മണിപ്പൂർ തെരഞ്ഞെടുപ്പ്; ബിജെപി ഭീഷണിയും കൈക്കൂലിയും കൊണ്ട് ജനവിധിയെ അവഹേളിച്ചു

മണിപ്പൂർ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനം ഭരിക്കുന്ന പാർട്ടി ജനവിധിയെ അവഹേളിച്ചു. 2017 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ “ഭീഷണിയും കൈക്കൂലിയും” ഉപയോഗിച്ച് ബിജെപി അധികാരം പിടിച്ചെടുത്തെന്നും പ്രിയങ്ക ആരോപിച്ചു.
സംസ്ഥാനത്ത് വികസന രാഷ്ട്രീയം പിന്തുടരും. ടൂറിസം സാധ്യതകൾ പൂർണ്ണമായും വിനിയോഗിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തീവ്രവാദം ബാധിച്ച സംസ്ഥാനത്തെ ജനങ്ങളുടെ പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തു. ബഹുവിളകൾ ഉറപ്പാക്കാനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. മുള വ്യവസായത്തെയും ഔഷധ, സുഗന്ധ സസ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും പ്രിയങ്ക പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെപ്പോലെ മണിപ്പൂരിനെയും ബിജെപി അവഗണിക്കുകയാണ്. ജനങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ജീവിതരീതിയും പൂർണമായി മാനിക്കപ്പെടേണ്ടതുണ്ട്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സ്ത്രീകൾക്ക് സൗജന്യ പൊതുഗതാഗതത്തിന് പുറമെ, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനവും ജനങ്ങൾക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമനിർമ്മാണവും കോൺഗ്രസ് നേതാവ് വാഗ്ദാനം ചെയ്തു.
60 അംഗ സഭയിൽ കോൺഗ്രസിനോ ബിജെപിക്കോ ഭൂരിപക്ഷമില്ലാത്ത ഒരു തൂക്കുസഭയാണ് 2017 ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. 28 എംഎൽഎമാരുമായി കോൺഗ്രസ് 31 സീറ്റിന്റെ മാജിക്കിന് അടുത്തെത്തിയെങ്കിലും, കോൺറാഡ് സംഗ്മയുടെ എൻപിപി, നാഗാ പീപ്പിൾസ് ഫ്രണ്ട് തുടങ്ങിയ ചെറുപാർട്ടികളുടെ സഹായത്തോടെ ബിജെപി അധികാരത്തിൽ എത്തി.
Story Highlights: bjp-disrespected-peoples-mandate-in-manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here