നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; യുക്രൈന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് വ്യാജ ട്വീറ്റ്

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സൂചന. ഇന്ന് രാവിലെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് അല്‍പ സമയത്തിനുള്ളില്‍ തന്നെ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഹാക്കര്‍മാര്‍ ജെ പി നദ്ദയുടെ അക്കൗണ്ടിന്റെ പേര് ജഗത് പ്രകാശ് നദ്ദ എന്നതില്‍ നിന്നും ഐ സി ജി ഓണ്‍സ് ഇന്ത്യ എന്നാക്കി മാറ്റിയിരുന്നു. യുക്രൈനെ സാമ്പത്തികമായി സഹായിക്കാന്‍ ക്രിപ്‌റ്റോ കറന്‍സി ഡൊണേഷനായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലും രാവിലെ നദ്ദയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റുകള്‍ എത്തിയിരുന്നു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും യുക്രൈനൊപ്പം നില്‍ക്കണമെന്ന ആഹ്വാനവും രാവിലെ നദ്ദയുടെ അക്കൗണ്ടില്‍ നിന്നും വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈന്‍ ജനതയ്ക്കായി ക്രിപ്‌റ്റോകറന്‍സികള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ഈ തുക ഉറപ്പായും യുക്രൈനിലെത്തിക്കുമെന്നും ട്വീറ്റ് വന്നു.
Read Also : ‘തീവ്രവാദികള്‍ക്കായി ഹൃദയം തുടിക്കുന്നവര്‍ക്കൊപ്പം നില്‍ക്കരുത്’; സമാജ്‌വാദി പാര്‍ട്ടിക്കെതിരെ പ്രധാനമന്ത്രി
ഇതിന് നേരെ വിരുദ്ധമായ ട്വീറ്റുകളാണ് പിന്നാലെ വന്നത്. റഷ്യയ്‌ക്കൊപ്പം നില്‍ക്കണമെന്നും റഷ്യയ്ക്കായി ക്രിപ്‌റ്റോ കറന്‍സി സംഭാവന ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അടുത്ത ട്വീറ്റ്. നദ്ദയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് തന്നെയാണെന്ന ഒരു ട്വീറ്റ് പിന്നാലെ വന്നു. അതിനുശേഷമാണ് അക്കൗണ്ടിന്റെ പേര് തന്നെ മാറ്റുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിന്റെ പിന്നില്‍ ആരാണെന്ന് അന്വേഷിച്ചുവരികയാണെന്ന് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോന്‍സ് സംഘം അറിയിച്ചു. ഹാക്കിംഗ് ശ്രദ്ധയില്‍പ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Story Highlights: jp nadda twitter account hacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here