ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഊര്‍ജിത ശ്രമം; ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈകിപ്പിക്കാതെ തിരക്കിട്ട നടപടികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വേണു രാജാമണി ട്വന്റിഫോറിനോട് പറഞ്ഞു.
കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നടക്കം ഫോണ്‍വിളികള്‍ രാവിലെ മുതല്‍ എത്തുന്നുണ്ട്. മലയാളികളെ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള മാര്‍ഗങ്ങളാണ് നോക്കുന്നത്. തത്ക്കാലം സമാധാനത്തോടെ സുരക്ഷിതമായി ജനങ്ങള്‍ കഴിയണം. ഇന്ത്യക്കാരെ എത്രയും വേഗം തിരിച്ചെത്തിക്കുക എന്നതാണ് നമ്മളാലോചിക്കുന്നത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. എല്ലാ രാജ്യങ്ങളുടെയും സമാധാനമാണ് ആവശ്യം’. വേണു രാജാമണി പറഞ്ഞു.
അതേസമയം യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Story Highlights: venu rajamani, russia ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here