Advertisement

കൊതുകിനെ തുരത്താന്‍ കൊച്ചി നഗരസഭ; വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുമായി സഹകരണത്തിന് ധാരണ

February 9, 2022
Google News 1 minute Read

കൊച്ചി നഗരത്തിലെ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളില്‍ കൊച്ചി നഗരസഭ വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിന്റെ സഹായം തേടി. വിസിആര്‍സി ഡയറക്ടര്‍ ഉള്‍പ്പെടെയുളള വിദഗ്ധര്‍ പങ്കെടുത്തുകൊണ്ട് ഇന്നലെ വൈകീട്ട് നടന്ന വിഡിയോ കോണ്‍ഫറന്‍സിംഗില്‍ കൊച്ചി നഗരസഭയുമായി കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ധാരണയായി. തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തില്‍ കൊച്ചിയില്‍ ഐ.സി.എം.ആര്‍ ന്റെ ഭാഗമായ വി.സി.ആര്‍.സി.യുടെ സഹകരണം ലഭ്യമായിരുന്നു.


നിലവില്‍ ഒരാഴ്ചയയായി നഗരസഭയില്‍ ഹെല്‍ത്ത് ചെയര്‍മാന്‍ ടി.കെ.അഷറഫിന്റെ നേതൃത്വത്തില്‍ കൊതുക് നിവാരണത്തിന് ഒരു കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണ്. കൃത്യം 7 ദിവസത്തെ ഇടവേളയില്‍ നഗരത്തിലെ കാനകളിലും കൊതുക് വളരുന്ന ഇടങ്ങളിലും ഫോഗിംഗും, പവര്‍ സ്‌പ്രേയിംഗും ഈ കര്‍മ്മ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നുണ്ട്. ഒരാഴ്ച പിന്നിട്ട ഈ ആക്ഷന്‍ പദ്ധതിയുടെ ഭാഗമായി കൊതുക് ശല്യത്തിന് അല്‍പം ആശ്വാസം കണ്ടു തുടങ്ങിയിട്ടുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി നഗരപരിധിയില്‍ വെക്ടര്‍ കണ്‍ട്രാള്‍ ഓഫീസറുടെ നേതൃത്വത്തില്‍ സീനിയര്‍ എന്‍ഡമോളജിസ്റ്റുകള്‍ ഉള്‍പ്പെടുന്ന വിദഗ്ധരുടെ ഒരു ടീം രൂപീകരിച്ച്, പ്രാദേശികമായി കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുന്നതിനും, ആയതിന്റെ ഭാഗമായി നഗരത്തിലെ സെപ്ടിക് ടാങ്കുകളും, കാനകളും, വെന്റ് പൈപ്പുകളും നിരീക്ഷിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുളള ഒരു കര്‍മ്മപദ്ധതി നടപ്പാക്കണമെന്ന് വി.സി.ആര്‍.സി. നിര്‍ദ്ദേശിച്ചു. ഇതിനായി 2 ലാബുകള്‍ സ്ഥാപിക്കണമെന്നും അറിയിച്ചു.
വി.സി.ആര്‍.സി.യുടെ സഹകരണത്തിന് മേയര്‍ നന്ദി അറിയിച്ചു. കൊച്ചി നഗരസഭ തയ്യാറാക്കുന്ന സയോജിത കൊതുക് നിയന്ത്രണ കര്‍മ്മ പദ്ധതിയില്‍ വി.സി.ആര്‍.സി. പ്രതിനിധികളെ അയക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പുതുതായി ജീവനക്കാരെ നിയമിക്കുന്നതില്‍ കടമ്പകള്‍ ഏറെയുണ്ടെങ്കിലും നഗരസഭയുടെ പ്ലാന്‍ ഫണ്ടും, വിവിധ സി.എസ്.ആര്‍. ഫണ്ടും ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാക്കുമെന്ന് അറിയിച്ചു. നഗരസഭ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയാടിത്തറ പരിശോധിക്കുന്നതില്‍ വി.സി.ആര്‍.സി.യുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. കൊതുക് നിവാരണത്തിനായി നഗരസഭ പ്രയോഗിക്കുന്ന മരുന്നുകള്‍, കൊതുകുകളുടെ തരംതിരിവ്, പ്രജനന രീതി മനസിലാക്കിയുളള നിയന്ത്രണം എന്നീ പ്രവര്‍ത്തനങ്ങളില്‍ വി.സി.ആര്‍.സി.യുടെ സഹായം തേടി. 30 വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചി നഗരസഭയുമായി സഹകരിച്ച് വി.സി.ആര്‍.സി.യുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
യോഗത്തില്‍ വി.സി.ആര്‍.സി. ഡയറക്ടര്‍ ഡോ.അശ്വനികുമാര്‍, സയന്റിസ്റ്റ് ഡോ.എ.എന്‍.ശ്രീറാം, ഡോ.കെ.എന്‍.പണിക്കര്‍ എന്നിവരും, ഹെല്‍ത്ത് ചെയര്‍മാന്‍ ടി.കെ.അഷറഫ്, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Story Highlights: Kochi Municipality to repel mosquitoes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here