Advertisement

ക്രിപ്‌റ്റോ കറന്‍സി ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

February 10, 2022
Google News 2 minutes Read

ക്രിപ്‌റ്റോ കറന്‍സി ഇന്ത്യന്‍ സമ്പദ് രംഗത്തിനും മാക്രോ എകണോമിക് ഭദ്രതയ്ക്കും ഭീഷണിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ കഴിവിനെ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ പരിമിതപ്പെടുത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുയാണ് ആര്‍ ബി ഐ. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ബജറ്റിലൂടെ കേന്ദ്ര സാമ്പത്തിക മന്ത്രാലയം അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഈ പ്രതികരണം എന്നതാണ് ഏറെ ശ്രദ്ധേയം.

സ്വന്തം റിസ്‌കില്‍ മാത്രം ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുക എന്ന് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ കടമയാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. അത്യന്തം സൂക്ഷ്മതയോടെയും കരുതലോടെയുമായിരിക്കും റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശക്തികാന്ത് ദാസ്.

റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.5 ശതമാനത്തിലും തന്നെ തുടരുമെന്നാണ് പണനയ അവലോകനത്തിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി പത്താം തവണയാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതിരിക്കുന്നത്. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ നിന്നും വളര്‍ച്ചയിലേക്ക് രാജ്യം ചുവടുവെക്കുന്ന പശ്ചാത്തലത്തില്‍ നയപരമായ പിന്തുണ തുടരേണ്ടത് ആവശ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം. കേന്ദ്ര ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് കടം നല്‍കുമ്പോഴുള്ള പലിശ നിരക്കാണ് റിപ്പോ നിരക്ക്. കൊമേഷ്യല്‍ ബാങ്കുകളില്‍ നിന്നും മറ്റും കേന്ദ്ര ബാങ്ക് വായ്പ സ്വീകരിക്കുമ്പോഴുള്ള നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7.8 ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 9.2 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പാദനം രാജ്യത്തെ സമ്പദ് രംഗത്തെ കൊവിഡിന് മുന്‍പുള്ള സ്ഥിതിയിലേക്ക് എത്തിക്കുമെന്നാണ് ആര്‍ ബി ഐ വിലയിരുത്തിയത്. പണപ്പെരുപ്പ പരിധി 2 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍ ബി ഐ ഗവര്‍ണര്‍ വ്യക്തമാക്കി.

ഇ- റുപ്പി ഡിജിറ്റല്‍ വൗച്ചറിനുള്ള പരിധി 10000 രൂപയില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ത്തിയതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. പണപ്പെരുപ്പം 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സി പി ഐ) പ്രതീക്ഷിച്ച നിലയില്‍ മുന്നേറിയെന്നും ശക്തികാന്ത് ദാസ് കൂട്ടിച്ചേര്‍ത്തു.

Story Highlights: cryptocurrencies threat to financial stability says rbi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here