Advertisement

ശ്രീശാന്ത് ലേലത്തിൽ എവിടെയുമില്ല; രണ്ടാമൂഴത്തിൽ വിഷ്ണു വിനോദ് ഹൈദരാബാദിൽ

February 13, 2022
Google News 1 minute Read
ipl auction finished today

ഐപിഎൽ മെഗാ ലേലം അവസാനിച്ചു. മികച്ച പല താരങ്ങൾക്കും ടീം കിട്ടാതിരുന്നപ്പോൾ ചില സർപ്രൈസ് നീക്കങ്ങളും ലേലത്തിൽ കണ്ടു. മലയാളി താരം ശ്രീശാന്ത് അവസാന പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഫ്രാഞ്ചൈസികൾ താത്പര്യം കാണിക്കാത്തതിൽ ലേലത്തിൽ വന്നില്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ രണ്ടാമൂഴത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 50 ലക്ഷം രൂപയ്ക്കാണ് താരം ഹൈദരാബാദിലെത്തിയത്. ഇതോടെ ഇക്കുറി ഐപിഎലിലെ മലയാളി താരങ്ങൾ നാലായി. (ipl auction finished today)

ഓസീസ് പേസർ റൈലി മെരെഡിത്തിനെ മുംബൈ ഇന്ത്യൻസ് ഒരു കോടി രൂപയ്ക്ക് ടീമിലെത്തിച്ചു. ശ്രീലങ്കൻ ബൗളർ ചമിക കരുണരത്നെ 50 ലക്ഷം രൂപയ്ക്ക് കൊൽക്കത്തയിലെത്തി. വിൻഡീസ് ഓൾറൗണ്ടർ കെയിൽ മയേഴ്സിനെ 50 ലക്ഷം രൂപയ്ക്ക് ലക്നൗ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറെ 3 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാം ബില്ലിംഗ്സിനെ 2 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഓസീസ് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ് എന്നിവരെ ഗുജറാത്ത് ടീമിലെത്തിച്ചു. യഥാക്രമം 1.90 കോടി, 2.40 കോടി രൂപ എന്നിങ്ങനെയാണ് ഇവരുടെ തുക.

ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് ജോർഡൻ 3.60 കോടി രൂപയ്ക്ക് ചെന്നൈയിൽ കളിക്കും. ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കിസാനി എങ്കിഡി 50 ലക്ഷം രൂപയ്ക്ക് ഡൽഹിയിലെത്തി. ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയിൽസിനെ ഒന്നര കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കി. വിൻഡീസ് ഓപ്പണർ എവിൻ ലൂയിസിനെ 2 കോടി രൂപയ്ക്ക് ലക്നൗ ടീമിലെത്തിച്ചു. ഇന്ത്യൻ ബാറ്റർ കരുൺ നായർ 1.40 കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തി. കിവീസ് വിക്കറ്റ് കീപ്പർമാരായ ഗ്ലെൻ ഫിലിപ്സും ടിം സെയ്ഫെർട്ടും യഥാക്രമം ഹൈദരാബാദ്, ഡൽഹി എന്നീ ടീമുകളിൽ കളിക്കും. ഗെൻ ഫിലിപ്സിന് ഒന്നരക്കോടി രൂപ ലഭിച്ചപ്പോൾ സെയ്ഫെർട്ടിന് ഡൽഹി 50 ലക്ഷം രൂപ ചെലവഴിച്ചു.

കിവീസ് പേസർ ടിം സൗത്തി ഒന്നര കോടി രൂപയ്ക്ക് കൊൽക്കത്തയിലെത്തി. ഇന്ത്യൻ ഓൾറൗണ്ടർ ഗുർകീരത് സിംഗ് മാനും പേസർ വരുൺ ആരോണും 50 ലക്ഷം രൂപയ്ക്ക് ഗുജറാത്തിൽ കളിക്കും. അർജുൻ തെണ്ടുൽക്കറെ 30 ലക്ഷം രൂപയ്ക്ക് മുംബൈ സ്വന്തമാക്കി. ഇന്ത്യൻ പേസർ കുൽദീപ് യാദവ് 20 ലക്ഷം രൂപയ്ക്ക് രാജസ്ഥാനിൽ എത്തിയപ്പോൾ അഫ്ഗാൻ ഓൾറൗണ്ടർ മുഹമ്മദ് നബിയെ ഒരു കോടി രൂപയ്ക്കും ഉമേഷ് യാദവിനെ 2 കോടി രൂപയ്ക്കും കൊൽക്കത്ത സ്വന്തമാക്കി. ലേലത്തിൻ്റെ അവസാന ഘട്ടത്തിൽ ന്യൂസീലൻഡ് ഓൾറൗണ്ടർ ജെയിംസ് നീഷം, ഓസീസ് പേസർ നതാൻ കോൾട്ടർനൈൽ, ദക്ഷിണാഫ്രിക്കൻ താരം റസ്സി വാൻ ഡർ ഡസ്സൻ, കിവീസ് ഓൾറൗണ്ടർ ഡാരിൽ മിച്ചൽ എന്നിവരെ രാജസ്ഥാൻ ടീമിലെത്തിച്ചു. യഥാക്രമം ഒന്നരകോടി, രണ്ട് കോടി, ഒരു കോടി, 75 ലക്ഷം എന്നിങ്ങനെയാണ് ഇവർക്ക് ലഭിച്ച തുക. ഇന്ത്യൻ പേസർ സിദ്ധാർത്ഥ് കൗൾ 75 രൂപയ്ക്ക് ആർസിബിയിലെത്തി. വിൻഡീസ് ഓൾറൗണ്ടർ ഫേബിയൻ അലനെ 75 ലക്ഷം രൂപയ്ക്ക് മുംബൈ സ്വന്തമാക്കി. ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലിയെ 2 കോടി രൂപയ്ക്ക് ആർസിബി ടീമിലെത്തിച്ചു.

ചരിത് അസലങ്ക, ഷാക്കിബ് അൽ ഹസൻ, റഹ്മാനുള്ള ഗുർബാസ്, ബെൻ മക്ഡർമോർട്ട്, മോയിസസ് ഹെൻറിക്കസ്, അകീൽ ഹുസൈൻ, കോളിൻ മൺറോ, ബ്ലെസ്സിങ് മുസറബനി, ഇശാന്ത് ശർമ്മ, ആൻഡ്രൂ തൈ തുടങ്ങിയവർ അൺസോൾഡ് ആണ്.

Story Highlights: ipl auction finished today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here