40 സീറ്റുകൾ,11,64,522 വോട്ടര്‍മാർ, 301 സ്ഥാനാര്‍ത്ഥികൾ; പരീക്കറില്ലാതെ ബിജെപി, പ്രതിജ്ഞയെടുത്ത് കോണ്‍ഗ്രസും ആം ആദ്മിയും; ഗോവ ആര്‍ക്കൊപ്പം

പരസ്യപ്രചരണങ്ങള്‍ ശനിയാഴ്ച അവസാനിച്ച ഗോവയില്‍ നാളെ വോട്ടെടുപ്പ് നടക്കും. 40 സീറ്റുകളാണ് ഗോവന്‍ നിയമസഭയിലുള്ളത്. 11,64,522 വോട്ടര്‍മാരാണ് രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനത്തെ 301 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. കോണ്‍ഗ്രസിനേയും ബി ജെ പിയേയും കൂടാതെ ആം ആദ്മി പാര്‍ട്ടിയും ഗോവയില്‍ മത്സരിക്കുന്നുണ്ട്. ഇവരെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍ സി പി കക്ഷികളും സഖ്യമായി ഗോവയില്‍ തങ്ങളുടെ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു. ഇത്തവണ തിരഞ്ഞെടുപ്പ് ഗോവയിലെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതില്‍ ഒരു കാരണം. ഒരു നിയോജക മണ്ഡലത്തില്‍ 13 സ്ഥാനാര്‍ത്ഥികളുണ്ട്. ഗോവ പോലുള്ള ഒരു ചെറിയ സ്ഥലത്ത് അത് വലിയ സംഖ്യയാണ്. ബി ജെ പിയെ സംബന്ധിച്ചിടത്തോളം മനോഹര്‍ പരീക്കറിന്റെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ എന്ന ‘ഇമേജാണ്’ ആം ആദ്മിയ്ക്കും തൃണമൂലിനും മറികടക്കേണ്ടത്.
Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?
ബി ജെ പിയുടെ പ്രചാരണ പോസ്റ്ററുകളിലും മോദിയുടേത് ഉള്‍പ്പെടെ എല്ലാ പ്രസംഗങ്ങളിലും പരീക്കര്‍ ഇടം നേടുമ്പോള്‍, സീറ്റ് നിഷേധിക്കപ്പെട്ട മകന്‍ ഉത്പാൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. പനാജിയില്‍ ബി ജെ പിയെ പരാജയപ്പെടുത്തുമെന്നാണ് ഉത്പാൽ പറയുന്നത്. പരീക്കറിന്റെ മരണത്തിന് ശേഷം പ്രമോദ് സാവന്താണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
ബി ജെ പിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ തിരഞ്ഞെടുപ്പ്. ആദ്യമായാണ് ബി ജെ പി 40 സീറ്റുകളിലും മത്സരിക്കുന്നത്. 13 സീറ്റുകള്‍ മാത്രം നേടിയിട്ടും പ്രാദേശിക സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ച 2017 ല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രി മൈക്കിള്‍ ലോബോ ഉള്‍പ്പെടെ നാല് സിറ്റിംഗ് എം എല്‍ എമാര്‍ ബി ജെ പി വിട്ടിരുന്നു.
പ്രചരണത്തിന്റെ അവസാന ലാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യം വെച്ചായിരുന്നു പ്രചരണം നയിച്ചത്. ജവഹര്‍ലാല്‍ നെഹ്റു ആഗോള പ്രതിച്ഛായ സംരക്ഷിക്കാന്‍ വേണ്ടി ഗോവയുടെ വിമോചനം ഏകദേശം 15 വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ 37 സ്ഥാനാര്‍ത്ഥികളും സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുക്കപ്പെട്ടാല്‍ കൂറുമാറില്ലെന്ന് ഭരണഘടനയെ തൊട്ട് പ്രതിജ്ഞയെടുത്തിരുന്നു. ആം ആദ്മി പാര്‍ട്ടിയും സമാനമായ പ്രതിജ്ഞയെടുത്തിട്ടുണ്ട്.
Story Highlights: goa-assembly-elections-2022-goa-votes-tomorrow-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here