Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ ( 25-02-2022)

February 25, 2022
Google News 2 minutes Read
Headlines today Feb (25)

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം ( news round up feb 25 )

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്റ്റുകളില്‍ എത്തണമെന്നാണ് നിര്‍ദേശം.

റഷ്യന്‍ സൈന്യം കീവില്‍; രണ്ട് മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു

റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. കീവിലെ ഒബലോണില്‍ റഷ്യന്‍ സേനയുടെ സാന്നിദ്ധ്യം യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കീവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യന്‍ സൈനിക ടാങ്കറുകള്‍ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. റഷ്യന്‍ സേനയ്ക്ക് നേരെ ഉക്രൈന്‍ പട്ടാളക്കാര്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടു. കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യ അറിയിച്ചു.

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നയാള്‍ കസ്റ്റഡിയില്‍

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍. നെടുമങ്ങാട് നിന്നാണ് പ്രതി പിടിയിലായത്. തിരുവനന്തപുരം തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം.

ഗ്രൂപ്പുയോഗത്തില്‍ കെപിസിസിയുടെ മിന്നല്‍ പരിശോധന; വാര്‍ത്തകള്‍ തള്ളി വി.ഡി.സതീശന്‍

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തിയെന്ന വാര്‍ത്തകളെ തള്ളി വി.ഡി.സതീശന്‍. തനിക്ക് എതിരെ ഒന്നും പറയാനില്ലാത്തതിനാല്‍ കുല്‍സിത പ്രവര്‍ത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചിലര്‍ പിന്നില്‍ നിന്ന് വലിക്കുകയാണ്. ടി.യു.രാധാകൃഷ്ണന്‍ ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വന്നതാണ്. ഒരു പണിയുമില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. തനിക്ക് വേറെ ഒരുപാട് പണിയുണ്ട്. നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ഒരു തെറ്റും പറയാനില്ല. ടീം വര്‍ക്കാണ് നടക്കുന്നതെന്നും സതീശന്‍ വ്യക്തമാക്കി.

ആക്രമണം അവസാനിപ്പിക്കും വരെ രാജ്യത്തെ സംരക്ഷിക്കും; യുക്രൈൻ

യുക്രൈനെ സഹായിക്കണമെന്ന് അപേക്ഷിച്ച് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. രാജ്യത്തെ ഒറ്റയ്ക്കാണ് പ്രതിരോധിക്കുന്നത്. റഷ്യയ്ക്ക് മേലുള്ള ഉപരോധം സഹായകരമല്ല. ക്രൂരമായ ആക്രമണം തടയാൻ പാശ്ചാത്യ സഖ്യകക്ഷികൾ ഇടപെടണം. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ചർച്ചയ്ക്ക് തയ്യാറാകണമെന്നും യുദ്ധം നിർത്തും വരെ രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

800 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍

യുക്രൈനില്‍ അതിക്രമിച്ച് കയറിയ 800 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം. 30 റഷ്യന്‍ ടാങ്കുകള്‍ വെടിവെച്ച് തകര്‍ത്തതായും അവര്‍ വെളിപ്പെടുത്തി. ഏഴ് റഷ്യന്‍ വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും വെടിവെച്ച് വീഴ്ത്തിയെന്ന യുക്രൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ സി.എന്‍.എന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമായും കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. യുക്രൈന്‍ തകര്‍ത്ത റഷ്യന്‍ വിമാനം ബഹുനില കെട്ടിടത്തില്‍ ഇടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

യുദ്ധം കടുക്കുന്നു; അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ്

റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്ത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റുമായി സംസാരിച്ചു. റഷ്യന്‍ ആക്രമണത്തിന്റെ ആദ്യ ദിവസം 137 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയുടെ റഷ്യയിലുള്ള മുഴുവന്‍ ആസ്തികളും മരവിപ്പിക്കുമെന്ന് ജോബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം; മിന്നല്‍ പരിശോധന നടത്തി കെപിസിസി

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മിന്നല്‍ പരിശോധനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന.

രണ്ടര വയസുകാരിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ സംരക്ഷണ ചുമതല സിഡബ്ല്യുസി ഏറ്റെടുക്കും. അമ്മ കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ ബിറ്റി.കെ.ജോസഫ്. കുട്ടിയുടെ മാതാവിന്റെ ഭാഗത്തു നിന്ന് കര്‍ത്തവ്യവിലോപം ഉണ്ടായിട്ടുണ്ട്. കുട്ടിക്ക് അടിയന്തരമായി കൊടുക്കേണ്ട സംരക്ഷണമോ വൈദ്യ സഹായമോ നല്‍കിയിട്ടില്ല. അതുകൊണ്ടാണ് കൂട്ടി ഇത്രയും മോശം അവസ്ഥയിലേക്ക് എത്തിയത്. കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാന്‍ ഉടന്‍ ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി.

Story Highlights: news round up feb 25

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here