Advertisement

ഭരണത്തുടര്‍ച്ചയ്ക്കായുള്ള നയരേഖ; സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 24നോട്

March 4, 2022
Google News 1 minute Read
kodiyeri balakrishnan

ഭരണത്തുടര്‍ച്ചയ്ക്കായാണ് പുതിയ നയരേഖയെന്ന് മൂന്നാമൂഴത്തിലും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍. ഒരു നയവ്യതിയാനവും പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനം എന്നാല്‍ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി മാത്രമായിരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ട്വന്റിഫോര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.

‘ഇടതുപക്ഷ മുന്നണിക്ക് ജനങ്ങള്‍ രണ്ടാമതൊരു അവസരം നല്‍കി. ആ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് തുടര്‍ച്ചയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഭൂരിഭക്ഷം ജനങ്ങള്‍ ഇനിയും ഞങ്ങളെ അംഗീകരിച്ചാല്‍ ഇനിയും സിപിഐഎം തന്നെ അധികാരത്തിലെത്തും. എന്നും ജനങ്ങളുടെ പിന്തുണ തേടാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. അതിന് 5 വര്‍ഷം പ്രവര്‍ത്തിച്ചതുപോലെ ഇനിയും പോയാല്‍ പോര. കൂടുതല്‍ ജനങ്ങളുടെ പിന്തുണയാര്‍ജിക്കണം. അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കണം. അതിന് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കണം. അതിന് ഉല്‍പാദന വളര്‍ച്ചയുണ്ടാകണം. തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍ നീക്കം ചെയ്യണം. നവീകരിക്കണം. കാര്‍ഷിക, വ്യാവസായിക, ഉന്നത വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. സാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിമുന്നോട്ടുപോയാല്‍ അതിന് സാധ്യമല്ല. ഇടപെടേണ്ട മേഖലകൡ നയപരമായി ഇടപെടണം. ചര്‍ച്ചകളും സംവാദങ്ങളും നടത്തണം. ഇങ്ങനെ നാനാവിധത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കാനുള്ള ബാധ്യതയാണ് പാര്‍ട്ടി ഏറ്റെടുത്തിട്ടുള്ളത്’.

പാര്‍ലമെന്ററി താത്പര്യങ്ങളിലേക്ക് പാര്‍ട്ടി കേന്ദ്രീകരിക്കപ്പെടുന്നത് നയവ്യതിയാനമാണെന്ന് വിമര്‍ശനമുയരുന്നു?

പാര്‍ട്ടിയില്‍ നയവ്യതിയാനമുണ്ടായിട്ടില്ല. പാര്‍ലമെന്റേതിര പ്രവര്‍ത്തനവും പാര്‍ലമെന്ററി പ്രവര്‍ത്തനവുമുണ്ട്. ഇത് രണ്ടും കൂടി സംയോജിക്കുന്നതാണ് പാര്‍ട്ടി. പാര്‍ലമെന്റേതിര പ്രവര്‍ത്തനത്തിനാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. എങ്കിലേ പാര്‍ലമെന്ററി പ്രവര്‍ത്തനത്തനം ശക്തമാകുകയുള്ളൂ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ പിന്നാലെ വെറുതെ നടന്നിട്ട് കാര്യമില്ല. അതിന് പാര്‍ലമെന്റേതിര പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. പൊതുജനങ്ങളെ സംഘടിപ്പിക്കണം., അതാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അംഗീകരിച്ചിട്ടുള്ള മാര്‍ഗരേഖ. സംഘടനാപരമായ പ്രവര്‍ത്തനത്തിന് തന്നെയാണ് പാര്‍ട്ടി ഊന്നല്‍ കൊടുക്കുന്നത്. അതേസമയം സര്‍ക്കാര്‍ മുന്‍പുണ്ടായതുപോലെ പ്രവര്‍ത്തിച്ചാല്‍ പോരാ. ഈ സാഹചര്യത്തിലാണ് 25 വര്‍ഷം മുന്നില്‍ കണ്ടുള്ള നയരേഖ പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നത്.

ഭരണത്തുടര്‍ച്ച എന്നതിലേക്ക് മാത്രം പാര്‍ട്ടി താത്പര്യം ചുരുങ്ങുന്നു?

ഭരണത്തുടര്‍ച്ച കിട്ടി, എന്നുകരുതി വെറുതെയിരിക്കാനാകുമോ? ഇനിയും നാല് വര്‍ഷം മുന്നിലുണ്ട്. ഈ നാല് വര്‍ഷം എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് പ്രധാനമാണ്. അതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള അവസരം ജനങ്ങള്‍ നല്‍കിയിരിക്കുകയാണ്. അതിന്റെ ഭാഗമായുണ്ടാകുന്ന വികസന പദ്ധതികള്‍ ഭാവി രാഷ്ട്രീയത്തെ സ്വാധീനിക്കു. ഉദാ; ദരിദ്രരില്ലാത്ത കേരളം. ഇവിടെ സംസ്ഥാനത്ത് 1 ശതമാനത്തില്‍ താഴെ ആളുകള്‍ പരമ ദരിദ്രരാണ്. അവരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കണം. പരമ്പരാഗത വികസനങ്ങള്‍ നവീകരിച്ച് അവര്‍ക്ക് മാന്യമായ കൂലി ലഭിക്കുന്ന സാഹചര്യമുണ്ടാക്കണം. ജോലി ഉറപ്പുവരുത്തണം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണം.

ഇപ്പോള്‍ തന്നെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പോയി പഠിക്കുകയാണ്. അവര്‍ക്കിവിടെ വേണ്ടത്ര അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ലേ വിദേശത്തുപോകേണ്ടിവരുന്നത്. അങ്ങനെയുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അവസരങ്ങള്‍ വേണം. അതാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാട്.

വിദേശ, സ്വകാര്യ നിക്ഷേപങ്ങളിലെ കാഴ്ചപ്പാട്

സ്വകാര്യ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഒരു പുതിയ നിലപാടും നയരേഖയിലില്ല. 1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ച നയമേ ഇക്കാര്യത്തിലുള്ളൂ. മൂലധനം ഏത് മേഖലയില്‍ ഉപയോഗിച്ചാലും നിയന്ത്രണത്തിന് വിധേയമായിരിക്കണം. പക്ഷേ മൂലധന ശക്തികളുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിധേയമാകാന്‍ പാടില്ല. നയരൂപീകരണത്തില്‍ ഇടപെടാന്‍ അവര്‍ക്ക് അവസരം നല്‍കാന്‍ പാടില്ല. നയരൂപീകരണം സര്‍ക്കാര്‍ തന്നെ നടത്തണം.

ബിജെപി അടക്കം മുന്നോട്ടുവയ്ക്കുന്ന പുതിയ വെല്ലുവിളികളെ എങ്ങനെ മറികടക്കും?

ആഗോളവത്ക്കരണത്തിന് ബദലില്ല എന്നാണ് ആ കൂട്ടര്‍ പറയുന്നത്. എന്നാല്‍ ബദലുണ്ട് എന്ന് കാണിച്ചുകൊടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ഉദാരവത്ക്കരണമെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ഇവിടെ പൊതുമേഖലയെ വില്‍ക്കുന്നില്ലെന്ന് മാത്രമല്ല, ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്. പൊതുമേഖല ഉപയോഗിച്ച് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഇവ രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.

പാര്‍ട്ടിയിലെ തലമുറമാറ്റം?

എല്ലാ ആളുകളെയും എപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താനാകില്ല. അതിന് നിശ്ചിത എണ്ണമുണ്ട്. നൂറോളം ആളുകള്‍ ഇപ്പോഴും പുറത്തുനില്‍ക്കുന്നുണ്ട്. എല്ലാവരെയും ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസ് പോലെയാകില്ലേ…അങ്ങനെ നിയന്ത്രണത്തിന് വിധേയമാകാത്ത കമ്മിറ്റിയല്ല പാര്‍ട്ടിക്കുള്ളത്. ഭാവിയിലേക്കുള്ള നേതൃത്വം രൂപപ്പെടുത്തിയെടുക്കുക എന്നതാണ് അതിനുള്ള മാനദണ്ഡം. തലമുറ മാറ്റമെന്നത് വിശേഷണം മാത്രമാണ്. ഇവിടെ പുതിയ തലമുറയില്‍പ്പെട്ടവരും പഴയ തലമുറയിലെ പരിചയസമ്പന്നരുമുണ്ടാകും.

ജി സുധാകരനെ ഒഴിവാക്കിയത്?

75 വയസ് പ്രായപരിധി എല്ലാവര്‍ക്കും ബാധകമാണ്. തന്നെ ഒഴിവാക്കണം, 75 വയസായി എന്നുകാണിച്ച് സഖാവ് തന്നെ കത്ത് തന്നിട്ടുണ്ട്. പ്രായം കവിഞ്ഞവര്‍ക്ക് പാര്‍ട്ടി പുതിയ ഉത്തരവാദിത്തം ഏല്‍പ്പിക്കും. ഒരാള്‍ക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാകില്ല.

പി ശശിക്ക് നല്‍കി പരിഗണന?

സത്രീ പീഡനപരാതിയില്‍ ഒരു അച്ചടക്ക നടപടിക്കും വിധേയനായ ആളല്ല പി ശശി. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യം പുറത്തുപറഞ്ഞു. അതിനാല്‍ തന്നെ സംഘടനാവിരുദ്ധമായ പ്രവര്‍ത്തി ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. പി ശശിയിപ്പോഴും പാര്‍ട്ടിയുടെ ഒട്ടേറ ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നുണ്ട്. അങ്ങനെയൊരാളെ സംസ്ഥാന കമ്മിറ്റിയിലെടുത്തതില്‍ ഒരു തെറ്റുമില്ല.

റവന്യുവകുപ്പില്‍ സിപിഐ അഴിമതി നടത്തുന്നു എന്ന വിമര്‍ശനത്തെ കുറിച്ച്..

ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. നാല് സിപിഐ മന്ത്രിമാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നവരാണ്. ഒരാപേക്ഷപവും അവരെ കുറിച്ച് സിപിഐമ്മിനില്ല.

ഭരണത്തുടര്‍ച്ച മുന്‍നിര്‍ത്തിയുള്ള നയരേഖ?

തോല്‍ക്കാന്‍ വേണ്ടിയല്ലല്ലോ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ വെറുതെയിരിക്കാനല്ല ജനങ്ങള്‍ തെരഞ്ഞെടുത്തത്, പ്രവര്‍ത്തിക്കാനാണ്. അതിനുള്ള പുതിയ ഉത്തരവാദിത്തമാണ് നയരേഖയിലുള്ളത്. ജനങ്ങള്‍ അംഗീകരിച്ചാല്‍ ഞങ്ങള്‍ വീണ്ടും അധികാരത്തിലെത്തും. ഇല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും. ദേശീയതലത്തിലടക്കം ഭരണമാറ്റമുണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

Story Highlights: kodiyeri balakrishnan, cpim, cpim state conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here