Advertisement

തദ്ദേശ സ്ഥാപനങ്ങളും സഹകരണ മേഖലയും ഒന്നിക്കുന്നു: വി.എന്‍. വാസവന്‍

February 21, 2022
Google News 2 minutes Read

സഹകരണ മേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് ഗ്രാമീണ അന്തരീക്ഷത്തിന്റെ പുരോഗതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോകുകയാണെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍. നിക്ഷേപ സമാഹരണ യജ്ഞവും സഹകരണ സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിലെ നാനാതുറകളിലുള്ള പദ്ധതികള്‍ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ബജറ്റ് വിഹിതം ലഭിച്ചില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി പദ്ധതികള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണി കണ്ടെത്തുകയും പ്രാദേശികമായ ഉന്നമനം ഉറപ്പാക്കുകയും ചെയ്യും. ഏതു പ്രതിസന്ധി ഘട്ടത്തിലും ആദ്യം സഹായവുമായി എത്തുന്നത് സഹകരണ മേഖലയാണ്. അതുകൊണ്ടു തന്നെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ജനകീയ അടിത്തറ സഹകരണ മേഖലയ്ക്കുണ്ട്.

ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ സഹകരണ മേഖലയില്‍ നടക്കുന്നുണ്ട്. ഇതിനെ സാമാന്യവല്‍ക്കരിച്ച് സഹകരണ മേഖലയ്‌ക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടന്നു. ഇതിനെ സംയമനത്തോടെ നേരിട്ട് സഹകാരികള്‍ അതിജീവിക്കുകയായിരുന്നു. കണക്കുകള്‍ പരിശോധിക്കാനും അത് പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുമുള്ള സംവിധാനം ഇപ്പോള്‍ നിലവില്‍ വന്നു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥ ഓഡിറ്റ് ഡയറക്ടറായി ഓഡിറ്റിങ് സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. സുതാര്യമായ നടപടികളിലൂടെ മുന്നോട്ടു പോകുകയാണ് സഹകരണ മേഖല.

മഹാമാരിയും പ്രളയവും കൊവിഡ് പ്രതിസന്ധിയുമൊക്കെ വന്നപ്പോള്‍ ആദ്യം സഹായഹസ്തവുമായി എത്തിയ സഹകരണ മേഖലയായിരുന്നുയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 236 കോടി രൂപ സംഭാവന നല്‍കി. മറ്റൊരു മേഖലയ്ക്കും കഴിയാത്ത പ്രവര്‍ത്തനമായിരുന്നു ഇത്. കൊവിഡ് കാലത്ത് വായ്പക്കാര്‍ക്കും പല വിധത്തില്‍ ആശ്വാസം പകരാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ സഹായ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു. നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ആറായിരം കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്. മുന്‍ കാലങ്ങളില്‍ പലപ്പോഴും ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ നിക്ഷേപ സമാഹരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ആദ്യ നിക്ഷേപങ്ങള്‍ വേദിയില്‍ മന്ത്രി ഏറ്റു വാങ്ങി. ഡോ.റോബര്‍ട്ട് രാജ് തിരുമല സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചു. രേഖകള്‍ മന്ത്രിക്കു കൈമാറി.

Read Also : കണ്ണൂരില്‍ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍ സിനിമാ സംവിധായകന്‍ തുളസീദാസ് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചു. ജയകുമാര്‍ ( തിരുമല സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), അശ്വിന്‍ എസ്.കുമാര്‍ ( മുട്ടത്തറ കോ ഓപ്പറേറ്റീവ് ബാങ്ക് ) അനില്‍ കുമാര്‍ ( അണ്ടൂര്‍കോണം സഹകരണ ബാങ്ക് ) എ.രാജന്‍ ( വട്ടിയൂര്‍ക്കാവ് കോ ഓപ്പറേറ്റീവ് ബാങ്ക് ) രാജി ( വട്ടിയൂര്‍ക്കാവ് കോ ഓപ്പറേറ്റീവ് ബാങ്ക് ) തുളസീധരന്‍ ബി. ( ഉള്ളൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ), ജിത്തു ജോര്‍ജ്ജ് ( പട്ടം കോ ഓപ്പറേറ്റീവ് ബാങ്ക് ) എന്നിവരും നിക്ഷപങ്ങള്‍ നടത്തി. സഹകരണ അംഗ സമാശ്വാസ നിധി സഹായധന വിതരണവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ രജിസ്ട്രാര്‍ പി.ബി. നൂഹ് കൃതജ്ഞതയും പറഞ്ഞു. സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയാക്കോട് കൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രാഥമിക സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡന്റ് വി.ജോയ് എംഎല്‍എ, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ തിലകന്‍, കേരള ബാങ്ക് പ്രതിനിധി പി.എസ്.രാജന്‍, ഓഡിറ്റ് ഡയറക്ടര്‍ എം.എസ്.ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.

Story Highlights: Local Bodies and Co-operative Sector Unite: VN Vasavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here