Advertisement

ജീവന് ഭീഷണിയുണ്ട്, പണം വാഗ്‌ദാനം ചെയ്ത് പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം; റോയ് വയലാറ്റിനെതിരെ പരാതിക്കാരി

February 14, 2022
Google News 2 minutes Read

നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി.പണം വാഗ്‌ദാനം ചെയ്ത് പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയെന്ന് പരാതിക്കാരി ട്വന്റി ഫോറിനോട് പറഞ്ഞു. റോയ് വയലാറ്റ് ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് അഭിഭാഷകൻ തന്നെ സമീപിച്ചു. അഭിഭാഷകൻ വന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ തന്റെ പക്കലുണ്ട്. 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി ട്വന്റിഫോർ ന്യൂസ് ഈവനിംഗിൽ വെളിപ്പെടുത്തി.

ഇതിനിടെ റോയ് വയലാറ്റുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത് താൻ തന്നെയെന്ന് അഞ്ജലി വെളിപ്പെടുത്തി. അഞ്ജലി തന്നെ ഇത് സമ്മതിക്കുന്ന ശബ്ദ സന്ദേശം 24നു ലഭിച്ചു. നമ്പർ 18 ഹോട്ടലിൽ വച്ച് പെൺകുട്ടികൾക്കുണ്ടായ ദുരനുഭവം താൻ അറിഞ്ഞില്ല എന്ന് അഞ്ജലി ശബ്ദരേഖയിൽ പറയുന്നു.

പരാതി നൽകുന്നതിനു മുൻപ് പരാതിക്കാരിയ്ക്ക് അയച്ച ശബ്ദസന്ദേശമാണ് പുറത്തായത്. നിങ്ങൾക്ക് ഭക്ഷണം വാങ്ങിത്തന്നതും കൊണ്ടുപോയതും താനാണ് എന്ന് അഞ്ജലി പറയുന്നു. ഫൈവ് സ്റ്റാർ ഹോട്ടലിൽ നിങ്ങൾ താമസിച്ചതിനു പണം നൽകിയതാണോ ഞാൻ ചെയ്ത തെറ്റ്? നിങ്ങൾക്ക് സംഭവിച്ചതിൽ എനിക്ക് പങ്കില്ല. അതിനുള്ള തെളിവ് തൻ്റെ കയ്യിലുണ്ടെന്നും അഞ്ജലി പറയുന്നു. പരാതിക്കാരിയുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം റിക്കവർ ചെയ്തെടുത്ത ശബ്ദ സന്ദേശമാണ് ഇത്.

പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനും അഞ്ജലിക്കും എതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി ഡി സി പി വി യു കുരുവിള പറഞ്ഞിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെങ്കിലും മറ്റാരും പരാതി തന്നിട്ടില്ല. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താനുൾപ്പെടെയുള്ള പെൺകുട്ടികളെ ഹോട്ടലിൽ എത്തിച്ചത് അഞ്ജലിയാണെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇതിനു പിന്നാലെ ഫേസ്ബുക്ക് വിഡിയോയുമായി അഞ്ജലി രംഗത്തെത്തി. ‘ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മകളെ മുൻനിർത്തിവരെ എനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടും കള്ളപ്പണ ഇടപാടും ഹണിട്രാപും ഒക്കെ എന്റെമേൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളാണ്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയാം. ഞാനത് പുറത്തുപറയാതിരിക്കാനാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്’. അഞ്ജലി പ്രതികരിച്ചു.

Read Also : കുട്ടികളെ കൊച്ചിയിലെത്തിച്ചത് താൻ തന്നെയെന്ന് അഞ്ജലി; ശബ്ദ സന്ദേശം 24ന്

റോയ് വയലാറ്റ് പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നത് കണ്ടെന്നും തനിക്ക് മയക്കുമരുന്ന് നൽകാൻ ശ്രമിച്ചത് അഞ്ജലിയാണെന്നുമായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഔഡി കാറിൽ നമ്പർ 18 ഹോട്ടലിൽ പെൺകുട്ടികളെ എത്തിച്ചത് ഇല്ലാത്ത മീറ്റിന്റെ പേരിലാണ്. പാർട്ടി ഹാളിൽ സീരിയൽ താരങ്ങളെയും കണ്ടു. അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജുവും കോള കുടിക്കാൻ നിർബന്ധിച്ചുവെന്നും പെൺകുട്ടി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

Story Highlights: POCSO case No 18 hotel- Complainant against Roy Vayalat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here