബിജെപി സീറ്റ് നൽകി. മൂന്ന് മുൻ ഐഎഎസ് ഓഫീസർമാരെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട് (നുങ്‌ബയിൽ നിന്ന് ഡിംഗങ്‌ലുങ് ഗാങ്‌മേയ് (ദീപു), കാക്‌ചിംഗിൽ നിന്ന് യെങ്ഖോം സുർചന്ദ്ര സിംഗ്, ഉറിപോക്കിൽ നിന്ന് രഘുമണി സിംഗ്). മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തന്റെ പരമ്പരാഗത സീറ്റായ ഹീൻഗാങ്ങിൽ നിന്നാണ് മത്സരിക്കുക. മണിപ്പൂരിലെ മറ്റൊരു പ്രധാന മന്ത്രി ബിശ്വജിത് സിംഗ് തോങ്ജു സീറ്റിൽ മത്സരിക്കും. മുൻ ദേശീയ ഫുട്ബോൾ താരം സൊമതായ് സൈസ ഉഖ്രുളിൽ നിന്ന് മത്സരിക്കും.

ബിജെപി സ്ഥാനാർത്ഥികളുടെ പേരുകൾ കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുമുള്ള ഭൂപേന്ദർ യാദവ് സംസ്ഥാന ഇൻചാർജ് ഡോ.സംബിത് പത്ര എന്നിവരാണ് പുറത്തുവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടത്തിൽ 38 നിയമസഭാ സീറ്റുകളിൽ ഫെബ്രുവരി 27 നും രണ്ടാം ഘട്ടത്തിൽ 22 നിയമസഭാ മണ്ഡലങ്ങളിലേക്കും മാർച്ച് 3 ന് വോട്ടെടുപ്പ് നടക്കും. 2017ലെ തെരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റുകൾ നേടിയെങ്കിലും ചെറുപാർട്ടികളുടെയും സ്വതന്ത്ര എംഎൽഎമാരുടെയും സഹായത്തോടെ സർക്കാർ രൂപീകരിച്ചു. 28 സീറ്റുകളോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവെങ്കിലും സർക്കാർ രൂപീകരിക്കുന്നതിൽ പരാജയപ്പെട്ടു.
Story Highlights : protests-resignations-in-manipur-bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here