ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; ബിജെപിയെ ജനങ്ങൾ തോല്പിക്കുമെന്ന് കോൺഗ്രസ്
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുമായി കോൺഗ്രസ്. ബിജെപിയെ ജനങ്ങൾ തോല്പിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ബിജെപി നൽകുന്ന വാഗ്ദാനങ്ങളെക്കാൾ കരുത്ത് ഉത്തരാഖണ്ഡിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാവത്ത് ആണ് സംസ്ഥാനത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. (uttarakhand election harish rawat)
“ബിജെപിയുടെ എല്ലാ വാദ്ഗാനങ്ങളെക്കാൾ കരുത്തുണ്ട് ഉത്തരാഖണ്ഡിന്. വർഷങ്ങളായി മറന്നുകിടന്ന ഉത്തരാഖണ്ഡ് തൊപ്പി പ്രധാനമന്ത്രി ധരിച്ചത് ഇക്കാരണം കൊണ്ടാണ്. പഴയ ഗ്രാമഫോൺ റെക്കോർഡുകൾ പോലെയാണ് ബിജെപിയുടെ വാഗ്ദാനങ്ങൾ. ആളുകൾ ഇതിൽ വോട്ട് ചെയ്യില്ല. തൊഴിൽ, നാണ്യപ്പെരുപ്പം, ഭരണനിർവഹണം, വികസനം എന്നീ കാരണങ്ങളിലാവും ആളുകൾ വോട്ട് രേഖപ്പെടുത്തുക. ഒപ്പ,, കൊവിഡ് സമയത്ത് ബിജെപി മരിക്കാൻ വിട്ടതും കാരണമാവും.”- അദ്ദേഹം പറഞ്ഞു.
Read Also : വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ഉത്തരാഖണ്ഡിൽ ഇത് നടപ്പിലാക്കുമെന്നും ധാമി പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതിലൂടെ എല്ലാവർക്കും തുല്യ അവകാശങ്ങൾ നേടാൻ സഹായകരമാവുമെന്നും, വിവാഹം, വിവാഹമോചനം, ക്രയവിക്രയം എന്നിവയിൽ ഏകീകൃത സ്വഭാവം കൈവരുമെന്നും ധാമി പറഞ്ഞു. സംസ്ഥാനത്ത് നിയമം നടപ്പിലാക്കുന്നതോടുകൂടി സാമൂഹിക ഐക്യം വർധിക്കുമെന്നും, ലിംഗനീതി ഉറപ്പാവുമെന്നും, സ്ത്രീ ശാക്തീകരണം നടക്കുമെന്നും ധാമി പറയുന്നു.
സമൂഹത്തിലെ എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ തുല്യതയുള്ള നിയമം എന്ന ആശയം അവതരിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44-ലേക്കുള്ള ഫലപ്രദമായ ചുവടുവയ്പ്പ് കൂടിയാണിതെന്ന് ധാമി വ്യക്തമാക്കി.
സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോൺഗ്രസിനും പുറമെ ആം ആദ്മി പാർട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാർട്ടിയുടേത്.
Story Highlights: uttarakhand election harish rawat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here