Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (01-03-22)

March 1, 2022
Google News 1 minute Read

യുക്രൈന് മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ

യുക്രൈന് മരുന്നുള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യ യുക്രൈനെ സഹായിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വ്യക്തമാക്കി.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് പ്രവചനം. 

കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി; പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്. നാല് എംപിമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. രാജ് മോഹൻ ഉണ്ണിത്താൻ,ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവരാണ് പരാതിപ്പെട്ടത്. കെ പി സി സി, ഡി സി സി ഭാരവാഹിത്വം ലഭിക്കുന്നത് അനർഹർക്കെന്ന് എം പി മാരുടെ ആരോപണം. നടപടി നിർത്തിവയ്ക്കാനുള്ള നിർദേശം താരിഖ് അൻവർ കെ സുധാകരന് കൈമാറി.

യുക്രൈൻ പ്രതിസന്ധി; രാഷ്ട്രപതിയുടെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് പ്രഥമപരിഗണനയെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി. ഇതിനിടെ കീവിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കീവിൽ കർഫ്യുവിന് ഇളവ് വന്നാൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കും.

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 106 രൂപ കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില.

പീഡനപരാതി; തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ ഡോ.എസ് സുനിൽ കുമാർ അറസ്റ്റിൽ

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ഡോ.എസ് സുനിൽ കുമാറിനെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെ ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു . പീഡന കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽ കുമാറിനെ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തിരുന്നു.

സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു

23ആം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക ഉയർത്തലിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശനമുള്ളൂ. ബാക്കിയുള്ളവർ ബാരിക്കേഡിനു പുറത്ത് നിൽക്കുകയാണ്.

റഷ്യന്‍ സൈനിക വാഹനവ്യൂഹം കീവിലേക്ക്; ഇന്ത്യക്കാര്‍ ഉടന്‍ കീവ് വിടണമെന്ന് വിദേശകാര്യമന്ത്രാലയം

ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം യുക്രൈനിലെ കീവ് വിടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here