Advertisement

വനിതാ ലോകകപ്പ്: കരുത്തരുടെ പോരിൽ അവസാന ഓവർ വരെ ആവേശം; ഒടുവിൽ ജയം ഓസ്ട്രേലിയക്ക്

March 5, 2022
Google News 2 minutes Read

വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ആവേശജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 12 റൺസിനാണ് മുൻ ചാമ്പ്യന്മാർ നിലവിലെ ചാമ്പ്യന്മാരെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 310 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുക്കാനേ സാധിച്ചുള്ളൂ. 130 റൺസെടുത്ത ഓസീസ് ഓപ്പണർ റേച്ചൽ ഹെയിൻസാണ് കളിയിലെ താരം. (womens cricket australia england)

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് സ്കോർൻബോർഡിൽ 35 റൺസ് ആയപ്പോഴേക്കും എലിസ ഹീലിയെ (28) നഷ്ടമായി. എന്നാൽ, ക്യാപ്റ്റൻ മെഗ് ലാനിംഗും റേച്ചൽ ഹെയിൻസും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 196 റൺസിൻ്റെ കൂട്ടുകെട്ട് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇംഗ്ലീഷ് ബൗളിംഗ് അറ്റാക്കിനെ അനായാസമാണ് ഇരുവരും നേരിട്ടത്. ഒടുവിൽ, 43ആം ഓവറിൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 86 റൺസെടുത്ത മെഗ് ലാനിംഗ് ആണ് മടങ്ങിയത്. എന്നാൽ തകർപ്പൻ പ്രകടനം തുടർന്ന ഹെയിൻസ് സെഞ്ചുറിയും കടന്ന് കുതിച്ചു. 49ആം ഓവറിലാണ് താരം പുറത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച ബെത്ത് മൂണിയും (19 പന്തിൽ 27) എലിസ് പെറിയും (5 പന്തിൽ 14) ചേർന്ന് ഓസ്ട്രേലിയയെ 300 കടത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ ലോറൻ ഹിൽ പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ തമി ബ്യൂമൊണ്ടും ക്യാപ്റ്റൻ ഹെതർ നൈറ്റും ചേർന്ന് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 92 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ നൈറ്റ് (40) മടങ്ങി. മൂന്നാം വിക്കറ്റിൽ ബ്യൂമൊണ്ടും നതാലി സിവറും ചേർന്ന് വീണ്ടും ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. 57 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. ഒടുവിൽ ബ്യൂമൊണ്ടും (74) മടങ്ങി. ഏമി ജോൻസ് (4), ഡാനിയൽ വ്യാട്ട് (7) എന്നിവരെ വേഗം നഷ്ടമായപ്പോൾ ഇംഗ്ലണ്ട് കൂറ്റൻ തോൽവി മണത്തു. എന്നാൽ, സോഫിയ ഡങ്ക്‌ലി (28), കാതറിൻ ബ്രണ്ട് (25) എന്നിവരെ കൂട്ടുപിടിച്ച് സിവർ പൊരുതി. 79 പന്തുകളിൽ സെഞ്ചുറി നേടിയ താരം ഇംഗ്ലണ്ടിനെ വിജയത്തിനരികെ എത്തിച്ചു. 16 റൺസ് വേണ്ട അവസാന ഓവറിലെ ആദ്യ പന്തിൽ ബ്രണ്ട് പുറത്തായതോടെ ഇംഗ്ലണ്ട് വീണ്ടും ബാക്ക്‌ഫൂട്ടിലായി. ഒരു അവിശ്വസനീയ റിട്ടേൺ ക്യാച്ചിലാണ് ബ്രണ്ട് പുറത്തായത്. ആ ഓവറിൽ ഇംഗ്ലണ്ടിന് 3 റൺസ് മാത്രമേ നേടാനായുള്ളൂ. 85 പന്തുകളിൽ 109 റൺസെടുത്ത സിവർ പുറത്താവാതെ നിന്നു.

മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ 32 റൺസിനു തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 208 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 175 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കക്കായി 4 വിക്കറ്റ് വീഴ്ത്തിയ അയബോങ ഖാക്കയാണ് കളിയിലെ താരം.

Story Highlights: womens cricket australia won england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here