Advertisement

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പൊലീസിനെ വിമർശിച്ച് കോടതി

February 3, 2022
Google News 1 minute Read

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. പൊലീസ് കുറ്റപത്രം സമർപ്പിച്ചത് കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണെന്ന് കോടതി കുറ്റപ്പെടുത്തി. പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമമമാണ് കുറ്റപത്രത്തിൽ ചേർക്കാതിരുന്നത്. എസ്‌സി എസ്ടി 325ആം വകുപ്പ് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ അപ്പീൽ പരിഗണിക്കവെയാണ് പരാമർശം.

കേസിൽ കഴിഞ്ഞ വർഷം സെപ്തംബർ 20നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകളാണ് പ്രതി അർജുനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി തെളിവുനശിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ജൂലൈ നാലിനാണ് പ്രതി അർജുനെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടി 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുട്ടം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ജൂൺ 30 നാണ് വണ്ടിപ്പെരിയാറിൽ ആറുവയസുകാരി കൊല്ലപ്പെട്ടത്. സംഭവ ദിവസം വീട്ടിലെത്തിയ പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധരഹിതയായ പെൺകുട്ടി മരിച്ചു എന്നുകരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അർജുൻ ഉൾപ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അർജുന്റെ മൊഴികളിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

Story Highlights : vandiperiyar 6 year old raped murdered high court police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here