Advertisement

പരിചരണത്തിന് ആരോഗ്യമന്ത്രിയോട് നന്ദി പറഞ്ഞ് വാവ സുരേഷ്

February 6, 2022
Google News 2 minutes Read

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യതയെന്ന വീണാ ജോര്‍ജ് പറഞ്ഞു. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു.
അതേസമയം, നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു. നാളെ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം. പാമ്പ് കടിയേറ്റ ആള്‍ക്ക് ആദ്യമായാണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ ഇത്രയധികം ആന്റിവെനം നല്‍കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറുള്ളത്. എന്നാല്‍ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണാത്തതിനെതുടര്‍ന്നാണ് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കിയത്.

Read Also : നല്‍കിയത് 65 കുപ്പി ആന്റിവെനം…! പൂര്‍ണ ആരോഗ്യവാനായി വാവ സുരേഷ്; നാളെ ആശുപത്രി വിടും

ഒപ്പം തന്നെ, ഇനി മുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ പാമ്പുകളെ പിടിക്കൂയെന്ന് വാവ സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ സന്ദര്‍ശിച്ച മന്ത്രി വി.എന്‍.വാസവനോടാണ് സുരേഷ് ഇക്കാര്യം ഉറപ്പുനല്‍കിയത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം കുറച്ചുകാലം വിശ്രമജീവിതമായിരിക്കുമെന്നും സുരേഷ് പറഞ്ഞതായി മന്ത്രി അറിയിച്ചിരുന്നു.
ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോട്ടയം കുറിച്ചിയില്‍ വച്ചാണ് സുരേഷിന് പാമ്പുകടിയേല്‍ക്കുന്നത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Story Highlights: Vava Suresh thanks Health Minister for care

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here