Advertisement

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനൊരുങ്ങി സിപിഐ

February 19, 2022
Google News 2 minutes Read

പത്തനംത്തിട്ടയിലെ എല്‍ഡിഎഫ് പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങി സിപിഐ. കൊടുമണ്ണില്‍ സിപിഐ നേതാക്കളെ മര്‍ദ്ദിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സിപിഐ നടപടി. സിപിഐഎം ഉഭയകക്ഷി ചര്‍ച്ചകളിലെടുത്ത വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന ആരോപണമാണ് സിപിഐ പ്രധാനമായും ഉന്നയിക്കുന്നത്. കൊടുമണിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ച ഫലംകണ്ടതായ റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തു വന്നിരുന്നത്. കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നോക്കാതെ സംഘടന നടപടി സ്വീകരിക്കാനാണ് ഉഭയകക്ഷി യോഗത്തിലെടുത്തിരുന്ന തീരുമാനം. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതാണ് സിപിഐയുടെ പ്രതിഷേധത്തിന് പിന്നില്‍.

Read Also : മുത്തങ്ങ ഭൂസമരത്തിന് 19 വയസ്

കുറ്റക്കാര്‍ക്കെതിരെ സംഘടനാപരമായും നിയമപരമായുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നേരത്തെ വ്യക്തമാക്കിയിരുന്നത്. സിപിഐഎമ്മിന്റെ ഉറപ്പ് വിശ്വസിക്കുന്നു എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്റെ പ്രതികരണം. എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കാത്തതില്‍ കടുത്ത അമര്‍ഷമാണ് സിപിഐയ്ക്കുള്ളത്. ജനുവരി 16 ഞായറാഴ്ച്ചയായിരുന്നു കൊടുമണ്ണില്‍ സിപിഐ- സിപിഐഎം ആക്രമണം അരങ്ങേറിയത്. സിപിഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ഉദയന്‍ എന്നിവരെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ഇന്നലെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Story Highlights: CPI prepares to boycott LDF programs in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here