Advertisement

‘ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം വ്യക്തിപരമായ നഷ്ടം’ : കോടിയേരി ബാലകൃഷ്ണൻ

March 6, 2022
Google News 2 minutes Read
kodiyeri balakrishnan on panakkad thangal

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം വ്യക്തിപരമായ നഷ്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണൻ. മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടു വന്ന് സജീവമായി പ്രവർത്തിച്ചുവന്നിരുന്ന നേതാവിനെയാണ് നഷ്ടമായതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനേയും അനുശോചനം പ്രത്യേകം അറയിക്കുന്നതായും കോടിയേരി പറഞ്ഞു. ( kodiyeri balakrishnan on panakkad thangal )

വ്യക്തിപരമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി അപൂർവ സന്ദർഭങ്ങളിലേ ബന്ധപ്പെടാനുള്ള അവസരം ഉണ്ടായിരുന്നുള്ളുവെന്ന് കോടിയേരി ബലകൃഷ്ണൻ പറഞ്ഞു. കണ്ടുമുട്ടിയപ്പോഴെല്ലാം സ്‌നേഹനിർഭരമായ സമീപനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായതെന്ന് കോടിയേരി പറഞ്ഞു. മസ്‌കറ്റിൽ വച്ചുള്ള പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹത്തിന്റെ പ്രത്യേക സ്‌നേഹവും കരുതിലും അനുഭവിച്ചറിയാൻ സാധിച്ചെന്ന് കോടിയേരി ഓർത്തെടുത്തു.

ഇന്ന് ഉച്ചയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങിയത്. അങ്കമാലി ലിറ്റിൽ ഫഌവർ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വർഷക്കാലമായി പാണക്കാട് തങ്ങൾ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയിൽ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.

12 വർഷമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാസിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

Story Highlights: kodiyeri balakrishnan on panakkad thangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here