അസഹ്യമായ കഴുത്തുവേദനയും നടുവേദനയും: കാരണങ്ങളും പ്രതിവിധികളും; ഡോ.അരുണ്‍ ഉമ്മന്‍

Dr Arun Oommen
Senior Consultant Neurosurgeon
Vps Lakeshore Hospital
സഹിക്കാന്‍ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാര്‍ തുടങ്ങി മുതിര്‍ന്ന വ്യക്തികള്‍ വരെ ഇന്ന് കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയില്‍ അകപ്പെട്ടിരിക്കുന്നു എന്ന് തന്നെ വേണം പറയാന്‍. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മോശം പോസ്ച്ചറിംഗും ഉദാസീനമായ ജീവിതശൈലിയുമാണ് കഴുത്തുവേദനയും നടുവേദനയും വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണങ്ങള്‍. ആധുനിക സമൂഹം നിഷ്‌ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴില്‍ സാഹചര്യങ്ങളാണ് പ്രശ്‌നത്തിന്റെ കാതല്‍. ഉദാസീനമായ ജീവിതശൈലി കാരണം പേശികള്‍ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതു കൊണ്ട് നട്ടെല്ലിന് സ്ട്രെയിന്‍ താങ്ങാന്‍പറ്റാതെ വരുന്നു.

ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തു തന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്. മണിക്കൂറുകള്‍ തുടര്‍ച്ചയായി ഒരേ ഇരുപ്പില്‍ തന്നെ ഇരിക്കുമ്പോള്‍ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പം തന്നെ ശരീരത്തില്‍ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു. ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
മൂന്ന് പ്രധാന വളവുകള്‍ ഒരു ‘ട’ ആകൃതി സൃഷ്ടിച്ചിരിക്കുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന്റെ ഘടന. നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് നിവര്‍ന്നിരിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ തുടര്‍ച്ചയായി കംപ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു ജോലി ചെയ്യുമ്പോള്‍ നിവര്‍ന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയില്‍ കാര്യമായ ആയാസത്തിന് കാരണമാകും.
നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികള്‍ക്കു പിരിമുറുക്കം സംഭവിക്കുന്നു , അതോടെ നിങ്ങള്‍ക്ക് വേദന അനുഭവപ്പെടാന്‍ തുടങ്ങുന്നു. നിങ്ങള്‍ ഒരേ പൊസിഷനില്‍ ജോലി തുടരുമ്പോള്‍, ഈ പേശികള്‍ ക്ഷീണിക്കുകയും കൂടുതല്‍ വേദനാജനകമാവുകയും ചെയ്യുന്നു.

മൊബൈല്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുന്‍പില്‍ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നത് മൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്‌കുകളിലും വളരെയധികം സ്‌ടെ്‌റയിന്‍ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.(Text neck syndrome)
അധിക നേരം കഴുത്തു മുന്നിലേക്ക് നീട്ടിപിടിച്ചു ജോലിചെയ്യുന്ന വ്യക്തികള്‍ – കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍, ലോംഗ് ഡിസ്റ്റന്‍സ് ഡ്രൈവര്‍മാര്‍, ഹെവി വര്‍ക്കര്‍മാര്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍മാര്‍, ഹെഡ് ലോഡിംഗ് വര്‍ക്കര്‍മാര്‍, ഹെവി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന പോലീസുകാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, വെയ്റ്റ് ലിഫ്‌റ്റേഴ്‌സ്, ദന്ത ഡോക്ടര്‍മാര്‍, ശസ്ത്രക്രിയാ ഡോക്ടര്‍മാര്‍, എന്നിവരും ഈ വേദനയനുഭവിക്കുന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു.

ദീര്‍ഘനേരം തുടര്‍ച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയില്‍ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പില്‍ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോള്‍ കൂടുതല്‍ ശരീര ആയാസത്തിനു അവസരമില്ല. അതുമൂലം നിങ്ങളുടെ പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീര്‍ഘനേരം ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിലെ ഡിസ്‌കുകളുടെ തേയ്മാനം വേഗത്തിലാകും. കാലക്രമേണ ഇത് ആവര്‍ത്തിച്ച് സംഭവിക്കുകയാണെങ്കില്‍, ഇത് തുടര്‍ച്ചയായ നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമാകും.
നിങ്ങളുടെ സ്ലീപ്പിംഗ് പൊസിഷനും നിലവാരം കുറഞ്ഞ മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയില്‍ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക,വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്നു ഉറങ്ങുക, അല്ലെങ്കില്‍ ചലിക്കുന്ന വാഹനത്തില്‍ ഉറങ്ങുക എന്നിവ കഴുത്തിലെ അധിക സ്ട്രെയ്നിനും തേയ്മാനത്തിനും കാരണമാകും. ഇരുന്നുറങ്ങുമ്പോള്‍ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോര്‍ട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും. പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികള്‍ ഇത് കൂടുതല്‍ അനുഭവിക്കുന്നു.

അതുപോലെ കാലുയര്‍ത്തി മേശയുടെ അതുപോലെ തന്നെ ഏതെങ്കിലും ഉയര്‍ന്ന പ്രതലത്തില്‍ കയറ്റിവച്ചു ഉറങ്ങുന്ന ആളുകള്‍ക്കും ഇത് പോലെ വേദന അനുഭവപ്പെടാം. ഈ വേദനകളെ കുറയ്ക്കാന്‍ എന്തൊക്കെ നമുക്ക് ചെയ്യാന്‍ സാധിക്കും എന്ന് നോക്കാം:
മനുഷ്യശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നിവര്‍ന്നുനില്‍ക്കുന്ന posture നിലനിര്‍ത്തുന്നതിനാണ്, അതിനാല്‍ എല്ലായ്‌പ്പോഴും ശരിയായ posture നിലനിര്‍ത്തുക. ഭാരം വളരെ ശ്രദ്ധാപൂര്‍വ്വം പൊക്കുക. കഴിയുന്നത്ര ഹെഡ്ലോഡിംഗ് ഒഴിവാക്കുക.
കംപ്യൂട്ടറിന്റെ മുന്നില്‍ അധികനേരം ചിലവഴിക്കുന്ന വ്യക്തിയാണെങ്കില്‍ ഇനി പറയുന്നവ ശ്രദ്ധിക്കുക:
നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തില്‍ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ നിങ്ങളുടെ കണ്ണിന്റെ അതെ തലത്തില്‍ വയ്ക്കുക. കീബോര്‍ഡ് നിങ്ങളുടെ മുന്‍പില്‍ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വെയ്ക്കുവാന്‍ റിസ്റ്റ് ബോര്‍ഡ് ഉപയോഗിക്കാവുന്നതാണ്. അധികസമയം ഒരേരീതിയില്‍ തന്നെ ഇരിക്കാതെ എണീറ്റ് നില്‍ക്കുകയും അല്പം ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്.ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാന്‍ മറക്കരുത്.

ഉറങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം:
ശരിയായ മെത്ത തിരഞ്ഞെടുത്തു അതില്‍ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ സപ്പോര്‍ട് കിട്ടത്തക്ക വിധത്തിലുള്ളവ മേടിക്കാന്‍ ശ്രമിക്കുക.
അതുപോലെ തന്നെ അധികം കട്ടിയുള്ള തലയിണകള്‍ ഉപയോഗിക്കാതിരിക്കുക. തലയിണ ഇല്ലാതെയും ഉറങ്ങാതിരിക്കുക. അധികം കട്ടിയില്ലാത്ത ചെറിയ തലയിണ അല്ലെങ്കില്‍ സെര്‍വിക്കല്‍ തലയിണ ഉപയോഗിക്കുക. കഴുത്തുവേദനയുള്ളവര്‍ക്കു സെര്‍വൈക്കല്‍ പില്ലോ വളരെ ഫലപ്രദമാണ്. ഒരുപരിധി വരെ കഴുത്തുവേദന ഇതിന്റെ ഉപയോഗം മൂലം കുറയുന്നു. ഇത് ഓണ്‍ലൈന്‍ വഴി മേടിക്കാവുന്നതാണ്.
ഇരുന്ന് ഒരിക്കലും ഉറങ്ങരുത് . ചലിക്കുന്ന വാഹനത്തില്‍ ഒരിക്കലും ഉറങ്ങരുത്.
പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങള്‍ പതിവായി പരിശീലിക്കുക . കഴുത്തു മുന്നിലേക്കും പിന്നിലേക്കും ഇരു വശങ്ങളിലേക്കും മെല്ലെ ചലിപ്പിക്കുന്നത് വഴി കഴുത്തിന് അനുഭവിക്കുന്ന പിടുത്തം ശമിക്കുന്നു. ഇത് ദിവസേന 10-15 തവണ ചെയ്യുന്നത് നല്ലതാണ്.

ലഭ്യമായ വീട്ടുവൈദ്യങ്ങളും ചികിത്സാ ഓപ്ഷനുകളും എന്താണ്?
രോഗകാരണ ഘടകങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. കടുത്ത വേദന ഉണ്ടെങ്കില്‍ ശരിയായ വിശ്രമവും, വേദനസംഹാരി ഓയിന്റ്‌മെന്റുകളും മിക്ക കേസുകളിലും സഹായകമാകും.
നടുവ് വേദന, കഴുത്തുവേദന എന്നിവയുടെ തുടക്കത്തില്‍ തന്നെ ലളിതമായ വേദനസംഹാരികള്‍ , മസില്‍ റിലാക്‌സന്റുകള്‍ തുടങ്ങിയ മരുന്നുകളും കഴിക്കുന്നത് ഫലപ്രദമാണ്.കൈയിലും വിരലിലും മരവിപ്പ് അല്ലെങ്കില്‍ പുകച്ചില്‍ ഉണ്ടെങ്കില്‍ ചില മരുന്നുകള്‍ പ്രത്യേകമായി നല്‍കാം.

ഫിസിയോതെറാപ്പി, ഹീറ്റ് ആപ്ലിക്കേഷന്‍, ഡീപ് ടിഷ്യു മസാജ്, , അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ ഇലക്ട്രിക് സ്റ്റിമുലേഷന്‍ എന്നിവ സഹായിക്കും. വേദന കുറഞ്ഞുകഴിഞ്ഞാല്‍, ശരിയായ വ്യായാമങ്ങള്‍, യോഗ തുടങ്ങിയവ പേശികളെ സ്‌ടെറച്ചു ചെയ്യാനു0 ശക്തിപ്പെടുത്താനും സഹായിക്കും. ഒട്ടുമുക്കാല്‍ വ്യക്തികളിലും കഴുത്തു നടുവ് അനുബന്ധിച്ച വേദനകള്‍ ഫിസിയോതെറാപ്പി മൂലം കുറയുന്നതായി കാണപ്പെടുന്നു. എന്നാല്‍ ഡിസ്‌ക് പ്രൊലാപ്സ് മൂലമുള്ള വേദനകള്‍ക്ക് ഫിസിയോതെറാപ്പി കൊണ്ട് ഫലം കണ്ടെന്നു വരില്ല.
എന്നാല്‍ നിരന്തരമായ വേദനയോടനുബന്ധിച്ചു കൈകാലുകളിലേക്കു തരിപ്പ് അനുഭവപ്പെടുക, തളര്‍ച്ച അനുഭവപ്പെടുക എന്നത് കഠിനമായ തേയ്മാനത്തിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ എത്രയും വേഗം അടുത്തുള്ള ന്യൂറോ സ്‌പെഷ്യലിസ്‌റ് ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം.

ഇപ്പോള്‍ Xray, MRI സ്‌കാന്‍, CT സ്‌കാന്‍, NCS, EMG മുതലായ അത്യാധുനിക അന്വേഷണ രീതികളുണ്ട്. എപ്പോഴും ഓര്‍ക്കുക ചികിത്സ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും നടത്തേണ്ടത് വളരെ പ്രധാനമാണ്.
നിരവധി ബദല്‍ മെഡിസിന്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍മാരും വേദനയുടെ കൃത്യമായ കാരണം കൃത്യമായി വിലയിരുത്താതെ ചികിത്സ വാഗ്ദാനം ചെയ്യുന്ന ശീലമുണ്ട്, അത് ദുരന്തകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. സ്ഥിരമായ വേദന ഉണ്ടാക്കുന്ന അല്ലെങ്കില്‍ കഴുത്ത് / കൈയ്യ് എന്നിവയുടെ ചലന ബുദ്ധിമുട്ട് അല്ലെങ്കില്‍ ബലഹീനത ഉണ്ടാക്കുന്ന ചില ഡിസ്‌ക് പ്രോലാപ്‌സുകളില്‍ കീഹോള്‍ ശസ്ത്രക്രിയ വളരെ സഹായകരമാണ്.
സര്‍ജറി എപ്പോഴൊക്കെ ആവശ്യമായി വരുന്നു?
യാഥാസ്ഥിതിക ചികിത്സകള്‍ ഫലവത്തായില്ലെങ്കിലും നിങ്ങളുടെ വേദന അസഹനീയവും നിങ്ങളെ നിഷ്‌ക്രയരാക്കുന്നതുമാണെങ്കില്‍ സര്‍ജറി ഒരു ഓപ്ഷനായിരിക്കാം. കൈകളിലേക്കോ കാലുകളിലേക്കോ താഴേക്ക് പോകുന്ന അനുബന്ധ വേദനയോ മരവിപ്പോ ഉണ്ടാവുന്നതു പലപ്പോഴും നിങ്ങളുടെ നട്ടെല്ലിലെ ഞരമ്പുകള്‍ ഞെരുക്കപ്പെടുന്നത് മൂലമാണ്.
വീര്‍ത്തതോ തള്ളിനില്‍ക്കുന്നതോ ആയ ഡിസ്‌കുകള്‍ ചിലപ്പോള്‍ ഒരു സുഷുമ്‌നാ നാഡിക്ക് നേരെ വളരെ ദൃഡമായി അമര്‍ത്തി അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ അവസരത്തില്‍ സര്‍ജറി ആവശ്യമായി വന്നേക്കാം. MRI എടുത്തു ഇത് സ്ഥിരീകരിക്കാവുന്നതാണ്. ന്യൂറോ സര്‍ജറി സംബന്ധിച്ച മികച്ച മുന്നേറ്റങ്ങള്‍ നട്ടെല്ല് തകരാറുകള്‍ കൂടുതല്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. കീഹോള്‍ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായ പ്രക്രിയയാണ്, വിജയ നിരക്ക് 95% ല്‍ കൂടുതലാണ്. ചില കഠിനമായ സന്ദര്‍ഭങ്ങളില്‍, രോഗബാധിത പ്രദേശത്ത് കൃത്രിമ ഇംപ്ലാന്റുകള്‍ സ്ഥാപിക്കേണ്ടതുണ്ട്.

ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പുകള്‍, ന്യൂറോ മോണിറ്ററിംഗ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകള്‍ പോലുള്ള ലഭ്യമായ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്, ഡിസ്‌ക് പ്രശ്‌നങ്ങള്‍ക്കും അനുബന്ധ പ്രശ്‌നങ്ങള്‍ക്കുമായുള്ള ശസ്ത്രക്രിയകള്‍ താരതമ്യേന സുരക്ഷിതവും ലളിതവുമായി ചെയ്യാവുന്നതാണ്. കൂടാതെ ആശുപത്രിവാസം വളരെകുറച്ച് ദിവസങ്ങളിലേക്ക് മിതപ്പെടുത്താന്‍ സാധിക്കും .
ബയോ മെറ്റീരിയല്‍ ഡെവലപ്മെന്റ്, കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ഇമേജ്-ഗൈഡഡ് ടെക്നോളജി, എല്ലിന്റെയും ഡിസ്‌കിന്റെയും മോളിക്യുലാര്‍ ബയോളജി എന്നിവയിലെ കൂടുതല്‍ പുരോഗതികള്‍ നട്ടെല്ല് തകരാറുകള്‍ ചികിത്സിക്കുന്നതിനുള്ള വളരെ ശക്തമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് സഹായകമായി എന്ന് വേണം പറയാന്‍.

വളര്‍ന്നുവരുന്ന സാങ്കേതികവിദ്യയുടെയും ജൈവിക പുരോഗതിയുടെയും ഈ സംയോജനീ മൂലം ചെറിയ മുറിവുകള്‍, സാധാരണ ടിഷ്യൂകള്‍ക്ക് കുറഞ്ഞ ആഘാതം, വേഗത്തിലുള്ള രോഗശാന്തി സമയം, വേദന, നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് തുല്യമോ മികച്ചതോ ആയ ആശ്വാസം, പ്രവര്‍ത്തന നിലയിലേക്ക് വേഗത്തില്‍ മടങ്ങുക എന്നിവയ്ക്ക് വഴി ഒരുക്കിയിരിക്കുന്നു.
ശസ്ത്രക്രിയ ആവശ്യമായി വന്നാലും ഇല്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി നിങ്ങള്‍ക്ക് ഭാവിയില്‍ നല്ല മാറ്റങ്ങള്‍ വരുത്തും . നിങ്ങള്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും, പതിവായി വ്യായാമം ചെയ്യുകയും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും,ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ നട്ടെല്ലും ചുറ്റുമുള്ള ടിഷ്യുകളും ആരോഗ്യകരമായി തുടരാന്‍ നിങ്ങളെ സഹായിക്കും.
Story Highlights: neck and back pain: causes and remedies, Dr arun oommen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here