Advertisement

വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുമതി; തകരുന്ന ജീവിതങ്ങൾക്കിടയിലും തങ്ങളുടെ പൊന്നോമനകളെ ചേർത്തുപിടിച്ച് ജനങ്ങൾ…

February 28, 2022
Google News 5 minutes Read

യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. തകരുന്ന ജീവിതത്തിനിടയിൽ ജീവനും കൊണ്ടുള്ള പലായനം. ഈ യാത്രയിൽ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കേണ്ടി വരുന്നത് ഹൃദയഭേദകമായ അവസ്ഥയാണ്. എന്നാൽ റൊമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും പേപ്പർവർക്കില്ലാതെ തങ്ങളുടെ മൃഗങ്ങളെ കൊണ്ടുപോകാൻ അനുമതി നൽകുകയും ചെയ്തതോടെ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുമായി അതിർത്തി കടക്കാൻ ശ്രമിക്കുകയാണ്.

വളർത്തുമൃഗങ്ങളെ അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള ഒരുപാട് കാര്യങ്ങൾ ആവശ്യമാണ്. നിരവധി നിയമങ്ങളും പാലിക്കേണ്ടതുണ്ട്. മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് (പെറ്റ) പ്രകാരം, പൂച്ചകൾക്കും നായ്ക്കൾക്കും വാക്സിനേഷൻ നൽകുകയും മൈക്രോചിപ്പ് നൽകുകയും പേവിഷബാധയ്ക്കുള്ള രക്തപരിശോധന നടത്തുകയും വേണം.
എന്നിരുന്നാലും, യുക്രൈനിലെ സാഹചര്യം പരിഗണിച്ച് റൊമാനിയ, പോളണ്ട്, ഹംഗറി എന്നീ മൂന്ന് രാജ്യങ്ങൾ ഈ നിയമങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ്. അതിനാൽ ആളുകൾക്ക് ആശങ്കകളില്ലാതെ ഇനി തങ്ങളുടെ വളർത്തുമൃഗങ്ങളെയും കൂടെ കൊണ്ടുപോകാം. എന്നാൽ ഒരാൾക്ക് അഞ്ച് വളർത്തുമൃഗങ്ങളെ മാത്രമേ കൊണ്ടുപോകാൻ കഴിയൂ.

“ഞാൻ ഈ രാജ്യത്തെ സ്നേഹിക്കുന്നു. ഈ രാജ്യം നശിപ്പിക്കപ്പെടുന്നതിൽ എനിക്ക് വളരെ സങ്കടമുണ്ട്” എന്നാണ് തന്റെ രണ്ട് പൂച്ചകളുമായി പോളണ്ടിലേക്ക് പ്രവേശിച്ച 21 കാരനായ ഒരു മെഡിക്കൽ വിദ്യാർത്ഥി യുക്രൈനിലെ സാഹചര്യത്തെ കുറിച്ച് പറഞ്ഞത്. പെറ്റ ജർമ്മനി യുക്രൈനിലേക്ക് 20,000 കിലോ ഭക്ഷണം വളർത്തുമൃഗങ്ങൾക്കായി എത്തിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വളർത്തുമൃഗങ്ങളുമായി ഇപ്പോഴും യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സംഘടന പുതപ്പുകളും മറ്റ് ആവശ്യങ്ങളും ഒരുക്കുന്നുണ്ട്.

Read Also : യുക്രൈനിലെ നിന്ന് പോളണ്ടിലേക്ക്; ഒരു ഇരുപത്തിയഞ്ചുകാരന്റെ 20 മണിക്കൂർ കാൽനടയാത്ര…

യുക്രൈൻ യുദ്ധഭൂമിയിൽ തന്റെ നായയെ ഉപേക്ഷിച്ച് രാജ്യം വിടില്ലെന്ന് ഇന്ത്യയിൽ നിന്നുള്ള മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പറഞ്ഞിരുന്നു. കിഴക്കൻ യുക്രൈനിലെ ഖാർകിവ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് റേഡിയോ ഇലക്‌ട്രോണിക്‌സിലെ വിദ്യാർത്ഥിയായ റിഷഭ് കൗശിക് ആണ് രാജ്യത്തിന് പുറത്തേക്ക് തന്നെ കൊണ്ടുപോകുന്നതിന് മുമ്പ് തന്റെ നായയെ കൊണ്ടുപോകുന്നതിനുള്ള എല്ലാ പേപ്പർ വർക്കുകളും പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, അനുമതിക്കായി നിരവധി രേഖകൾ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് കൗശിക് തന്നെയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

Story Highlights: People in Ukraine are holding on to their beloved pets amid Russia’s offensive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here