Advertisement

ലെഫ്റ്റ് ആം പേസർ, പേസ് ബൗളിംഗ് ഓൾറൗണ്ടർമാർ; പ്രതീക്ഷ നൽകുന്ന കുട്ടിത്താരങ്ങൾ

February 6, 2022
Google News 2 minutes Read
india under 19 review

അണ്ടർ 19 ലോകകപ്പിൽ നമ്മൾ അഞ്ചാം തവണ ലോക ചാമ്പ്യന്മാരായി. 2000, 2008, 2012, 2018, 2022 വർഷങ്ങളിൽ നമ്മുടെ കുട്ടിത്താരങ്ങൾ ലോക കിരീടം രാജ്യത്ത് എത്തിച്ചു. 2000ൽ മുഹമ്മദ് കൈഫിലൂടെയാണ് ഇന്ത്യ ജൈത്ര യാത്ര ആരംഭിച്ചത്. 2008ൽ വിരാട് കോലി, പിന്നീട് ഉന്മുക്ത് ചന്ദ്, പൃഥ്വി ഷാ എന്നിവരും അണ്ടർ 19 ലോക കിരീടം നേടി. (india under 19 review)

2000ൽ കൈഫിനൊപ്പം യുവരാജ് സിംഗ് ആണ് ആ ടീമിൽ നിന്ന് സീനിയർ ടീമിൽ ശോഭിച്ചത്. വേണുഗോപാൽ റാവു, റീതീന്ദർ സോധി എന്നിവരും ആ ബാച്ചിലെ താരങ്ങളാണ്. 2008 ഒരു ഓൾ സ്റ്റാർ ഇലവനായിരുന്നു. കോലിക്കൊപ്പം രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ എന്നിവർ ഇന്ത്യൻ സീനിയർ ടീമിലെത്തി. സൗരഭ് തിവാരിയും ഇവർക്കൊപ്പം കളിച്ച താരമാണ്. 2012 ആണ് കൂട്ടത്തിൽ നിരാശപ്പെടുത്തിയത്. ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഇപ്പോൾ അമേരിക്കയിൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നു. ഹനുമ വിഹാരി, സന്ദീപ് ശർമ്മ എന്നിവർ ഇന്ത്യൻ ടീമിൽ കളിച്ചു. 2018 ബാച്ചിൽ നിന്ന് പൃഥ്വി ഷായ്ക്കൊപ്പം ശുഭ്മൻ ഗിൽ ആണ് സീനിയർ ടീമിൽ ജഴ്സി അണിഞ്ഞത്. റിയൻ പരഗ്, ശിവം മവി, കമലേഷ് നഗർകൊടി തുടങ്ങിയ പരിചയമുള്ള പേരുകൾ വേറെയുണ്ട്.

കഴിഞ്ഞ വർഷങ്ങളിലൊന്നുമില്ലാത്ത ഒരു പ്രത്യേകത ഇത്തവണത്തെ അണ്ടർ 19 ടീമിലുണ്ട്. ഈ ടീമിൽ ഓൾറൗണ്ടർമാരും ലെഫ്റ്റ് ആം പേസർമാരും കൂടുതലുണ്ട്. പേസ് ബൗളിംഗ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യക്ക് പറയാൻ വളരെ കുറച്ച് പേരുകളേയുള്ളൂ. കപിൽ ദേവ്, ഇർഫാൻ പത്താൻ, ഹാർദ്ദിക് പാണ്ഡ്യ. കഴിഞ്ഞു ലിസ്റ്റ്. ശാർദ്ദുൽ താക്കൂർ, വെങ്കടേഷ് അയ്യർ എന്നിവരെയൊക്കെ പറയാമെങ്കിലും പാണ്ഡ്യയ്ക്കു ശേഷം ഫിനിഷർ റോൾ കൈകാര്യം ചെയ്യാനാവുന്ന ഒരു താരം ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ഇതുപോലെ തന്നെയാണ് ലെഫ്റ്റ് ആം പേസർമാരും. സഹീർ ഖാൻ, ആശിഷ് നെഹ്റ, ഇർഫാൻ പത്താൻ എന്നീ പേരുകൾക്കപ്പുറം സീനിയർ ടീമിൽ സ്ഥിരമാക്കിയ ലെഫ്റ്റ് ആം പേസർമാർ ഇന്ത്യക്ക് ഇല്ല. ജയദേവ് ഉനദ്കട്ട്, ഖലീൽ അഹ്മദ്, ബരീന്ദർ സ്രാൻ എന്നിവരൊക്കെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടൊപ്പമാണ് പാർട്ട് ടൈം ബൗളർമാരുടെ ദൗർലഭ്യം. സച്ചിൻ, സെവാഗ് എന്നിവരെപ്പോലെ പാർട്ട് ടൈമായി പന്തെറിയുന്നവർ ഇപ്പോൾ ഇന്ത്യക്കില്ല. രോഹിതും കോലിയും കരിയർ തുടക്കത്തിൽ കുറച്ചൊക്കെ എറിഞ്ഞിരുന്നെങ്കിലും അവർ അത് തുടർന്നില്ല.

ഇത്തരം ദുർബലതകൾക്കിടയിലേക്കാണ് യാഷ് ധുല്ലും സംഘവും എത്തുന്നത്. രാജ് ബവ, രാജവർധൻ ഹങ്കർഗേക്കർ എന്നിവർ പേസ് ഓൾറൗണ്ടർമാരാണ്. ബവയാണ് അല്പം മുന്നിട്ടുനിൽക്കുന്നത്. ബവ ടൂർണമെൻ്റിലെ ഉയർന്ന റൺ സ്കോറർമാരിൽ എട്ടാമതുണ്ട്. ഫൈനലിൽ അഞ്ച് വിക്കറ്റ് നേടിയ ബവയാണ് ഇംഗ്ലണ്ടിനെ തകർത്തുകളഞ്ഞത്. ടൂർണമെൻ്റിൽ ആകെ 9 വിക്കറ്റും താരത്തിനുണ്ട്. പക്ഷേ, ഹങ്കർഗേക്കർക്ക് സ്ലോഗ് ഓവറുകളിൽ അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള കഴിവുണ്ട്. 186 ആണ് സ്ട്രൈക്ക് റേറ്റ്. ടൂർണമെൻ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റ്. ഹങ്കർഗേക്കർ ബൗളിംഗ് ഓൾറൗണ്ടർ എന്ന് പറയുന്നതാവും ഉചിതം. ഇവർക്കൊപ്പം സ്പിൻ ഓൾറൗണ്ടർ നിഷാന്ത് സിന്ധു, പാർട്ട് ടൈം ബൗളറും ഓപ്പണറുമായ അങ്ക്‌ക്രിഷ് രഘുവൻശി എന്നിവരും ഇന്ത്യൻ യുവനിരയ്ക്ക് വെറൈറ്റി സമ്മാനിക്കുന്നവരാണ്.

ഇനി ലെഫ്റ്റ് ആം പേസർ. ഓപ്പണിംഗ് സ്പെല്ലിൽ ഒരു വിക്കറ്റെങ്കിലും വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ രവി കുമാർ എന്ന ബംഗാളുകാരൻ ഇന്ത്യക്ക് നൽകുന്നത് ഒരുപാട് പ്രതീക്ഷകളാണ്. 13 ശരാശരിയിൽ 10 വിക്കറ്റാണ് ലോകകപ്പിൽ രവി കുമാറിൻ്റെ സ്വത്ത്. മികച്ച കണ്ട്രോളും പേസുമുള്ള രവി ഏറെ വൈകാതെ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകും എന്നുറപ്പ്.

ഇവർക്കൊപ്പം ടെക്നിക്കൽ പെർഫക്ടായ ഷെയ്ഖ് റഷീദ്, പ്രതിഭാധാരാളിത്തമുള്ള യാഷ് ധുൽ, ലെഫ്റ്റ് ആം സ്പിന്നർ വിക്കി ഓസ്‌വാൾ, ഫിനിഷറായി ഉപയോഗിക്കാവുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് ബാന എന്നിവരൊക്കെ ഇത്തവണത്തെ പ്രതീക്ഷകളാണ്. ഇതിൽ ഷെയ്ഖ് റഷീദ് ഒരു അപാര ടാലൻ്റാണ്. ഇത്ര ചെറുപ്പത്തിൽ തന്നെ റഷീദ് കാണിക്കുന്ന പക്വതയും ഷോട്ട് റേഞ്ചും അവിശ്വസനീയമാണ്. റഷീദിനെ വൈകാതെ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കാം.

84 ശരാശരി. 90 സ്ട്രൈക്ക് റേറ്റ്. 506 റൺസ്. 2 സെഞ്ചുറി. 3 ഫിഫ്റ്റി. കളിച്ച ആറിൽ അഞ്ച് മത്സരങ്ങളിലും 50+ സ്കോർ. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസിൻ്റെ ലോകകപ്പ് പ്രകടനങ്ങളാണിത്. ‘ബേബി എബി’ എന്ന് വിളിപ്പേരുള്ള ബ്രെവിസ് ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ്. 14 ശരാശരി. 17 വിക്കറ്റ്. 44 ശരാശരി. ഒരു സെഞ്ചുറി. 264 റൺസ്. ശ്രീലങ്കൻ ക്യാപ്റ്റൻ ദുനിത് വെല്ലെലെഗെയും ഇത്തവണത്തെ താരമാണ്. ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റുള്ള ദുനിത് ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ ഏഴാമതുണ്ട്. ഈ രണ്ട് താരങ്ങളെയും ഉടൻ രാജ്യാന്തര ക്രിക്കറ്റിൽ പ്രതീക്ഷിക്കാം.

Story Highlights: india under 19 stars review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here