ആദാമിന്റെ മകന്‍ അബു എന്ന സിനിമയ്ക്ക്
കാരണക്കാരനായ അബൂട്ടി വിടവാങ്ങി

മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അബുവിന് അവലംബമാക്കിയ മട്ടന്നൂര്‍ സ്വദേശി കെ.പി. അബൂട്ടി അന്തരിച്ചു. സംവിധായകന്‍ സലീം അഹമ്മദ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘കെ.പി. അബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പള്ളിയിലും പരിസരങ്ങളിലും അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന അബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്റെ മകന്‍ അബുവിലെ അബു എന്ന കഥാപാത്രത്തിന് പകര്‍ന്ന് നല്‍കിയത്. അള്ളാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ,’ സലീം അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു. ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന കാലത്തുണ്ടായ തന്റെ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ കഥയ്ക്ക് ആധാരമെന്ന് സംവിധായകന്‍ സലീം അഹമദ് പറഞ്ഞിരുന്നു.
Read Also : പതിറ്റാണ്ടിലെ മികച്ച 50 മലയാള സിനിമകൾ
സാമ്പത്തിക പരാധീനതകള്‍ക്കിടയിലും അബു എന്ന വയോധികനായ അത്തറ് കച്ചവടക്കാരന് മക്കയില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മോഹമുണ്ടാകുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. കെ.പി. അബൂട്ടിയുടെ ജീവിതത്തെ മുന്‍നിറുത്തിയാണ് അബു എന്ന കഥാപാത്രത്തെ നിര്‍മ്മിച്ചിരിക്കുന്നത്.
സലീം അഹമ്മദ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് സലീം കുമാറിന് 2010 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
2011 ഒക്ടോബറില്‍ ലങ്കാഷയറില്‍ നടന്ന ലണ്ടന്‍ ചലച്ചിത്ര മേളയിലും 2011ലെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയിലും മത്സര വിഭാഗത്തിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന് ഗോവ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും പുരസ്‌കാരവും ലഭിച്ചിരുന്നു. സംവിധായകനായ സലിം അഹമ്മദിന് ജൂറിയുടെ പരാമര്‍ശവും ലഭിച്ചു. 2011 ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ മികച്ച വിദേശ ചിത്രങ്ങളുടെ മത്സരത്തിലേക്ക് ഭാരത സര്‍ക്കാറിന്റെ ഔദ്യോഗിക ചലച്ചിത്ര എന്‍ട്രിയായി ഈ ചിത്രത്തെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തെങ്കിലും സമര്‍പ്പിക്കപ്പെട്ട 9 ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here