ലോകായുക്തയെ വിമർശിച്ച കെ ടി ജലീലിന്റെ അഭിപ്രായം പാർട്ടിയുടേതല്ല; വി സി പുനർനിയമനം ലോകായുക്ത വിധി സ്വാഗതം ചെയ്യുന്നു; കോടിയേരി ബാലകൃഷ്ണൻ

ലോകായുക്തയെ വിമർശിച്ച കെ ടി ജലീലിന്റെ അഭിപ്രായം പാർട്ടിയുടേതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ ടി ജലീലിന്റെ ആരോപണം വ്യക്തിപരമാണ്. ലോകായുക്ത വിഷയത്തിൽ സിപിഐഎം ആരോപണം ഉന്നയിച്ചിട്ടില്ല. കണ്ണൂർ വി സി പുനർനിയമനം ലോകായുക്ത വിധി സ്വാഗതം ചെയ്യുന്നതായി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
മന്ത്രി ഡോ ആർ ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്നാണ് ലോകായുക്ത പറഞ്ഞത്. ലോകായുക്ത ഓർഡിനൻസ് കൊണ്ടുവന്നത് ചില പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയാണ്. ലോകായുക്തയുടെ മുന്നിൽ വരുന്ന ഒരു കേസും ഒഴിവാക്കാനുള്ള ഭേദഗതി കൊണ്ടുവരില്ല. ലോകായുക്ത ഓർഡിനൻസിൽ സിപിഐയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. ഓർഡിനൻസ് ചർച്ച നടന്നപ്പോൾ സിപിഐ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും കോടിയേരി വ്യക്തമാക്കി.
കെ റെയിലുമായി ബന്ധപ്പെട്ട അപേക്ഷയിൽ അനുമതി നൽകുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. സാമൂഹിക ആഘാത പഠനത്തിനാണ് കല്ലിടുന്നത്. സ്ഥലം ഏറ്റെടുത്താൽ മാത്രമേ വായ്പയെടുക്കാനാവൂ. കേന്ദ്രം അനുമതി നിഷേധിച്ചെന്ന വാദം വസ്തുതാപരമായി ശരിയല്ല. കേന്ദ്രാനുമതി ലഭിച്ചാലേ വായ്പ എടുക്കാൻ കഴിയൂ. പദ്ധതിയെക്കുറിച്ച് ബിജെപിയുടേയും കോൺഗ്രസിന്റെയും നിലപാട് മാറ്റണം. വന്ദേ ഭാരത് വന്നാൽ സിൽവർ ലൈൻ വരുന്നതിനേക്കാൾ രൂക്ഷമായ യാത്രാ പ്രശ്നം വരും. വളവുകൾ നിവർത്തണം, അതിന് സിൽവർ ലൈൻ വേണം. എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി പറഞ്ഞു.
കൂടാതെ എൽജെഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് ഉൾപ്പെടെയുള്ളവർ സിപിഐഎമ്മിൽ ചേർന്നു. ഇവർക്കുള്ള ഘടകം ജില്ലാ കമ്മറ്റി പരിശോധിക്കും.സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവരെ ഏത് ഘടകത്തിൽ നിയോഗിക്കണം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Story Highlights: kodiyeri-balakrishnan-against-central-government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here