Advertisement

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ

February 25, 2022
Google News 2 minutes Read

റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രക്ഷാദൗത്യവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ നാളെ പുലര്‍ച്ചെ രണ്ട് വിമാനങ്ങള്‍ പുറപ്പെടും. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യുക്രൈനിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തേ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്ന് മടങ്ങുവാനുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ എല്ലാവരും നിലവിലെ കേന്ദ്രങ്ങളില്‍ ക്ഷമയോടെ തുടരണമെന്നും ആരും പേടിക്കേണ്ടതില്ലെന്നുമാണ് പാര്‍ത്ഥാ സത്പതി അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നാറ്റോയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

റഷ്യന്‍ സേന യുക്രൈന്‍ തലസ്ഥാനമായ കീവിന് 20 കിലോമീറ്റര്‍ അകലെ വരെ എത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പുലര്‍ച്ചെ നാല് മണി മുതല്‍ യുക്രൈന്റെ സൈനിക കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ആക്രമണം നടന്നതായി യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജനവാസ മേഖലകള്‍ ആക്രമിക്കില്ലെന്ന വാക്ക് റഷ്യ തെറ്റിച്ചെന്നും വ്‌ളാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.

Read Also : പുടിനുമായി ചര്‍ച്ച നടത്തി മോദി; യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് റഷ്യ

യുക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി. ഏഴ് റഷ്യന്‍ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും വെടിവെച്ച് വീഴ്ത്തിയെന്ന യുക്രൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സി.എന്‍.എന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രധാനമായും കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. യുക്രൈന്‍ തകര്‍ത്ത റഷ്യന്‍ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

യുക്രൈനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയ്ക്ക് എതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്കയും ജപ്പാനും രംഗത്തെത്തി.
അമേരിക്കയിലുള്ള റഷ്യയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക, പ്രതിരോധ മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് ജപ്പാന്റെ തീരുമാനം.

Story Highlights: Air India launches rescue mission to repatriate Indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here