‘ജനങ്ങളുടെ സർക്കാർ മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കില്ല’: വരുൺ ഗാന്ധി

കേന്ദ്രത്തിനെതിരെ വിമർശനവുമായി ബിജെപി എംപി വരുൺ ഗാന്ധി. ബാങ്കുകളുടെയും റെയിൽവേയുടെയും സ്വകാര്യവൽക്കരണത്തിൽ ആശങ്കയുണ്ട്. സർക്കാർ തീരുമാനം വലിയ തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമെന്നും വരുൺ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലാണ് അദ്ദേഹത്തിൻ്റെ വിമർശനം.
“ബാങ്കുകളുടെയും റെയിൽവേയുടെയും സ്വകാര്യവൽക്കരണം 5 ലക്ഷം പേരെ തൊഴിലില്ലാത്തവരാക്കും. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിന് മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ച് അസമത്വത്തെ പ്രോത്സാഹിപ്പിക്കാനാകില്ല” വരുൺ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
നേരത്തെ റെയിൽവേ മേഖലയിൽ സ്വകാര്യ കമ്പനികളെ ക്ഷണിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. 1.3 ദശലക്ഷത്തിലധികം തൊഴിലാളികളുള്ള ഇന്ത്യയുടെ ട്രെയിൻ ശൃംഖല ലോകത്തിലെ ഏറ്റവും വലിയ ഒന്നാണ്. റെയിൽവേ ഒരിക്കലും സ്വകാര്യവത്കരിക്കില്ലെന്ന് കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഊന്നിപ്പറഞ്ഞിരുന്നു.
രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ കഴിഞ്ഞ വർഷം വലിയ പ്രതിഷേധവും രാജ്യം കണ്ടിരുന്നു. “ഇന്ദിരാഗാന്ധി 14 ബാങ്കുകളെ ദേശസാൽക്കരിച്ചു. പാവപ്പെട്ടവർക്ക് ബാങ്കിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കണം എന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ഇന്ന് ഈ ബാങ്കുകൾ ഒന്നൊന്നായി ലയിക്കുന്നു. കുറച്ചുപേർക്ക് നേട്ടമുണ്ടാക്കാനുള്ള മറ്റൊരു ശ്രമമാണിത്.” കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെ അന്ന് പറഞ്ഞിരുന്നു.
Story Highlights: peoples-govt-wont-promote-capitalism-varun-gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here