‘പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞ് വാവ സുരേഷ്’; ഏറ്റവും സന്തോഷം പാമ്പിനെ പിടിക്കുന്നന്നത്; പാമ്പുകൾ നമ്മുടെ അതിഥികളാണെന്നും ട്വന്റി ഫോറിനോട്

പ്രതീക്ഷ ഇല്ലാഞ്ഞിട്ടും തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചെത്തിച്ച സുമനസ്സുകൾക്ക് നന്ദി പറഞ്ഞ് വാവ സുരേഷ്. തന്നെ സ്നേഹിക്കുന്ന നിരവധി മലയാളികളുടേ പ്രാർത്ഥനയുടെ ഫലമാണ് തിരിച്ചുവരവെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
‘നിങ്ങളെ ഒക്കെ കാണുമ്പോൾ എനിക്ക് അത്ഭുതം. ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നാണ് സംശയം. ആശുപത്രിയിലേക്ക് എത്തിയ നിമിഷങ്ങളും ഓർത്തെടുത്ത് വാവ സുരേഷ് ട്വന്റി ഫോറിനോട് പറഞ്ഞു. ജനുവരി 17 ന് പത്തനംതിട്ട പോയിട്ട് തിരിച്ച് വരുന്ന വഴിയിൽ പോത്തൻകോട് വച്ച് എനിക്കൊരു അപകടം സംഭവിച്ചിരുന്നു.
തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന വണ്ടി ഞാൻ സഞ്ചരിച്ച കാറിൽ ഇടിക്കുകയും എന്റെ നട്ടെല്ലിന് രണ്ട് പൊട്ടൽ ഉണ്ടാകുകയും, കഴുത്തിന് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്‌തിരുന്നു. അതിന് ശേഷം ഞാൻ 31 ന് കോട്ടയത്ത് പോകുമ്പോൾ നട്ടെല്ലിന്റെ പരുക്ക് പൂർണമായി ഭേദപ്പെട്ട അവസ്ഥയിലല്ലായിരുന്നു. 2 മാസം റെസ്റ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞിരുന്നു.
പക്ഷെ കോട്ടയത്ത് നിന്നും വിളി കേട്ടപ്പോൾ എനിക്ക് പോകാതിരിക്കാനും സാധിച്ചില്ല. പറ്റില്ല എന്ന് പറയാനും തോന്നിയില്ല. പകരം മറ്റൊരാളെ അയക്കാനും തോന്നിയില്ല. വാർഡ് മെമ്പർ ഉൾപ്പെടയുള്ളവർ വിളിച്ചു ഞാൻ പോയി. എനിക്ക് മെഡിക്കൽ കോളജിൽ നിന്ന് തന്ന നിർദേശം ഒരു കാരണവശാലും കുനിയരുത് എന്നാണ്, എന്തെങ്കിലും ഒരു സാധനം തറയിൽ നിന്നും എടുക്കുകയാണെങ്കിൽ മുട്ടുമടക്കി ഇരുന്ന് വേണം എടുക്കാൻ എന്ന നിർദേശം ഉണ്ടായിരുന്നു.
പക്ഷെ ഞാൻ പാമ്പിനെ എടുത്തപ്പോൾ കുനിഞ്ഞു നട്ടെല്ലിന് പെട്ടന്നൊരു അസഹനീയമായ വേദന അനുഭവപ്പെട്ടു. വേദന വന്നപ്പോൾ ഇടത്തെ കാലിന് പെരുപ്പ് അനുഭവപ്പെട്ടു, മരവിപ്പുണ്ടായി ആ കാല് അവിടെ തന്നെ ഉണ്ടോ എന്നൊരു അവസ്ഥയിലായി. അപ്പോൾ അങ്ങനെ നിന്നുകൊണ്ടുതന്നെ പാമ്പിനെ ചാക്കിന് അകത്ത് കയറ്റാൻ ശ്രമിക്കുമ്പോൾ, ചാക്കിൽ പോയി തട്ടി അകത്ത് കയറാതെ തിരിച്ചു വന്നു പെട്ടെന്ന് അപ്രതീക്ഷിതമായ കടിയാണ് സംഭവിച്ചത്.
സ്വാഭാവികമായി അവരുടെ ചലനങ്ങൾ അനുസരിച്ചാണ് ഞാൻ കൈയിൽ പിടിക്കാറുള്ളത് പക്ഷെ എന്റെ കാലിന് ഈയൊരു പെരുപ്പ് ഉള്ളത് കൊണ്ട് ആ കാല് അനക്കാൻ പറ്റിയില്ല പെട്ടെന്ന് പാമ്പ് തിരിച്ചുവന്ന് കടിക്കുകയായിരുന്നു. പെട്ടെന്ന് എടുത്ത് പെട്ടന്ന് ചാക്കിലാക്കി മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. പക്ഷെ കടികിട്ടിയപ്പോൾ മനസിലായി ഞാനിനി ജീവിതത്തിലേക്ക് മടങ്ങിവരില്ല എന്ന്. കാരണം അത്രയ്ക്ക് മോശം അവസ്ഥയിലായിരുന്നു. എന്നാലും പെട്ടന്ന് പിടികൂടി പാമ്പിനെ ചാക്കിൽ കെട്ടി.
Read Also : കൊവിഡ് കേസുകൾ കുറയുന്നു; സിപിഐഎം സമ്മേളനങ്ങൾ മാറ്റിയേക്കില്ല
ആശുപത്രിയിൽ പോകുന്നതിനിടെ നഷ്ടപ്പെട്ട ബോധം തിരിച്ചു വന്നത് മൂന്നാം തീയതിയിലാണ്. കോട്ടയം മെഡിക്കൽ കോളജിനോടും മന്ത്രി വാസവൻ സാറിനോടും ഉള്ള നന്ദി പറഞ്ഞാലും തീരില്ല. ജീവിതാവസാനം വരെ ഈ രംഗത്ത് തുടരുമെന്നും,ഏറ്റവും സന്തോഷം പാമ്പിനെ പിടിക്കുന്നതാണെന്നും പാമ്പുകൾ നമ്മുടെ അതിഥികളാണെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുന്നത് ബോധവത്കരണത്തിനായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, തനിക്കെതിരെ കുറച്ചാളുകൾ വിമർശനങ്ങൾ അഴിച്ചുവിടുന്നുവെന്നും ഇത്തരക്കാർക്കെതിരെ തന്നെ സ്നേഹിക്കുന്നവർ തന്നെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം കുറിച്ചി നീലംപേരൂർ വെച്ച് കഴിഞ്ഞയാഴ്ച്ചയാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു വാവ സുരേഷിന്‍റെ ചികിത്സ.
Story Highlights: vavasuresh-about-his-experience-snakebite-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here