യു.പിയില്‍ 100 സീറ്റുകളില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കേ യു.പിയില്‍ 100 സീറ്റുകളില്‍ മുസ്ലിം മതവിഭാഗത്തിന്റെ വോട്ടുകള്‍ നിര്‍ണായകമായേക്കുമെന്ന് വിലയിരുത്തല്‍. 2011ലെ സെന്‍സസനുസരിച്ച് 38,483,967 മുസ്ലിങ്ങളാണ് യു.പിയിലുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 19.30 ശതമാനം വരും. കരുത്തുള്ള ന്യൂനപക്ഷമാണെങ്കിലും യു.പി രാഷ്ട്രീയത്തില്‍ ഇതുവരെ കാര്യമായ സ്ഥാനം നേടിയെടുക്കാന്‍ മുസ്ലിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ബി.ജെ.പിക്കും തീവ്ര വലതുപക്ഷ കക്ഷികള്‍ക്കും ഏറെ വേരോട്ടമുള്ള മണ്ണാണ് യു.പി. 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ യു.പിയിലെ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദുത്വ അജണ്ടയിലേക്കാണ് നീങ്ങിയത്. എന്നാല്‍ ഇത്തവണ യു.പിയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്.
64 മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് 2002ല്‍ യു.പിയില്‍ വിജയിച്ചത്. അതൊഴിച്ചാല്‍ ബാക്കി എല്ലായിപ്പോഴും മുസ്ലിങ്ങള്‍ക്ക് സര്‍ക്കാരില്‍ പ്രാതിനിധ്യം വളരെ കുറവായിരുന്നു. 2017ല്‍ 23 മുസ്ലിം നിയമസഭാംഗങ്ങള്‍ മാത്രമാണ് യു.പിയിലുണ്ടായിരുന്നത്. അതിനിടെ സംസ്ഥാനത്ത് മുസ്ലിം വോട്ടര്‍മാരുടെ പ്രാഥമിക പാര്‍ട്ടിയായി സമാജ്‌വാദി പാര്‍ട്ടി (എസ്.പി) ഉയര്‍ന്നുവന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Read Also : താമര തുടരുമോ? കോൺഗ്രസ് ഭരിക്കുമോ? ഫലം കാത്ത് മണിപ്പൂർ
സുഹൈല്‍ ദിയോ ഭാരതീയ സമാജ് പാര്‍ട്ടി, മഹാന്‍ ദള്‍, പ്രഗതി ഷീല്‍ സമാജ് പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, ജന്‍വാദി പാര്‍ട്ടി എന്നിവരുമായി സഖ്യമുണ്ടാക്കിയ സമാജ്‌വാദി പാര്‍ട്ടി ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത് മുസ്ലിം വോട്ടര്‍മാരെ എസ്.പിയിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
എന്നാല്‍ സമാജ് വാദി പാര്‍ട്ടിയും മുസ്ലിം സമുദായവും തമ്മില്‍ ചില പടലപ്പിണക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും അഖിലേഷ് യാദവ് പ്രചാരണത്തിന് പോയില്ലെന്നതാണ് ഇതില്‍ പ്രധാനം. മുസ്ലിം ജനവിഭാഗത്തിന് ജനസംഖ്യാനുപാതികമായി സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
ബി.എസ്.പി 2017ല്‍ നൂറോളം മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് യുപിയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദ് ഇ മുസ്ലിമീന്‍ പാര്‍ട്ടിയുടെ (എഐഎംഐഎം) പ്രവേശനം യുപി തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഘടകമാണ്. അസദുദ്ദീന്‍ ഒവൈസി നയിക്കുന്ന എഐഎംഐഎമ്മിന് മുസ്ലിങ്ങളുടെ പ്രാതിനിധ്യം ദേശീയ തലത്തില്‍ നേടാനുള്ള പദ്ധതികളാണുള്ളത്. എന്നാല്‍ ഒവൈസിയുടെ പ്രവേശനം മുസ്ലിം വോട്ടുകള്‍ കൂടുതല്‍ ഭിന്നിപ്പിക്കുമെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.
Story Highlights: In UP, Muslim votes are crucial in 100 seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here