യുദ്ധം തുടരുന്നതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് യൂറോപ്പിലേക്ക്; പോളണ്ടും റൊമാനിയയും സന്ദർശിക്കും

അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്തയാഴ്ച യൂറോപ്പ് സന്ദർശിക്കും. റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതിനിടെയാണ് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ യൂറോപ്പ് സന്ദർശനം. അടുത്ത ആഴ്ച യുക്രൈനിന്റെ അയൽ രാജ്യങ്ങളായ പോളണ്ടും റൊമാനിയയും കമല സന്ദർശിക്കും. നാറ്റോ സഖ്യത്തിന്റെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും യുഎസ് വൈസ് പ്രസിഡന്റിന്റെ സന്ദർശനമെന്ന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രിന സിങ് പറഞ്ഞു.
കമല ഹാരിസിന്‍റെ സന്ദർശനം നാറ്റോയുടെ ശക്തിയും ഐക്യവും പ്രകടമാക്കും. യുറോപ്പ്യൻ രാജ്യങ്ങൾക്കുള്ള യു എസിന്‍റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും സന്ദർശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദർശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു.
പോളണ്ടിലെ വാഴ്സോയിലും റൊമാനിയയിലെ ബുക്കാറെസ്റ്റിലും മാർച്ച് ഒമ്പത് മുതൽ 11 വരെയായിരിക്കും അവർ സന്ദർശനം നടത്തുക. ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവൻമാരുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യയുടെ ഏകപക്ഷീയമായ യുക്രൈൻ അധിനിവേശത്തിനെതിരെ നീങ്ങേണ്ടതിന്‍റെ ആവശ്യകത യു.എസ് വൈസ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടും. ഇനി യുക്രൈനെ ഏത് തരത്തിലാവും അമേരിക്ക സഹായിക്കുമെന്നത് സംബന്ധിച്ചും കമല ഹാരിസ് വിശദീകരണം നടത്തും.
റഷ്യയുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ യൂറോപ്പിലെ നാറ്റോ സഖ്യരാഷ്ട്രങ്ങൾക്കുള്ള യുഎസ് പിന്തുണയും വിലയിരുത്തും. യുക്രൈൻ ജനങ്ങളെ പിന്തുണയ്ക്കുന്നതിന് ഒരുമിച്ചുള്ള പ്രവർത്തനവുമുണ്ടാകുമെന്നും വൈസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ്യാന്തര മാധ്യമത്തോടു വ്യക്തമാക്കി.
Story Highlights: us-vice-president-kamala-harris-travels-to-europe-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here