ഫയർഫോഴ്സ് സംഘം ചെറാട് എത്തി; അനുമതി ലഭിച്ചാൽ മല കയറും

പാലക്കാട് ചെറാട് കൂർമ്പാച്ചി മലയിൽ വീണ്ടും ആള് കയറിയ സംഭവത്തിൽ തിരച്ചിൽ പുരോഗമിക്കുന്നു. ഫയർ ഫോഴ്സ് സംഘം ചെറാട് എത്തിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ മല കയറുമെന്ന് അധികർതർ അറിയിച്ചു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ആണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇത്ര നേരവും തെളിഞ്ഞിരുന്ന ഫ്ലാഷ് ലൈറ്റ് ഇപ്പോൾ കാണുന്നില്ല. ഇത് താഴേക്കിറങ്ങി വരുന്നതായി കണ്ടെന്ന് നാട്ടുകാർ അറിയിച്ചിരുന്നു.
സംഭവത്തിൽ നാളെ മന്ത്രി തല യോഗം നടക്കും. നാളെ രാവിലെ എട്ട് മണിക്ക് പാലക്കാട് വച്ചാണ് യോഗം. വനം മന്ത്രിയും റവന്യൂ മന്ത്രിയും ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും. അല്പം മുൻപാണ് ചെറാട് മലയിൽ ആള് കയറിയതായി സൂചന ലഭിച്ചത്. മലയ്ക്ക് മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതർ തെരച്ചിൽ നടത്തുകയാണ്. മലയിൽ എത്ര പേരുണ്ടെന്ന് അറിയില്ല.
മലയിൽ ബാബു കുടുങ്ങിയതിനു പിന്നാലെ അനുമതിയില്ലാതെ മലയിൽ കയറരുത് എന്ന് വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് ഇപ്പോൾ ആളുകൾ കയറിയിരിക്കുന്നത്. മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ഫ്ലാഷ് കാണുന്നത്. മലയടിവാരത്ത് ആളുകൾ കൂടിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വനംവകുപ്പിൻ്റെ രണ്ട് സംഘം നിലവിൽ ഇവരെ തിരഞ്ഞ് പോയിട്ടുണ്ട്.
അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്നും ഇപ്പോൾ കയറിയവർക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.
“അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നത്. അതിൽ പൂർവകാല പ്രാബല്യമോ പിൻകാല പ്രാബല്യമോ ഇല്ല. ഇപ്പോൾ കയറിവർക്കെതിരെ നടപടിയെടുക്കും. രാത്രിയിൽ ഇങ്ങനെ പോകാനിടയായ സാഹചര്യം അറിയുകയാണ് ആദ്യം വേണ്ടത്. അതിന് അവരെ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോൾ വേണ്ടത് അതാണ്. ഫ്ലാഷ് കണ്ടതിനാൽ അവർക്ക് അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന് കരുതുന്നു.”- മന്ത്രി പ്രതികരിച്ചു.
Story Highlights: cherad hill fire force update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here