കദളീ കൺകദളി ചെങ്കദളീ പൂവേണോ… മലയാളത്തിൽ ലതാ മങ്കേഷ്‌കർ പാടിയ ഒരേയൊരു ഗാനം

പാട്ടുകളുടെ മാന്ത്രികതയിലൂടെ പ്രേക്ഷകരിൽ വികാരങ്ങൾ പകർന്ന ഗായിക ലതാ മങ്കേഷ്‌കർ ഇനി ഓർമ. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ 36-ലധികം ഇന്ത്യൻ ഭാഷകളിലും മറ്റ് ചില വിദേശ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് നിരവധി ആരാധകരെ ലതാജി നേടിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ഒരു ഗാനം മാത്രമേ പാടിയിട്ടുള്ളൂ എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. 1974 ൽ പുറത്തിറങ്ങിയ ‘നെല്ല് ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.
‘നെല്ല്’ എന്ന ചിത്രത്തിലെ ‘കദളീ കൺകദളി ചെങ്കദളീ പൂവേണോ’ എന്ന ഗാനം ആലപിക്കാൻ ലതാ മങ്കേഷ്‌കറിനെ മലയാളം ഉച്ചരിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചത് കെജെ യേശുദാസായിരുന്നു. ‘കദളി ചെങ്കദളി’ എന്ന ഗാനത്തിന്റെ മനോഹരമായ ആലാപനം കൊണ്ട് മലയാളികൾ ഇന്നും വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിനെ ഓർക്കുന്നു. രാമു കാര്യാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിലെ ഗാനത്തിന് ഈണം നൽകിയത് സലിൽ ചൗധരിയാണ്. വയലാർ രാമവർമ്മയാണ് എഴുതിയത്. ജയഭാരതിയായിരുന്നു ചിത്രത്തിലെ നായിക.

Read Also : ഇതിഹാസത്തിന് വിട; ലതാ മങ്കേഷ്‌കറുടെ ഓര്‍മകളില്‍ മലയാള സംഗീത ലോകം
‘നെല്ല് ‘ എന്ന ചിത്രത്തിന്റെ കഥ പി വത്സലയും ഛായാഗ്രഹണം നിർവഹിച്ചത് ബാലു മഹേന്ദ്രയുമാണ്. പ്രേം നസീർ, തൃക്കുറിശ്ശി സുകുമാരൻ നായർ, ശങ്കരാടി, കൊട്ടാരക്കര ശ്രീധരൻ നായർ, അടൂർ ഭാസി എന്നിവരടങ്ങുന്ന പ്രതിഭാധനരുടെ കൂട്ടം തന്നെയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ലതാ മങ്കേഷ്‍കറുടെ ശബ്‍ദം അത്രമേല്‍ പ്രിയങ്കരമാണ് മലയാളത്തിനും. പ്രണയമായാലും വിരഹമായാലും മലയാളികള്‍ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളില്‍ ലതാ മങ്കേഷ്‍കര്‍ക്ക് പ്രഥമപരിഗണനയാണ്. ലതാ മങ്കേഷ്‍കര്‍ പാടിയ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ഒരു ദിവസം പോലും ഇന്ത്യക്കാരുടെ ജീവിതത്തിലുണ്ടാകില്ല.
Story Highlights: Lataji’s only Malayalam song ‘Kadali Chenkadali’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here